സേനയ്ക്ക് നാണക്കേട്! സഹപ്രവർത്തകയോട് മോശമായി പെരുമാറിയ സിവിൽ പോലീസ് ഓഫീസർക്ക് സസ്‌പെൻഷൻ

കൊല്ലത്ത് സഹപ്രവർത്തകയായ പൊലീസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സിവിൽ പോലീസ് ഓഫീസറെ സർവീസിൽ നിന്നും സസ്‌പെൻഡ് ചെയ്തു. നീണ്ടകര കോസ്റ്റൽ പോലീസ് സ്റ്റേഷനിൽ ഡെപ്യൂട്ടേഷനിൽ ജോലി ചെയ്തിരുന്ന നവാസിനെയാണ് സിറ്റി പോലീസ് കമ്മീഷണർ സസ്‌പെൻഡ് ചെയ്തത്.
കഴിഞ്ഞ മാസം ആറാം തീയതി പുലർച്ചെ പാറാവ് ഡ്യൂട്ടി കഴിഞ്ഞ് വിശ്രമമുറിയിലേക്ക് പോയ പൊലീസുകാരിക്ക് നേരെയാണ് നവാസ് അതിക്രമം നടത്തിയത്. തുടർന്ന് പൊലീസുകാരി ഉടൻ തന്നെ സിറ്റി പോലീസ് കമ്മീഷണർക്ക് നേരിട്ട് പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ചവറ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രാഥമിക അന്വേഷണത്തിൽ നവാസ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
സേനയുടെ അന്തസ്സിന് കളങ്കമുണ്ടാക്കുന്ന പ്രവൃത്തിയാണ് ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് സസ്‌പെൻഷൻ ഉത്തരവിൽ പറയുന്നത്. സംഭവത്തിൽ കൂടുതൽ വകുപ്പുതല അന്വേഷണവും നടന്നു വരികയാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here