പോറ്റിയുടെ ജയിൽ മോചനം തടയാൻ പോലീസിന്റെ പുതിയ തന്ത്രം; ജാമ്യം കിട്ടിയാലും പുറത്തിറങ്ങാൻ കഴിയാത്ത രീതിയിൽ പൂട്ടാൻ ശ്രമം

ശബരിമല സ്വർണ്ണക്കൊള്ളക്കേസിലെ മുഖ്യപ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റി ജയിലിൽ നിന്ന് പുറത്തിറങ്ങുന്നത് തടയാൻ നിർണ്ണായക നീക്കങ്ങളുമായി കേരള പോലീസ്. സ്വർണ്ണക്കൊള്ളക്കേസിൽ സ്വാഭാവിക ജാമ്യം ലഭിച്ച് പോറ്റി പുറത്തിറങ്ങാനുള്ള സാധ്യത കണക്കിലെടുത്താണ് പോലീസ് പുതിയ കേസുകൾ ചാർജ് ചെയ്യാൻ ഒരുങ്ങുന്നത്.

റിയൽ എസ്റ്റേറ്റ് ഇടപാടുകളുമായി ബന്ധപ്പെട്ട തട്ടിപ്പുകൾ, ചെക്ക് കേസുകൾ എന്നിവയിലാണ് പോറ്റിക്കെതിരെ പുതിയ നടപടികൾ വരുന്നത്. തിരുവനന്തപുരത്തെ വിവിധ പോലീസ് സ്റ്റേഷനുകളിൽ ഉണ്ണിക്കൃഷ്ണൻ പോറ്റിക്കെതിരെ നേരത്തെ തന്നെ നിരവധി പരാതികൾ ലഭിച്ചിരുന്നു. ഈ പരാതികളിൽ ഉടൻ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അറസ്റ്റ് രേഖപ്പെടുത്താനാണ് നീക്കം. ഇതോടെ, സ്വർണ്ണക്കൊള്ളക്കേസിൽ ജാമ്യം ലഭിച്ചാലും മറ്റ് കേസുകളിൽ പെട്ട് പോറ്റിക്ക് ജയിലിൽ തന്നെ തുടരേണ്ടി വരും.

Also Read : ശബരിമല സ്വർണക്കൊള്ള! കട്ടിളപ്പാളി മാറ്റിയിട്ടില്ലെന്ന് ഉണ്ണികൃഷ്ണൻ പോറ്റി; കുറ്റപത്രം വൈകും

90 ദിവസത്തെ കാലാവധി ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കട്ടിളപാളി കേസിൽ ഉണ്ണിക്കൃഷ്ണൻ പോറ്റി അറസ്റ്റിലായിട്ട് ഫെബ്രുവരി 2-ന് 90 ദിവസം തികയുകയാണ്. 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാൻ സാധിച്ചില്ലെങ്കിൽ പ്രതിക്ക് സ്വാഭാവിക ജാമ്യത്തിന് അർഹതയുണ്ട്. ഇത് തടയുക എന്ന ലക്ഷ്യത്തോടെയാണ് പോലീസ് പഴയ പരാതികൾ പൊടിതട്ടിയെടുക്കുന്നത്.

ഇന്ന് പുനരാരംഭിക്കുന്ന കേരള നിയമസഭാ സമ്മേളനത്തിലും ശബരിമല സ്വർണ്ണക്കൊള്ളക്കേസ് വലിയ പ്രതിഷേധങ്ങൾക്ക് വഴി തെളിച്ചിട്ടുണ്ട്. പ്രതിപക്ഷത്തിന് ആയുധമാകാതിരിക്കാൻ കേസന്വേഷണം ഊർജ്ജിതമാക്കാനും പ്രതിയെ ജയിലിനുള്ളിൽ തന്നെ നിർത്താനും ആഭ്യന്തര വകുപ്പ് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. കേസിൽ നേരത്തെ ജയിലിൽ നിന്ന് പുറത്തിറങ്ങിയ മുരാരി ബാബുവിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് അയക്കാനിരിക്കെയാണ് പോറ്റിക്കെതിരെയുള്ള പോലീസിന്റെ ഈ പുതിയ നീക്കം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top