സ്ത്രീധനം കൊടുക്കാൻ വിധിക്കപ്പെട്ട സ്ത്രീകൾ സ്വന്തം ആൺമക്കളെ ‘പൊന്മാൻ’ കാണിക്കണം… ഹൃദയംതൊട്ട കുറിപ്പുമായി വിദേശ മലയാളി

“നൂറു കിലോ ഭാരമുള്ള ഒരു ചാക്ക് ചുമന്നാൽ 60 പൈസ കിട്ടുന്ന കാലത്ത്, ഒരു പവന് മൂവായിരത്തി ഒരുന്നൂറു രൂപ വിലയുണ്ടായിരുന്ന കാലത്ത്, പത്ത് പവൻ സ്വർണവും പതിനായിരം രൂപയും സ്ത്രീധനം നൽകിയാണ്, കൂലിപ്പണിക്കാരനായ എന്റെ ബാപ്പ എന്റെ ഇത്തയുടെ കല്യാണം നടത്തിയത്….” ഇങ്ങനെ സ്വന്തം ജീവിതം പറഞ്ഞ് തുടങ്ങുന്ന പോസ്റ്റിൽ പക്ഷെ ഈ സ്ത്രീധന ഇടപാടിനെ ഒരിടത്തും പ്രോത്സാഹിപ്പിക്കുന്നില്ല. പകരം സ്ത്രീധനം വാങ്ങി വിവാഹം ചെയ്യുന്നവരുടെ നെഞ്ചിൽ കൊള്ളുന്ന ചില സ്വന്തം അനുഭവങ്ങളാണ് പറയുന്നത്.

വിയർപ്പിൻ്റെ അസുഖം ഉണ്ടായിരുന്ന അളിയൻ സ്ത്രീധനമായി കിട്ടിയതും തുലച്ച്, ഒടുവിൽ തൻ്റെ ബാപ്പക്ക് തന്നെ ബാധ്യതയായെന്ന് നാസിർ ഹുസൈൻ പറയുന്നു. “വിയർപ്പിന്റെ അസുഖമുള്ള, സ്ത്രീധനം വാങ്ങുന്ന അളിയന്മാരുടെ കഥയാണ് ജി ആർ ഇന്ദുഗോപന്റെ നാലഞ്ചു ചെറുപ്പക്കാർ എന്ന നോവലിനെ അടിസ്ഥാനമാക്കി എടുത്തിട്ടുള്ള പൊന്മാൻ എന്ന സിനിമ. സിനിമ കാണുമ്പോഴെല്ലാം 1989ൽ നടന്ന എന്റെ ഇത്തയുടെ കല്യാണവും അതിനുശേഷം നടന്ന സംഭവങ്ങളുമാണ് എന്റെ മനസ്സിൽ വന്നത്.” -അമേരിക്കയിലെ ന്യൂ ജഴ്സിയിൽ താമസിക്കുന്ന നാസിർ ഹുസൈൻ കിഴക്കേടത്ത് വിശദീകരിക്കുന്നു.

ഇത്രയും പറഞ്ഞ ശേഷമാണ്, സ്ത്രീധനം വാങ്ങി കല്യാണം കഴിച്ച ഓരോ പുരുഷനും ഈ സിനിമ കാണണമെന്ന് ആവശ്യപ്പെടുന്നത്. സ്ത്രീധനം നൽകാൻ നിർബന്ധിതരായി വിവാഹിതരായ എല്ലാ സ്ത്രീകളും സ്വന്തം ഭർത്താക്കന്മാരേയും ആൺമക്കളെയും ഈ സിനിമ കാണിക്കണമെന്നും പറയുമ്പോൾ സിനിമ നൽകുന്ന സന്ദേശം വ്യക്തമാകുന്നുണ്ട്. സിനിമയിലെ ഒരു ഡയലോഗുണ്ട്, ഹൃദയമുള്ള മനുഷ്യരാണെങ്കിൽ സ്ത്രീധനം വാങ്ങിയ എല്ലാ പുരുഷൻമാരുടെയും നെഞ്ചിൽ തന്നെ അത് കൊള്ളും, സ്പോയ്ലർ ആകുമെന്നുള്ളത് അത് പറയുന്നില്ലെന്നും നാസിർ കുറിയ്ക്കുന്നു.

പൊന്മാനിൽ പ്രധാനവേഷം ചെയ്ത ബേസിൽ ജോസഫിൻ്റെ പ്രകടനം വലിയ പ്രശംസ നേടുന്നുണ്ട്. ബേസിൽ ജോസഫ് എല്ലാ സിനിമകളിലും ബേസിൽ ആയിട്ട് തന്നെയായിരുന്നു അഭിനയിച്ചിരുന്നത്, എന്നാലിതിൽ പൂർണമായും കഥാപാത്രമായി മാറിയ ബേസിലിന്റെ അഭിനയം, ഉലയിലെ പൊന്നുപോലെ ഊതിതിളങ്ങിയിട്ടുണ്ട് എന്നും അഭിപ്രായപ്പെടുന്നു. കലാസംവിധായകൻ ആയിരുന്ന ജോതിഷ് ശങ്കറാണ് പൊന്മാൻ സംവിധാനം ചെയ്തത്. അജിത് വിനായക ഫിലിംസാണ് നിർമ്മാണം. ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് റീലീസ് ചെയ്തത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top