കളക്ടറെ ‘റീൽ സ്റ്റാർ’ എന്ന് വിളിച്ചു; വിദ്യാർത്ഥികളെ കസ്റ്റഡിയിലെടുത്ത് പോലീസ്

സോഷ്യൽ മീഡിയയിലെ പ്രശസ്തയായ ഐഎഎസ് ഉദ്യോഗസ്ഥയും ബാർമർ ജില്ലാ കളക്ടറുമായ ടിന ദാബിയെ ‘റീൽ സ്റ്റാർ’ എന്ന് വിളിച്ചതിന് വിദ്യാർത്ഥികളെ പോലീസ് കസ്റ്റഡിയിലെടുത്തതായി പരാതി. രാജസ്ഥാനിലെ ബാർമറിലാണ് സംഭവം. എന്നാൽ ഈ ആരോപണങ്ങൾ ടിന ദാബിയും പോലീസും നിഷേധിച്ചു.
ബാർമറിലെ സർക്കാർ ഗേൾസ് കോളേജിൽ പരീക്ഷാ ഫീസ് വർധിപ്പിച്ചതിനെതിരെ എബിവിപി പ്രവർത്തകരായ വിദ്യാർത്ഥികൾ പ്രതിഷേധം നടത്തിയിരുന്നു. ഈ വിഷയം സംസാരിക്കാൻ കളക്ടറെ കാണണമെന്ന് വിദ്യാർത്ഥികൾ ആവശ്യപ്പെട്ടു. ഈ സമയത്ത് ഒരു ഉദ്യോഗസ്ഥൻ ടിന ദാബി വിദ്യാർത്ഥികൾക്ക് റോൾ മോഡൽ ആണെന്ന് പറഞ്ഞു. ഇതിനോട് വിയോജിച്ച വിദ്യാർത്ഥികൾ, ‘കളക്ടർ ഞങ്ങളുടെ റോൾ മോഡലല്ല, അവർ വെറുമൊരു റീൽ സ്റ്റാർ ആണ്. എല്ലായിടത്തും പോയി റീൽസ് ഉണ്ടാക്കാനാണ് അവർക്ക് താല്പര്യം, വിദ്യാർത്ഥികളുടെ പ്രശ്നങ്ങൾ കേൾക്കാൻ അവർക്ക് സമയമില്ല’ എന്ന് വിളിച്ചുപറഞ്ഞു. ഇതിന് പിന്നാലെ പോലീസ് ബലംപ്രയോഗിച്ച് സ്റ്റേഷനിലേക്ക് കൊണ്ടുപോയെന്നാണ് വിദ്യാർത്ഥികളുടെ ആരോപണം.
എന്നാൽ, ആരെയും അറസ്റ്റ് ചെയ്യുകയോ കസ്റ്റഡിയിലെടുക്കുകയോ ചെയ്തിട്ടില്ലെന്ന് ടിന ദാബി വ്യക്തമാക്കി. ‘ഫീസ് വർധനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിച്ചതാണ്. എന്നിട്ടും ചില വിദ്യാർത്ഥികൾ റോഡ് ഉപരോധിക്കുകയും പ്രശ്നങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുകയും ചെയ്തു. അവരെ കാര്യങ്ങൾ സംസാരിച്ച് ബോധ്യപ്പെടുത്താനാണ് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. രണ്ട് മണിക്കൂറിന് ശേഷം അവർ മടങ്ങിപ്പോയി. തന്നെ അപമാനിക്കാനും കുറഞ്ഞ ചിലവിൽ പ്രശസ്തി നേടാനുമാണ് സോഷ്യൽ മീഡിയയിൽ ഇത്തരം പ്രചരണങ്ങൾ നടത്തുന്നത്,’ ഇന്നും അവർ പറഞ്ഞു.
വിദ്യാർത്ഥികളെ കസ്റ്റഡിയിലെടുത്തതിനെതിരെ ശിവസേന എംപി പ്രിയങ്ക ചതുർവേദി ഉൾപ്പെടെയുള്ളവർ രംഗത്തെത്തി. ഉദ്യോഗസ്ഥരുടെ അസഹിഷ്ണുതയാണിതെന്ന് അവർ കുറ്റപ്പെടുത്തി. അഭിപ്രായസ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റമാണ് ഇതെന്നാണ് എബിവിപിയുടെ നിലപാട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here