മുഖം മറയ്ക്കുന്ന ബുര്‍ഖ നിരോധിച്ച് പോര്‍ച്ചുഗല്‍; മതത്തിന്റെ പേരിലുള്ള വസ്ത്രങ്ങള്‍ക്ക് വിലക്ക്; എതിര്‍ത്ത് ഇടതു പാര്‍ട്ടികള്‍

പൊതു ഇടങ്ങളില്‍ മതത്തിന്റേയും ലിംഗത്തിന്റേയും പേരില്‍ മുഖം മറയ്ക്കുന്ന വസ്ത്രധാരണം പൂര്‍ണമായി വിലക്കുന്ന നിയമം പാസാക്കി പോര്‍ച്ചുഗല്‍ പാര്‍ലമെന്റ്. നിയമം ലംഘിക്കുന്നവര്‍ക്ക് 200 മുതല്‍ 4000 യൂറോ വരെ പിഴ ചുമത്തുമെന്ന് ഗാര്‍ഡിയന്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
മുഖം മറയ്ക്കുന്ന അല്ലെങ്കില്‍ മുഖത്തിന്റെ കാഴ്ച തടസപ്പെടുത്തുന്ന വസ്ത്രധാരണം പൊതുസ്ഥലങ്ങളില്‍ പാടില്ലാ എന്നാണ് നിയമത്തിലെ ഏറ്റവും സുപ്രധാന വകുപ്പ്. തല മുതല്‍ പാദം വരെ മറയ്ക്കുന്ന വസ്ത്രങ്ങള്‍ ധരിക്കുന്നത് പൂര്‍ണമായി വിലക്കിയിട്ടുണ്ട്. ആരാധനാലയങ്ങളിലും മറ്റ് വിശുദ്ധ സ്ഥലങ്ങളിലും മുഖം മറയ്ക്കാന്‍ അനുമതി ഉണ്ട്. പോര്‍ച്ചുഗല്ലില്‍ ജോലി ചെയ്യുന്ന വിദേശ രാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികള്‍ക്ക് ഈ നിയമം ബാധകമല്ല.
ALSO READ : ഹിജാബ് വിവാദത്തിൽ പഠനം നിർത്തി വിദ്യാർത്ഥികൾ; പടിയിറങ്ങുന്നത് രണ്ട് കുട്ടികൾ
പ്രസിഡന്റ് മാര്‍സിലോ റിബലോ ഡി സൂസ (Marcelo Rebelo de Sousa) ഇതുവരെ ബില്ലിന് അംഗീകാരം നല്‍കിയിട്ടില്ല. അദ്ദേഹത്തിന് ഈ നിയമം വീറ്റോ ചെയ്യാനും ഭരണഘടനാ കോടതിയുടെ പരിഗണനയ്ക്ക് അയക്കാനും അധികാരമുണ്ട്. ഈ നിയമം പാസാക്കിയാല്‍ ബുര്‍ഖ നിരോധിച്ച ഓസ്ട്രിയ, ഫ്രാന്‍സ്, നെതര്‍ലണ്ട്, ബല്‍ജിയം എന്നീ രാജ്യങ്ങളുടെ പട്ടികയിലേക്ക് പോര്‍ച്ചുഗല്‍ കൂടി വരും.
പോര്‍ച്ചുഗല്‍ ഭരിക്കുന്ന തീവ്ര വലതുപക്ഷ കക്ഷിയായ ചേഗാ പാര്‍ട്ടിയാണ് ഈ നിയമം അവതരിപ്പിച്ചത്. മതത്തിന്റെ പേരില്‍ സ്ത്രീകളെ നിര്‍ബന്ധിച്ച് മുഖം മറയ്ക്കുന്ന സമ്പ്രദായത്തിനെതിരെയാണ് പോര്‍ച്ചുഗല്‍ നിയമം പാസാക്കിയത്. മുസ്ലീം മത വിഭാഗത്തിലുള്ള സ്ത്രീകളെ ലക്ഷ്യമാക്കിയാണ് നിയമം പാസാക്കിയതെന്ന് രാജ്യത്തെ ഇടതു പാര്‍ട്ടികള്‍ ആരോപിക്കുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here