ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ വെടി പൊട്ടി; സുരക്ഷാവീഴ്ച സ്ഥിരമായോ?

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ സുരക്ഷാവീഴ്ച. സുരക്ഷാ ചുമതലയിലുള്ള കമാന്‍ഡോയുടെ കയ്യിൽ ഉണ്ടായിരുന്ന തോക്കിൽ നിന്നും വെടി പൊട്ടി. ഡ്യൂട്ടി മാറുന്നതിന്റെ ഭാഗമായി തോക്ക് വൃത്തിയാക്കുന്നതിനിടെയാണ് സംഭവം. അപകടങ്ങൾ ഉണ്ടാകാതിരിക്കാൻ സാധാരണയായി നിലത്തേക്ക് തോക്ക് ചൂണ്ടിയാണ് വൃത്തിയാക്കാറുള്ളത്. തറയിലാണ് വെടിയുണ്ട പതിച്ചത്. അതിനാൽ തന്നെ അപകടം ഒഴിവായി. എന്നാലും വെടിയൊച്ച ആശങ്ക ഉണർത്തി. ക്ഷേത്ര സുരക്ഷാ ചുമതലയുള്ള ഡെപ്യൂട്ടി കമാന്‍ഡന്റ് അന്വേഷണം ആരംഭിച്ചു.
അതേസമയം, ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ഉണ്ടാകുന്ന സുരക്ഷാ വീഴ്ചകൾ ഇപ്പോൾ പതിവായിരിക്കുകയാണ്. ഈയിടെയാണ് കണ്ണടയിൽ രഹസ്യ ക്യാമറയുമായി പത്മനാഭസ്വാമി ക്ഷേത്രത്തിൽ ഗുജറാത്ത് സ്വദേശി എത്തിയത്. ഇത് ഏറെ ചർച്ചയാവുകയും ചെയ്തു. അഹമ്മദാബാദ് സ്വദേശിയായ സുരേന്ദ്ര ഷായെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. സുരക്ഷാ പരിശോധന കഴിഞ്ഞ് മുന്നോട്ട് നടക്കുമ്പോഴാണ് ഇയാളുടെ കണ്ണടയിൽ ലൈറ്റ് തെളിഞ്ഞത്. ഇത് കണ്ട സുരക്ഷാ ഉദ്യോഗസ്ഥരാണ് ഇദ്ദേഹത്തെ പൊലീസിന് കൈമാറിയത്.
അടുത്തകാലത്ത്, ക്ഷേത്രത്തിൽ നിന്ന് സ്വർണവും കളവ് പോയിരുന്നു. പിന്നീട് ക്ഷേത്രപരിസരത്തുള്ള മണ്ണിൽ നിന്നും ഇത് കണ്ടെടുത്തു. ആരാണ് സ്വർണം മണ്ണിൽ ഇട്ടതെന്ന് പൊലീസിന് ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ക്ഷേത്ര സുരക്ഷാ ഉദ്യോഗസ്ഥരും പൊലീസും ബോംബ് സ്‌ക്വാഡും ചേർന്ന് മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ച് നടത്തിയ തെരച്ചിലാണ് ഈ സ്വർണം കണ്ടെടുത്തത്. ക്ഷേത്രത്തിലെ സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിച്ചിരുന്നു. മോഷണ ശ്രമമാണെന്ന് കരുതുന്നില്ലെന്നും കൂടുതൽ അന്വേഷണം നടത്തും എന്നാണ് ഉദ്യോഗസ്ഥർ അറിയിച്ചത്. കുറച്ചുകാലം മുമ്പ് ക്ഷേത്രത്തിൽ നിന്ന് ഉരുളിയും കളവു പോയിരുന്നു. ഇതും പിന്നീട് കണ്ടെടുത്തിരുന്നു .

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here