വേടൻ്റെ ഫ്ളാറ്റാകെ കഞ്ചാവുമയം, പിടിച്ചത് പുക ചുരുളുകൾക്കിടയിൽ നിന്ന്… ലഹരിയുപയോഗം ഉറപ്പിച്ച് പൊലീസ് കുറ്റപത്രം

ഡൈനിങ് ടേബിളിന് ചുറ്റുമിരുന്ന് കഞ്ചാവ് വലിക്കുമ്പോഴാണ് വേടനും സംഘവും പിടിയിലായതെന്ന് ഉറപ്പിച്ച് പറഞ്ഞ് പൊലീസ് കുറ്റപത്രം കോടതിയിലെത്തി. വേടൻ എന്ന ഹിരൺദാസ് മുരളിക്കെതിരായ കുറ്റപത്രം സർക്കാർ സമ്മർദ്ദത്തിൽ ആവിയാകുമെന്ന് പ്രതീതി നിലനിൽക്കെയാണ് അന്വേഷണം പൂർത്തിയാക്കി തൃപ്പൂണിത്തുറ ഹിൽപാലസ് പൊലീസ് അന്തിമ റിപ്പോർട്ട് സമർപ്പിച്ചത്.
തൃപ്പൂണിത്തുറ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. വേടൻ അടക്കം ഒമ്പതുപേരെ കഞ്ചാവ് ഉപയോഗിക്കുമ്പോൾ പിടികൂടി എന്നാണ് കുറ്റപത്രത്തിലുള്ളത്. കഞ്ചാവ് പൊടിക്കാനുള്ള ക്രഷറും ചുരുട്ടാനുള്ള പേപ്പറും ത്രാസും അടക്കമാണ് പിടിച്ചെടുത്തത്. ഏപ്രിൽ 28നാണ് കേസെടുത്തത്. അഞ്ച് മാസത്തെ അന്വേഷണത്തിന് ശേഷമാണ് കുറ്റപത്രം സമർപ്പിക്കുന്നത്.
പൊലീസ് സംഘമെത്തുമ്പോൾ വേടന്‍റെ ഫ്ലാറ്റിലെ ഹാൾ നിറയെ പുകയും രൂക്ഷഗന്ധവു ഉണ്ടായിരുന്നു. ബീഡിയിൽ നിറച്ചും ഇവർ കഞ്ചാവ് വലിച്ചു. ലഹരി വാങ്ങിയത് ചാലക്കുടിയിലെ കച്ചവടക്കാരൻ ആഷിഖിൽ നിന്നാണെന്നും കുറ്റപത്രത്തിൽ പറയുന്നു. ആറുഗ്രാം കഞ്ചാവും ഒമ്പതര ലക്ഷം രൂപയും മൊബൈൽ ഫോണുകളും ആണ് കഴിഞ്ഞ ഏപ്രിലിൽ പൊലീസ് പിടിച്ചെടുത്തത്.
തൊട്ടുപിന്നാലെ പുലിപ്പല്ല് ലോക്കറ്റിൻ്റെ പേരിൽ വനംവകുപ്പ് അറസ്റ്റ് ചെയ്തതോടെ ചിത്രമാകെ മാറി. ദളിത് രാഷ്ട്രീയം പാടുന്ന ചെറുപ്പക്കാരനെ വേട്ടയാടുകയാണെന്ന് ഉയർന്ന ആരോപണങ്ങളെ സിപിഎം സെക്രട്ടറിയടക്കം പിന്തുണച്ചതോടെ ഉദ്യോഗസ്ഥർ വെട്ടിലായി. ഇതോടെ വേടൻ്റെ ഗ്രാഫ് ഉയർന്നെങ്കിലും പിന്നാലെ പീഡനക്കേസ് വന്നതോടെയാണ് കയ്യയച്ച് പിന്തുണക്കാൻ ആർക്കും കഴിയില്ലെന്ന സ്ഥിതിയായത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here