ഏമാന്‍മാരുടെ കസ്റ്റഡി മര്‍ദ്ദനം ഔദ്യോഗിക കൃത്യനിര്‍വഹണമല്ല; ഹൈക്കോടതി വിധി കാറ്റില്‍പ്പറത്തി പോലീസിന്റെ അഴിഞ്ഞാട്ടം

പോലീസ് സ്റ്റേഷനില്‍ വെച്ച് തല്ലിച്ചതക്കുന്നത് ഔദ്യോഗിക കൃത്യനിര്‍വഹണത്തിന്റെ ഭാഗമല്ലെന്ന കേരള ഹൈക്കോടതിയുടെ സുപ്രധാന വിധി നില നില്‍ക്കുമ്പോഴാണ് നിയമപാലകരുടെ കസ്റ്റഡി മര്‍ദ്ദന പരമ്പരകള്‍ പുറത്തുവരുന്നത്. പോലീസ് സ്റ്റേഷനില്‍ ലോക്കപ്പ് മര്‍ദ്ദനവും പീഡനവും നടത്തുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ക്രിമിനല്‍ നടപടിക്രമത്തിലെ (സിആര്‍പി) 197 വകുപ്പ് പ്രകാരമുള്ള പരിരക്ഷയ്ക്ക് അര്‍ഹതയില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് കഴിഞ്ഞ വര്‍ഷം നവംബര്‍ 27നാണ് ജസ്റ്റിസ് കെ ബാബുവിന്റെ വിധി വന്നത്. ഇത് കാറ്റില്‍ പറത്തിക്കൊണ്ടാണ് ഇടിയന്‍ പോലീസുകാരുടെ അഴിഞ്ഞാട്ടം തുടരുന്നത്.

കസ്റ്റഡി മര്‍ദ്ദനം പാടില്ലെന്ന ഡിജിപി മാരുടെ സര്‍ക്കുലറുകളും അനേകം കോടതി വിധികളും നിലനില്‍ക്കുമ്പോഴാണ് കാക്കിയിട്ടവരുടെ ക്രൂരതകള്‍ ദിനംപ്രതി അരങ്ങേറുന്നത്. എല്ലാ തോന്ന്യാസങ്ങളും ഔദ്യോഗിക കൃത്യ നിര്‍വഹണത്തിന്റെ ഭാഗമാണെന്ന് വ്യാഖ്യാനിച്ചാണ് ഇവര്‍ കസ്റ്റഡി മര്‍ദ്ദനം നടത്തുന്നത്. സിസിടിവിയുടെ മുന്നില്‍ വെച്ചു പോലും തല്ലിച്ചതക്കുന്നതിന് മടിയില്ലാത്ത വിധം സ്റ്റേഷനുകള്‍ ഇടിമുറി കളായി പരിണമിച്ചുവെന്നാണ് സമീപകാല സംഭവങ്ങള്‍ വെളിപ്പെടുത്തുന്നത്. കുന്നംകുളം, പീച്ചി എന്നീ സ്റ്റേഷനുകളില്‍ നടന്ന കസ്റ്റഡി മര്‍ദ്ദനങ്ങളുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്ന പശ്ചാത്തലത്തിലാണ് കഴിഞ്ഞ വര്‍ഷത്തെ ഹൈക്കോടതി വിധി വീണ്ടും ചര്‍ച്ചയാവുന്നത്.

ALSO READ : കോണ്‍ഗ്രസുകാരാ, നിങ്ങള്‍ ഇന്ദുചൂഡനെ ഓര്‍ക്കുന്നുണ്ടോ? പോലീസ് തല്ലിച്ചതച്ച് കാലപുരിക്ക് വിട്ട യൂത്ത് കോണ്‍ഗ്രസ് നേതാവ്

നിലമ്പൂര്‍ സ്റ്റേഷനില്‍ അനീഷ് കുമാറിനേയും പോലീസ് ഉദ്യോഗസ്ഥയായ സഹോദരിയേയും മര്‍ദ്ദിച്ച കേസിലാണ് അന്ന് എസ്‌ഐയായിരുന്ന സി അലവിക്കെതിരെ കോടതി വിധി പുറപ്പെടുവിച്ചത്. നിലമ്പൂര്‍ ഒന്നാം ക്ലാസ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെ വിധിക്കെതിരെ ഡിവൈഎസ്പിയായ അലവി റിവിഷന്‍ പെറ്റീഷനുമായി ഹൈക്കോടതിയെ സമീപിച്ചത്.

മലപ്പുറം എടക്കര മൂത്തേടം സ്വദേശി അനീഷ് കുമാറിനാണ് 2008 ജൂലൈ 28ന് രാത്രി നിലമ്പൂര്‍ പോലീസ് സ്റ്റേഷനില്‍ മര്‍ദ്ദനമേറ്റത്. പൊതുസ്ഥലത്ത് അധിക്ഷേപിച്ചെന്ന് കാട്ടി ഡെയ്‌സി മത്തായി എന്ന വീട്ടമ്മ നല്‍കിയ പരാതിയില്‍ ചോദ്യം ചെയ്യാന്‍ വേണ്ടിയാണ് അനീഷ് കുമാറിനെ സ്റ്റേഷനില്‍ വിളിച്ചു വരുത്തിയത്. രാത്രി പരാതിക്കാരിയും ഭര്‍ത്താവും സ്റ്റേഷനില്‍ വന്ന ശേഷമായിരുന്നു എസ്‌ഐയുടെ മുറിയില്‍ വെച്ച് മര്‍ദിച്ചത്. .അനീഷ് കുമാറിനെ അസഭ്യം പറഞ്ഞ എസ്‌ഐ അലവി യുവാവിന്റെ നെഞ്ചത്ത് മുഷ്ഠി ചുരുട്ടി ഇടിക്കുകയും തല പിടിച്ച് ഭിത്തിയിലിടിക്കുകയും ചെയ്തു. തുടര്‍ന്ന് നെഞ്ചത്തും വയറ്റിലും നാഭിയിലും തൊഴിച്ചു. ഈ സമയം സ്റ്റേഷന് സമീപമുള്ള വനിതാ സെല്ലില്‍ ഡ്യൂട്ടി കഴിഞ്ഞ് സഹോദരനെ കാത്ത് നില്‍ക്കുകയായിരുന്ന അനീഷ് കുമാറിന്റെ സഹോദരിയായ വനിതാ കോണ്‍സ്റ്റബിള്‍ നിഷ മര്‍ദ്ദനം തടയാന്‍ ശ്രമിച്ചപ്പോള്‍ പ്രകോപിതനായ എസ്‌ഐ വനിതാ കോണ്‍സ്റ്റബിളിനെയും മര്‍ദ്ദിച്ചു. അഞ്ച് മാസം ഗര്‍ഭിണിയായിരുന്ന നിഷയെ ഇയാള്‍ വയറ്റത്താണ് തൊഴിച്ചത്. പരിക്കേറ്റ ഇരുവരും താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.

ALSO READ : ‘രാജനെ കൊന്നവരെ സംരക്ഷിച്ച ആളാണ് കരുണാകരൻ’; പോലീസ് അതിക്രമങ്ങളെ പ്രതിരോധിച്ച് സിപിഎം

വീട്ടമ്മയുടെ പരാതി വ്യാജമാണെന്ന് കണ്ടെത്തി പിന്നീട് തള്ളുകയും ചെയ്തിരുന്നു. പോലീസ് മര്‍ദ്ദനത്തിനെതിരെ അനീഷ് കുമാര്‍ നല്‍കിയ സ്വകാര്യ അന്യായത്തില്‍ നിലമ്പൂര്‍ ജുഡിഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ നിര്‍ദ്ദേശപ്രകാരം പിഴയും തടവുശിക്ഷയും കിട്ടാവുന്ന ഐപിസി 294, 323, 324 വകുപ്പുകള്‍ ചുമത്തി നിലമ്പൂര്‍ പോലീസ് സ്റ്റേഷനില്‍ ക്രൈം നമ്പര്‍ 448/2008 കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

സ്റ്റേഷനില്‍ മര്‍ദ്ദനമേറ്റ പരാതിയില്‍ ഡിവൈഎസ്പി അന്വേഷണം നടത്തിയെങ്കിലും എസ്‌ഐയെ സംരക്ഷിച്ചു കൊണ്ട് കേസ് എഴുതിത്തള്ളാന്‍ ശ്രമിച്ചു. അലവിയെ രക്ഷപ്പെടുത്താന്‍ കള്ള സാക്ഷികളുടെ മൊഴി | iരേഖപ്പെടുത്തിയാണ് കേസ് റഫര്‍ ചെയ്തു കളയാന്‍ ശ്രമിച്ചത്. അന്വേഷണത്തിന്റെ ഒരു ഘട്ടത്തിലും വനിതാ കോണ്‍സ്റ്റബിളിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നില്ല. ഇതേത്തുടര്‍ന്ന് അനീഷ് കുമാര്‍ നല്‍കിയ സ്വകാര്യ അന്യായത്തില്‍ നിലമ്പൂര്‍ ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി അലവിയ്ക്ക് നോട്ടീസ് പുറപ്പെടുവിച്ചു. തുടര്‍ന്ന് കോടതിയില്‍ ഹാജരായ ഇയാള്‍ ക്രിമിനല്‍ നടപടി ക്രമത്തിലെ 197 വകുപ്പ് പ്രകാരമുള്ള പരിരക്ഷയ്ക്ക് തനിക്ക് അര്‍ഹതയുണ്ടെന്നും 197 (1) വകുപ്പ് പ്രകാരം സര്‍ക്കാരിന്റെ മുന്‍കൂട്ടിയുള്ള അനുമതി ഇല്ലാതെ മജിസ്‌ട്രേറ്റ് കോടതിയ്ക്ക് തനിക്കെതിരെ നടപടിയെടുക്കാന്‍ സാധിക്കില്ലെന്നും വാദിച്ചു. ‘പബ്ലിക്ക് സെര്‍വന്റ്’ നിര്‍വചനത്തില്‍പ്പെടുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് അവരുടെ ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടെ ഉണ്ടാകുന്ന നടപടികള്‍ക്ക് നിയമ പരിരക്ഷ നല്‍കുന്നതാണ് സിആര്‍പിസി 197. എന്നാല്‍ അലവിയുടെ വാദം തള്ളിയ നിലമ്പൂര്‍ മജിസ്‌ട്രേറ്റ് കോടതി പോലീസ് സ്റ്റേഷനിലെ മര്‍ദ്ദനവുമായി ബന്ധപ്പെട്ട് കേസെടുക്കാനുള്ള നടപടികളുമായി മുന്നോട്ടു പോകാന്‍ ഉത്തരവിട്ടു. ഈ ഉത്തരവിന് എതിരെ അലവി നല്‍കിയ റിവിഷന്‍ ഹര്‍ജിയിലാണ് ഹൈക്കോടതി സുപ്രധാന വിധി പുറപ്പെടുവിച്ചത്.

പോലീസ് സ്റ്റേഷനില്‍ പ്രതിയെ മര്‍ദ്ദിക്കുന്നത് ഔദ്യോഗിക കൃത്യനിര്‍വഹണത്തിന്റെ പരിധിയില്‍പ്പെട്ടില്ലെന്ന് മജിസ്‌ട്രേറ്റ് കോടതിയും വ്യക്തമാക്കിയിരുന്നു.
ഔദ്യോഗിക കൃത്യനിര്‍വഹണവുമായി ബന്ധപ്പെട്ട് 2001 ല്‍ സുപ്രീം കോടതി പുറപ്പെടുവിച്ച റിസ്വാന്‍ അഹമ്മദ് ജാവേദ് ഷെയ്ക്ക് v/s ജമാല്‍ പട്ടേല്‍ , കേരള ഹൈക്കോടതി 2010 ല്‍ പുറപ്പെടുവിച്ച മൂസാ വള്ളിക്കാടന്‍ v/s സ്റ്റേറ്റ് ഓഫ് കേരള ഉള്‍പ്പെടെ വിധിന്യായങ്ങള്‍ പരിശോധിച്ച ശേഷമാണ് ഹൈക്കോടതി ജസ്റ്റിസ് ബാബു ഉത്തരവ് പുറപ്പെടുവിച്ചത്. സിആര്‍പിസി 197 (3) വകുപ്പിന്റെ ചുവടുപിടിച്ച് 1997 ഡിസംബര്‍ ആറിന് സംസ്ഥാന ആഭ്യന്തര വകുപ്പ് പുറപ്പെടുവിച്ച 611 35/എ2/77/ നോട്ടിഫിക്കേഷനിലെ വ്യവസ്ഥകളും കോടതി വിശദമായി പരിശോധിച്ചു. അന്വേഷണത്തിന്റെ ഭാഗമായി ഒരാളെ സ്റ്റേഷനില്‍ വിളിച്ചു വരുത്തുമ്പോഴും കസ്റ്റഡിയിലെടുക്കുമ്പോള്‍ നടത്തുന്ന ശാരീരിക പീഡനം പോലീസ് ഉദ്യോഗസ്ഥന്റെ ഔദ്യോഗിക കൃത്യനിര്‍വഹണത്തിന്റെ പരിധിയില്‍പ്പെടില്ലെന്ന് കോടതി വ്യക്തമാക്കി. പോലീസ് ഉദ്യോഗസ്ഥന്‍ ‘പബ്‌ളിക്ക് ഓഡര്‍ ‘ നിലനിര്‍ത്താന്‍ വേണ്ടിയെടുക്കുന്ന നടപടികളും ‘ലോ ആന്‍ഡ് ഓഡര്‍ ‘ നിലനിര്‍ത്താന്‍ ചെയ്യുന്ന നടപടികളും തമ്മില്‍ വ്യത്യാസമുണ്ടെന്നും 197 വകുപ്പിന്റെ പരിരക്ഷ ഇതിനനുസൃതമായി വ്യത്യസ്തപ്പെടുമെന്നും വ്യക്തമാക്കിയ ഹൈക്കോടതി അലവിക്കെതിരായ ജൂഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ് ശരിവെയ്ക്കുകയും റിവിഷന്‍ ഹര്‍ജി തള്ളുകയും ചെയ്തു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top