SV Motors SV Motors

സമരം നടത്താൻ കപ്പം തരണമെന്ന് പോലീസ്, പോയി പണി നോക്കട്ടെയെന്ന് പ്രതിപക്ഷം, ഫീസ് അടക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി, ഉത്തരവ് ഇനിയും പിൻവലിച്ചിട്ടില്ല

തിരുവനന്തപുരം: സെക്രട്ടറിയേറ്റുനടയിലടക്കം ഭരണസിരാകേന്ദ്രങ്ങളിൽ സമരവും ജാഥയുമൊക്കെ നടത്താൻ പോലീസിനു പണമൊടുക്കണമെന്ന സർക്കാർ തീരുമാനം ഇടതുപക്ഷ സർക്കാരിനാകെ നാണക്കേടായിമാറി. കമ്മ്യൂണിസ്റ്റ് പാർട്ടികൾ നിരന്തര സമരങ്ങളിലൂടെയാണ് വളർന്നതാണെന്ന മേനിനടിക്കുമ്പോഴാണ് അത്യന്തം ജനാധിപത്യവിരുദ്ധമായ നിലപാട് പിണറായി സർക്കാർ സ്വീകരിച്ചത്. സമരത്തിന് ഫീസൊന്നും ഏർപ്പെടുത്തുന്നില്ലെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞെങ്കിലും ആഭ്യന്തരവകുപ്പിറക്കിയ ഉത്തരവു ഇനിയും പിൻവലിച്ചിട്ടില്ല. ഒരു കാരണവശാലും പണമടയ്ക്കില്ലെന്ന പ്രതിപക്ഷത്തിന്റെ നിലപാടു സർക്കാരിനും പോലീസിനും ഒരുപോലെ തിരിച്ചടിയായി.

യുഡിഎഫിന്റെ ഒരു സമരത്തിനും പണം നൽകാൻ ഉദ്ദേശിക്കുന്നില്ല. സെക്രട്ടറിയേറ്റ് വളയൽ സമരത്തിനും പെർമിഷൻ ഫീസ് നൽകില്ല. അവർ കേസെടുത്ത് ഞങ്ങളുടെ വീടുകൾ ജപ്തി ചെയ്യട്ടേയെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ മാധ്യമങ്ങളോട് പറഞ്ഞത്. കലക്ടറേറ്റ് മാർച്ച് നടത്തണമെങ്കിൽ പൊലീസ് അനുമതിക്ക് 10000 രൂപയും സ്റ്റേഷൻ പരിധിയിൽ 2000 രൂപയും സബ്ഡിവിഷൻ പരിധിയിൽ 4000 രൂപയും നൽകണമെന്നാണ് പറയുന്നത്. ജനകീയ സമരങ്ങളെ സർക്കാർ ഭയപ്പെടുകയാണ്. സമരം ചെയ്യുന്നവരിൽ നിന്നും കാശ് പിരിക്കുന്ന കമ്മ്യൂണിസ്റ്റ് സർക്കാർ ഗംഭീരമാണ്. സമരങ്ങളിലൂടെ വളർന്ന് വന്ന് വിപ്ലവപാർട്ടിയാണെന്ന് പറയുന്നവർ മുദ്രാവാക്യം വിളിച്ചതിന് പൊലീസിനെക്കൊണ്ട് 94 വയസുകാരനായ ഗ്രോ വാസുവിന്റെ വായ പൊത്തിപ്പിടിപ്പിച്ചു. മുഖം തൊപ്പി കൊണ്ട് മറച്ച് പിടിച്ചു. വലതുപക്ഷ സർക്കാർ പോലും ചെയ്യാത്ത കാര്യമാണിത്. എല്ലാക്കാലവും അധികാരത്തിൽ ഇരിക്കാമെന്ന അഹങ്കാരവും പ്രതിപക്ഷ പ്രക്ഷോഭത്തിലുള്ള ഭയവുമാണ് പോലീസ് പെർമിഷന് ഫീസ് ഏർപ്പെടുത്തിയത്. കമ്മ്യൂണിസ്റ്റ് സർക്കാരാണെങ്കിൽ ഇത് പിൻവലിക്കണം. പണം അടച്ച് സമരം ചെയ്യണമെന്ന് പറയാൻ നിങ്ങൾക്ക് നാണമില്ലേ?. യുഡിഎഫിനെ സാമ്പത്തികമായി ഞെരുക്കാനാണ് കോവിഡ് കാലത്ത് വ്യാപകമായി കേസുകളെടുത്തത്. കാശില്ലെങ്കിൽ ബാങ്ക് കൊള്ളയടിക്കാനോ പിടിച്ചുപറിക്കാനോ പോകണം. പെർമിഷൻ ഫീസ് പിരിക്കുന്നത് പിടിച്ചുപറിയാണെന്ന് സതീശൻ പറഞ്ഞു.

വീഡിയോ കാണുക…

സമരത്തിനു പോലീസിനു ഫീസ് അടക്കേണ്ടതില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറയുമ്പോഴും ഇത്തരമൊരു നിലപാട് സ്വീകരിക്കാൻ ആഭ്യന്തരവകുപ്പിനു എങ്ങനെ ധൈര്യംവന്നുവെന്നാണ് ജനങ്ങൾ ചോദിക്കുന്നത്. പ്രതിഷേധിക്കാനുള്ള ജനങ്ങളുടെ അവകാശത്തിനു പണം വാങ്ങുന്ന താരത്തിലേക്ക് ജനാധിപത്യം അധപ്പതിക്കുന്നത് ദൂരവ്യാപകമായ ഫലങ്ങളുളവാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഒരു കമ്മ്യൂണിസ്റ്റു സർക്കാരിനു ഭൂഷണമല്ലാത്ത തീരുമാനമാണ് സർക്കാർ കൈക്കൊണ്ടത്.

മുഖ്യമന്ത്രി നേരിട്ടുഭരിക്കുന്ന ആഭ്യന്തരവകുപ്പിൽ നിന്നാണ് അങ്ങേയറ്റം ജനാധിപത്യ വിരുദ്ധമായ ഉത്തരവുണ്ടായത്. മുഖ്യമന്ത്രിയെ ഇരുട്ടിൽ നിർത്തിക്കൊണ്ടു ഉദ്യോഗസ്ഥർ ഇത്തരം ഉത്തരവുകൾ പുറപ്പെടുവിക്കുകയാണെന്നു പ്രതിപക്ഷം ആരോപിക്കുന്നു. എഫ്ഐആറിനുപോലും പണം വാങ്ങുന്ന തരത്തിലേക്ക് പോലീസ് സേവനങ്ങൾ മാറുന്നത് സാധാരണക്കാരനെ കൂടുതൽ ബുദ്ധിമുട്ടിലാക്കും.

വീഡിയോ കാണുക…

ഈ മാസം 10-ന് ആഭ്യന്തര വകുപ്പ് പുറപ്പെടുവിച്ച ഉത്തരവിൽ സംസ്ഥാന പോലീസ് മേധാവി സമർപ്പിച്ച ശുപാർശകൾ പ്രകാരമാണ് ഇത്തരമൊരു ഉത്തരവുണ്ടായതെന്ന് പറയുന്നുണ്ട്. അടുത്തമാസം ഒന്നുമുതൽ ഈ നിരക്കുകൾ പ്രാബല്യത്തിൽ വരും. തിരുവനന്തപുരം നഗരത്തിൽ പ്രകടനവും ജാഥയും നടത്തുന്നവർ മൂന്നിലധികം സ്റ്റേഷനുകളിൽ പണമടക്കേണ്ടി വരും. സമരങ്ങൾ നടത്താൻ പണം നൽകേണ്ടതില്ലെന്നു മുഖ്യമന്ത്രി പറയുമ്പോഴും ആഭ്യന്തര വകുപ്പിന്റെ ഉത്തരവ് പിൻവലിക്കുന്ന കാര്യം വ്യക്തമാക്കിയിട്ടില്ല.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top