റീൽസ് എടുക്കാൻ ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്തു; ട്രാഫിക് എസ്ഐക്ക് സസ്പെൻഷൻ

ഡ്യൂട്ടിക്കിടെ പോലീസ് വാഹനം ഉപയോഗിച്ച് സോഷ്യൽ മീഡിയ റീൽസ് ചിത്രീകരിച്ച ട്രാഫിക് സബ് ഇൻസ്പെക്ടറെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു. ജമ്മു കാശ്മീരിലെ പൂഞ്ച് ജില്ലയിലുള്ള മുഗൾ റോഡിലായിരുന്നു സംഭവം. ട്രാഫിക് സെക്ടർ ഓഫീസറായ ഗുൽ ഷെറാസിനെതിരെയാണ് നടപടി എടുത്തത്.

മഞ്ഞ് മൂടിക്കിടക്കുന്ന പീർ കി ഗലി മേഖലയിലൂടെ ഓടിക്കൊണ്ടിരുന്ന പോലീസ് ജീപ്പിന്റെ മുൻവാതിൽ തുറന്നിട്ട് അതിന് പുറത്തേക്ക് തൂങ്ങിക്കിടന്നാണ് ഇയാൾ വീഡിയോ എടുത്തത്. കനത്ത മഞ്ഞുവീഴ്ചയും അപകടസാധ്യതയും നിലനിൽക്കുന്ന റോഡിൽ നിയമം പാലിക്കേണ്ട ഉദ്യോഗസ്ഥൻ തന്നെ ഇത്തരത്തിൽ പെരുമാറിയത് വലിയ വിമർശനങ്ങൾക്ക് വഴിതെളിച്ചിരുന്നു. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് അധികൃതർ നടപടിയെടുത്തത്.

എസ്ഐ ഗുൽ ഷെറാസിനെ സസ്പെൻഡ് ചെയ്തു. ഇയാൾക്കെതിരെ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടു. എഎസ്ഐ അനിൽ കുമാറിനെ മുഗൾ റോഡിലെ പുതിയ ട്രാഫിക് സെക്ടർ ഓഫീസറായി നിയമിച്ചു. ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്ന കാര്യത്തിൽ ഉദ്യോഗസ്ഥനെന്നോ സാധാരണക്കാരനെന്നോ വ്യത്യാസമില്ലെന്നും, സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും എസ്എസ്പി ഫാറൂഖ് ഖൈസർ അറിയിച്ചു. മഞ്ഞുവീഴ്ചയുള്ള അപകടകരമായ റോഡുകളിൽ ഡ്രൈവിംഗിനിടെ പൊതുജനങ്ങളുടെ സുരക്ഷ അപകടത്തിലാക്കുന്ന ഇത്തരം പ്രവണതകൾ വച്ചുപൊറുപ്പിക്കില്ലെന്ന് പോലീസ് വ്യക്തമാക്കി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top