പോസ്റ്റല്‍ വോട്ട് തിരുത്തിയെന്ന് പറഞ്ഞ സുധാകരനെ തള്ളി സിപിഎം; നിയമം നിയമത്തിന്റെ വഴിക്കെന്ന് എംവി ഗോവിന്ദന്‍

തിരഞ്ഞെടുപ്പില്‍ തപാല്‍ വോട്ടുകള്‍ തിരുത്തിയെന്ന പ്രസ്താവന നടത്തിയ ജി സുധാകരന് സിപിഎം പിന്തുണയില്ല. മുതിര്‍ന്ന നേതാവിനെ പൂര്‍ണ്ണമായും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ തള്ളിപ്പറഞ്ഞു. ഇത്തരം പ്രസ്താവനകള്‍ പറയാന്‍ പാടില്ലായിരുന്നു. ജി.സുധാകരനെ പോലെയുള്ളവര്‍ പറയുമ്പോള്‍ ശ്രദ്ധിച്ചു പറയണമെന്നും ഗോവിന്ദന്‍ വ്യക്തമാക്കി.
ജനാധിപത്യം അട്ടിമറിക്കാനുള്ളതല്ല. അത് ഒരിക്കലും സിപിഎം നടത്തിയിട്ടില്ല. അന്നുമില്ല, ഇന്നുമില്ല, നാളെയുമുണ്ടാകില്ല. സുധാകരന് പാര്‍ട്ടി പിന്തുണയുടെ ആവശ്യമില്ല. നിയമം നിയമത്തിന്റെ വഴിക്കു പോകും. അതില്‍ ഒരു ഇടപെടലും ഉണ്ടാകില്ലെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.
പ്രസ്താവന വിവാദമായതോടെ ജി സുധാകരന്‍ തന്നെ പ്രസ്താവന തിരുത്തി രംഗത്ത് എത്തിയിരുന്നു. ലേശം ഭാവന കലര്‍ത്തി പറഞ്ഞതു മാധ്യമങ്ങള്‍ വലിയ വാര്‍ത്തയാക്കിയതാണ് എന്നായുരുന്നു സുധാകരന്‍ ഇതിന് നല്‍കിയ ന്യായീകരണം. തപാല്‍ ബാലറ്റ് തുറന്നു നോക്കിയിട്ടില്ല. അതില്‍ തിരുത്തിയതുമില്ല എന്നും സുധാകരന്‍ പറഞ്ഞു.
സുധാകരനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ജനപ്രാതിനിധ്യ നിയമത്തിലെ ബൂത്തുപിടിത്തം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് ആലപ്പുഴ സൗത്ത് പൊലീസ് കേസെടുത്തത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here