‘നൈനാൻസ് വേൾഡ്’നു വിരാമം; കാർട്ടൂണിസ്ററ് അജിത് നൈനാൻ അന്തരിച്ചു
മൈസൂർ: രാഷ്ട്രീയ വിഷയങ്ങൾ പ്രമേയമാക്കിയ പ്രശസ്ത കാർട്ടൂണിസ്റ്റ് അജിത് നൈനാൻ അന്തരിച്ചു. 68 വയസ്സായിരുന്നു. മൈസൂരിലെ വസതിയിലായിരുന്നു അന്ത്യം. ഇന്ത്യ ടുഡേ, ഔട്ലൂക്, ടൈംസ് ഓഫ് ഇന്ത്യ എന്നീ മാധ്യമസ്ഥാപനങ്ങളിൽ പതിറ്റാണ്ടുകളിലൂടെ വരയുടെ തട്ടകം തീർത്തയാളാണ് ഇദ്ദേഹം.
കുട്ടികളുടെ മാസികയായ ടാർഗറ്റിലെ ‘ഡിറ്റക്റ്റീവ് മൂച് വാല’ യാണ് ഇതിൽ പ്രധാനപ്പെട്ടത്. ടൈംസ് ഓഫ് ഇന്ത്യയിലെ ‘നൈനാൻസ് വേൾഡ്’ സീരീസ് പ്രശസ്തമാണ്. രാഷ്ട്രീയ വിഷയങ്ങൾക്കപ്പുറം സാമൂഹിക വിഷയങ്ങൾ ഹാസ്യാത്മകമായി അവതരിപ്പിച്ച് ലോക ശ്രദ്ധനേടിയ വ്യക്തിയാണ് നൈനാൻ.
ഐക്യരാഷ്ട്ര സഭയുടെ കീഴിലുള്ള ഐപിഎസ്സിന്റെ സമ്മേളനങ്ങളിൽ അവരിറക്കുന്ന പത്രങ്ങളുടെ ഔദ്യോഗിക കാർട്ടൂണിസ്റ്റായി ഇദ്ദേഹം പ്രവർത്തിച്ചിരുന്നു.1986-ൽ മാധ്യമപ്രവർത്തനത്തിനുള്ള സംസ്കൃതി അവാർഡ് ലഭിച്ചു. 1955 ൽ ആന്ധ്രാ പ്രാദേശിലായിരുന്നു ജനനം. പ്രശസ്ത കാർട്ടൂണിസ്ററ് അബു എബ്രഹാമിന്റെ അനന്തരവനാണ് ഇദ്ദേഹം.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here