പുതിയ മാര്‍പാപ്പ പേപ്പല്‍ കൊട്ടാരത്തിലേക്ക് മാറിയേക്കും; വസതിമാറ്റം സുരക്ഷ പരിഗണിച്ചെന്ന് സൂചന

പോപ്പ് ലിയോ പതിനാലാമന്‍ (Pope Leo XIV) പാപ്പമാര്‍ സ്ഥിരമായി താമസിക്കുന്ന അപ്പോസ്തോലിക് ( Apostolic Palace) കൊട്ടാരത്തില്‍ താമസിക്കാൻ സാധ്യത. ഫ്രാന്‍സിസ് മാര്‍പ്പാപ്പ താമസിച്ചിരുന്ന കാസ സാന്ത മാര്‍ത്ത (Casa santa Marta) ഗസ്റ്റ് ഹൗസ് സുരക്ഷാ കാരണങ്ങളാൽ പുതിയ പോപ്പ് ഒഴിവാക്കിയേക്കും എന്നാണ് വത്തിക്കാനില്‍ നിന്ന് വരുന്ന സൂചനകള്‍. 12 വര്‍ഷക്കാലം പോപ്പ് ഫ്രാന്‍സിസ് താമസിച്ചിരുന്നത് ഈ സാധാരണ വസതിയിലായിരുന്നു. പരമ്പരാഗതമായി മാര്‍പാപ്പമാര്‍ താമസിച്ചിരുന്ന കൊട്ടാരത്തില്‍ തന്നെ തുടരാനാണ് പുതിയ പോപ്പിന്റേയും തീരുമാനമെന്ന് കാതലിക് ന്യൂസ് ഏജന്‍സി (Catholic News Agency – CNA) റിപ്പോര്‍ട്ട് ചെയ്യുന്നു.
ദരിദ്രരുടെ പ്രതിനിധിയായി സ്വയം കല്‍പിച്ചിരുന്ന ഫ്രാന്‍സിസ് മാര്‍പാപ്പ പേപ്പല്‍ കൊട്ടാരം വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. സുഖസൗകര്യങ്ങള്‍ ത്യജിച്ച് വത്തിക്കാന്‍ ഗസ്റ്റ്ഹൗസില്‍ എളിമയുള്ള ജീവിതമായിരുന്നു അദ്ദേഹം നയിച്ചിരുന്നത്. എന്നാല്‍ ലിയോ പതിനാലാമന്‍ മാര്‍പാപ്പമാരുടെ കൊട്ടാരമായ അപ്പോസ്‌തോലിക കൊട്ടാരത്തിലേക്ക് മാറുന്നതിന്റെ മുന്നോടിയായി അവിടെ അത്യാവശ്യം മിനുക്ക് പണികള്‍ നടത്തിക്കഴിഞ്ഞു.
പേപ്പല്‍ കൊട്ടാരം എന്നും അറിയപ്പെടുന്ന അപ്പോസ്‌തോലിക കൊട്ടാരം പോപ്പിന്റെ പരമ്പരാഗത വസതിയായി കണക്കാക്കപ്പെടുന്നു. പതിനഞ്ചാം നൂറ്റാണ്ടിലാണ് ഈ കൊട്ടാരം നിര്‍മ്മിച്ചത്. ഉയര്‍ന്ന നവോത്ഥാന ശൈലിയില്‍ വാസ്തുശില്‍പിയായ ഡൊണാറ്റോ ബ്രമാന്റേയാണ് ഇത് നിര്‍മ്മിച്ചത്. പതിനേഴാം നൂറ്റാണ്ടിലാണ് ഇത് പോപ്പുമാരുടെ ഔദ്യോഗിക വസതിയായി മാറുന്നത്. പോപ്പിന്റെ നിരവധി ഓഫീസുകള്‍, മ്യൂസിയങ്ങള്‍, വത്തിക്കാന്‍ ലൈബ്രറി, പ്രശസ്തമായ സിസ്റ്റെന്‍ ചാപ്പല്‍ എന്നിവ ഈ സമുച്ചയത്തിന്റെ ഭാഗമാണ്.
ഒരു ഡസനിലധികം മുറികള്‍, സ്റ്റാഫ് ക്വാര്‍ട്ടേഴ്സ്, റോം നഗരത്തിന്റെ വിശാലമായ കാഴ്ചകള്‍ കാണാവുന്ന മട്ടുപ്പാവ് എന്നിവയെല്ലാം ഈ പെന്റ്ഹൗസ് അപ്പാര്‍ട്ട്‌മെന്റിന്റെ പ്രത്യേകതകളാണ്.
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം മുതല്‍ എല്ലാ മാര്‍പ്പാപ്പമാരും വത്തിക്കാനിലെ അപ്പസ്‌തോലിക് കൊട്ടാരത്തിലായിരുന്നു താമസം. ഫ്രാന്‍സിസ് മാര്‍പാപ്പ ആ പതിവ് തിരുത്തി. കൊട്ടാരം വേണ്ടെന്നുവച്ച് സാന്ത മാര്‍ത്തയിലെ ചെറിയ അപ്പാര്‍ട്‌മെന്റിലായിരുന്നു അദ്ദേഹത്തിന്റെ വാസം. പക്ഷേ അപ്പോഴും സുരക്ഷാ കാരണങ്ങളാല്‍ ഗസ്റ്റ് ഹൗസിന്റെ രണ്ടാം നില പൂര്‍ണമായി ഒഴിപ്പിച്ചിരുന്നു.
സാന്ത മാര്‍ത്തയിലെ 201-ാം നമ്പര്‍ സ്യൂട്ട് ആയിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വസതി. 70 ചതുരശ്ര മീറ്ററാണ് ഈ താമസസ്ഥലത്തിന്റെ വിസ്തീര്‍ണം. കമ്മ്യൂണിറ്റി ലിവിങ്ങിലെ മറ്റ് താമസക്കാരോട് അടുപ്പം പാലിച്ച് ജീവിക്കാന്‍ ആഗ്രഹിച്ചിരുന്നെങ്കിലും പോപ്പിന്റെ ചേമ്പറുകള്‍ക്ക് നിയന്ത്രണങ്ങളും സുരക്ഷാ കാവലും ഉണ്ടായിരുന്നു.
പോപ്പ് ഫ്രാന്‍സിസിന്റെ മാതൃകകള്‍ പിന്തുടരുമെന്ന് അവകാശപ്പെടുന്ന ലിയോ പതിനാലാമന്‍ പേപ്പല്‍ കൊട്ടാരത്തിലേക്ക് മാറുന്നത് വിമര്‍ശനത്തിനിടയാക്കുമോ എന്ന് സന്ദേഹിക്കുന്നവരുമുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here