പൗരത്വസമരവും പിണറായി സർക്കാരിൻ്റെ ഇരട്ടത്താപ്പും!! കേസുകൾ പിൻവലിക്കാതെ ഒളിച്ചുകളി തുടരുന്നു

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പു കാലത്ത് ഇടത് മുന്നണിയുടേയും മുഖ്യമന്ത്രിയുടെയും പ്രധാന വാഗ്ദാനം പൗരത്വഭേദഗതി ബില്ലിനെതിരെ (CAA) നടന്ന സമരങ്ങളിൽ പങ്കെടുത്തവർക്കെതിരെ എടുത്ത പൊലീസ് കേസുകളെല്ലാം പിൻവലിക്കും എന്നായിരുന്നു. വർഷം അഞ്ചു കഴിഞ്ഞിട്ടും കേസുകൾ പിൻവലിക്കാതെ സർക്കാർ ഉരുണ്ടുകളിക്കുകയാണെന്ന് നിയമസഭാരേഖകൾ വ്യക്തമാക്കുന്നു. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ വാഗ്ദാനം പാലിക്കാത്തതിൽ അമർഷം പുകയുകയാണ്.

2021-ലെ നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് പൗരത്വഭേദഗതി പ്രതിഷേധക്കാർക്കെതിരെയുള്ള കേസുകൾ പിൻവലിക്കുമെന്ന് മുഖ്യമന്ത്രി സുപ്രധാന പ്രഖ്യാപനം നടത്തിയത്. മന്ത്രിസഭാ തീരുമാനമായി അവതരിപ്പിക്കുകയും ഉത്തരവിറക്കുകയും ചെയ്ത ഈ പ്രഖ്യാപനം അഞ്ച് വർഷം പിന്നിടുമ്പോൾ എവിടെയെത്തി എന്ന് പരിശോധിച്ചാൽ സർക്കാരിൻ്റെ ഇരട്ടത്താപ്പ് വ്യക്തമാകുന്നു. പ്രക്ഷോഭവുമായി ബന്ധപ്പെട്ട് കേരളത്തിലുടനീളം 843 കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഇതിൽ പിൻവലിച്ചത് കേവലം 112 കേസുകൾ മാത്രമാണ്.

ഇക്കഴിഞ്ഞ സെപ്റ്റംബർ 30-ന് നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ മറുപടിയിലാണ് ഈ ഞെട്ടിക്കുന്ന കണക്കുകൾ പുറത്തുവന്നത്. 93 കേസുകൾ രജിസ്റ്റർ ചെയ്ത മലപ്പുറം ജില്ലയിൽ ഒരു കേസുപോലും പിൻവലിച്ചിട്ടില്ല എന്ന് മുഖ്യമന്ത്രിയുടെ കണക്കുകൾ സ്ഥിരീകരിക്കുന്നു. ഇടുക്കി, കാസർഗോഡ്, കൊല്ലം എന്നീ ജില്ലകളിലും ഒരു കേസുകൾ പോലും പിൻവലിച്ചിട്ടില്ല. ​’വാക്കും പഴയ ചാക്കും’ പോലെയായി മുഖ്യമന്ത്രിയുടെ പ്രഖ്യാപനം എന്നാണ് പ്രതിപക്ഷ ആരോപണം.

2021-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ന്യൂനപക്ഷ വോട്ടുകൾ നേടാനുള്ള തന്ത്രം മാത്രമായിരുന്നു കേസ് പിൻവലിക്കൽ പ്രഖ്യാപനമെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. സിഎഎ പ്രക്ഷോഭത്തിൻ്റെ ഭാഗമായി റജിസ്റ്റർ ചെയ്യപ്പെട്ട ഗുരുതര സ്വഭാവമുള്ള കേസുകള്‍ പിന്‍വലിക്കാന്‍ കഴിയില്ല എന്നായിരുന്നു 2024 സെപ്റ്റംബറിൽ ന്യായീകരണമായി മുഖ്യമന്ത്രി പറഞ്ഞത്. മറ്റു കേസുകളിൽ പിൻവലിക്കാനായി അപേക്ഷ ലഭിക്കാത്തവയാണ് ഇനി ബാക്കിയുള്ളതെന്നും വിശദീകരിച്ചിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top