പോലീസ് രാഹുൽ മാങ്കൂട്ടത്തിലിന് പിന്നാലെ; ഉടൻ അറസ്റ്റെന്ന് സൂചന

യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിനെ ബലാത്സംഗക്കേസിൽ അറസ്റ്റ് ചെയ്യാൻ പോലീസ് നീക്കം തുടങ്ങി. എഡിജിപി എച്ച് വെങ്കിടേഷിൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം രാഹുലിനെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യുമെന്നാണ് സൂചന. രാഹുലിനായി സംസ്ഥാന വ്യാപകമായി പോലീസ് പരിശോധന ആരംഭിച്ചു.
നിലവിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഒളിവിലാണ്. ഇദ്ദേഹത്തിൻ്റെ സുഹൃത്തുക്കളെയും ബന്ധുക്കളെയും പോലീസ് നിരീക്ഷിച്ചു വരികയാണ്. രാഹുൽ കോയമ്പത്തൂരിൽ ഒളിച്ചു കഴിയാൻ സാധ്യതയുണ്ടെന്ന സംശയത്തിൻ്റെ അടിസ്ഥാനത്തിൽ ഒരു പോലീസ് സംഘം തമിഴ്നാട് കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്.
Also Read : രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വനിതാ നേതാവിന്റെ പരാതി; പ്രിയങ്കാ ഗാന്ധിയുടെ ഇടപെടൽ ആവശ്യപ്പെട്ട് സജ്ന ബി സജൻ
കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘം നിലവിൽ തെളിവുശേഖരണത്തിൻ്റെ ഘട്ടത്തിലാണ്. പരാതിക്കാരി കൈമാറിയ ഡിജിറ്റൽ തെളിവുകൾ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. പുറത്തുവന്ന ശബ്ദരേഖ പ്രതിയുടേതാണോ എന്ന് ഉറപ്പിക്കാൻ ശാസ്ത്രീയമായ ശബ്ദപരിശോധനയും നടത്തും.
യുവതിയെ ചികിത്സിച്ച ഡോക്ടർമാരിൽ നിന്നും വിവരങ്ങൾ തേടുന്ന പോലീസ്, ആശുപത്രി രേഖകളും പരിശോധിച്ചു വരുന്നുണ്ട്. കേസുമായി ബന്ധപ്പെട്ട് ഗുരുതരമായ കണ്ടെത്തലുകളാണ് അന്വേഷണ സംഘം നടത്തിയിരിക്കുന്നത്. രാഹുലുമായി ബന്ധമുള്ള കാലയളവിൽ യുവതിക്ക് അശാസ്ത്രീയമായ അബോർഷൻ നടന്നുവെന്നും, ഇതിനായി വീര്യം കൂടിയ മരുന്നാണ് നൽകിയതെന്നും പോലീസ് കണ്ടെത്തി.
രണ്ടാം മാസത്തിന് ശേഷമാണ് അബോർഷൻ നടത്തിയത്. മെയ് 30 ന് നൽകിയ മരുന്നുകൾക്ക് പിന്നാലെ യുവതിക്ക് ഗുരുതരമായ ബ്ലീഡിങ്ങുണ്ടാവുകയും ആരോഗ്യനില വഷളാവുകയും ചെയ്തിരുന്നു. ഇതേ തുടർന്ന് മാനസികമായി തകർന്ന യുവതി രണ്ട് ആശുപത്രികളിൽ ചികിത്സ തേടിയിരുന്നു.
തനിക്കെതിരെയുള്ള കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് ആരോപിച്ചുകൊണ്ട് രാഹുൽ മാങ്കൂട്ടത്തിൽ തിരുവനന്തപുരം സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിട്ടുണ്ട്. ഈ ഹർജി കോടതി ബുധനാഴ്ച പരിഗണിക്കും. ഗർഭഛിദ്രം സ്വന്തം ഇഷ്ടപ്രകാരമാണ് നടന്നതെന്നും, പരാതി നൽകാൻ മറ്റൊരാൾ യുവതിയെ സമ്മർദ്ദത്തിലാക്കുന്നതിൻ്റെ രേഖകൾ അടക്കം സീൽഡ് കവറിൽ രാഹുൽ കോടതിയിൽ സമർപ്പിച്ചതായാണ് വിവരം.
എന്നാൽ, രാഹുൽ മാങ്കൂട്ടത്തിൽ തനിക്ക് വിവാഹ വാഗ്ദാനം നൽകിയിരുന്നതായി യുവതിയുടെ മൊഴിയിൽ പറയുന്നു. താൻ വിവാഹബന്ധം വേർപെടുത്തിയ വ്യക്തിയായതുകൊണ്ട്, ഒരു കുഞ്ഞുണ്ടായാൽ മാത്രമെ രാഹുലിൻ്റെ വീട്ടുകാർ വിവാഹത്തിന് സമ്മതിക്കൂ എന്ന് വിശ്വസിപ്പിച്ചതിനാലാണ് ഗർഭം ധരിച്ചതെന്നും യുവതി പോലീസിനോട് വ്യക്തമാക്കിയിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here