പോറ്റിയെ കേറ്റിയേ… പാട്ടില്‍ മതവികാരം വൃണപ്പെട്ടില്ലെന്ന് ഹിന്ദു ഐക്യവേദി; ഗാനം ജനങ്ങളെ സ്വാധീനിച്ചുവെന്ന് ആര്‍വി ബാബു

‘പോറ്റിയെ കേറ്റിയേ…’ എന്ന പാരഡി ഗാനത്തില്‍ ഹിന്ദുക്കളുടെ മതവികാരം വൃണപ്പെടുത്തുന്ന ഒരു വരി പോലുമില്ലെന്ന് ഹിന്ദു ഐക്യവേദി നേതാവ് ആര്‍വി ബാബു. ‘സ്വര്‍ണം കട്ടത് ആരപ്പാ, സഖാക്കളാണേ അയ്യപ്പാ’ എന്ന വരിയാണ് ജനങ്ങളെ ആകെ സ്വാധീനിച്ചതെന്നും ആര്‍വി ബാബു മാതൃഭൂമി ചാനല്‍ ചര്‍ച്ചയില്‍ തുറന്നടിച്ചത് സിപിഎമ്മിന് വലിയ തിരിച്ചടിയായി. പാരഡി പാട്ടിനെതിരെ കേസെടുത്താല്‍ ഭൂരിപക്ഷ സമുദായം കൂടെ നില്‍ക്കുമെന്ന് സര്‍ക്കാരും സിപിഎമ്മും മോഹിക്കുന്നതിനിടയിലാണ് ഹിന്ദു ഐക്യവേദി പാരഡി പാട്ടുകാര്‍ക്ക് പിന്തുണയുമായി രംഗത്ത് വന്നത്. പരമാവധി ധ്രുവീകരണം സൃഷ്ടിച്ച് മുതലെടുപ്പ് നടത്താമെന്ന് കരുതിയാണ് ഇക്കഴിഞ്ഞ ദിവസം പാട്ടെഴുതിയവര്‍ക്കും പാടിയവര്‍ക്കുമെതിരെ സൈബര്‍ പോലീസ് കേസെടുത്തത്.
‘ഈ ഗവണ്‍മെന്റിന്റെ കീഴില്‍ ദേവസ്വം ബോര്‍ഡും സിപിഎം നേതാക്കന്മാരും ചേര്‍ന്ന് നടത്തിയ ശബരിമല കൊള്ളയെ കൃത്യമായി വരച്ചുകാട്ടുന്ന ഒരു പാട്ടാണിത്. സ്വാഭാവികമായിട്ടും ആ പാട്ടിന് അതിന്റെതായ സ്വീകാര്യത ഉണ്ടാകും. അത് വളരെ വലിയ തോതില്‍ ജനങ്ങള്‍ സ്വീകരിച്ചു എന്നുള്ള കാര്യത്തില്‍ സംശയമൊന്നുമില്ല’ ആര്‍വി ബാബു പറഞ്ഞു. ആര്‍എസ്എസ് ഉള്‍പ്പടെയുള്ള സംഘപരിവാര്‍ സംഘടനകള്‍ ഉള്‍പ്പടെയുള്ള ആരും തന്നെ പാരഡിക്കെതിരെ പ്രതികരിക്കാത്ത ഘട്ടത്തിലാണ് സിപിഎം സര്‍ക്കാര്‍ കേസെടുക്കാന്‍ തുനിഞ്ഞത്.
‘പോറ്റിയെ കേറ്റിയേ.. പാട്ട് മതവികാരം വ്രണപ്പെടുന്നതായിട്ട് കേരളത്തിലെ ഹൈന്ദവ സമൂഹത്തിന് തോന്നിയതായി എപ്പോഴെങ്കിലും ഒരു അഭിപ്രായം കേട്ടിട്ടുണ്ടോ? ഈ പാട്ട് ഇറങ്ങി 15 ദിവസമായി കാണും. വിശ്വാസികളുടെ ഭാഗത്തുനിന്ന് ആരെങ്കിലും ഒരു പരിഭവമോ പരാതിയോ ഉന്നയിച്ചതായിട്ട് എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ? കോണ്‍ഗ്രസുകാര്‍ മാത്രമൊന്നുമല്ല, എല്ലാവരും അത് ഉപയോഗിച്ചിട്ടുണ്ട്. സിപിഎമ്മിനെ എതിര്‍ക്കുന്ന ബിജെപി അടക്കം എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഉപയോഗിച്ച പാട്ടാണ്. അത് ലീഗുകാരന്‍ എഴുതിയ പാട്ടായിരിക്കാം. എന്നാല്‍, എല്ലാവര്‍ക്കും സ്വീകാര്യമാണെങ്കില്‍ എല്ലാവരും എടുത്ത് ഉപയോഗിക്കും. ബിജെപിയുടെ പ്രചരണ യോഗങ്ങളിലൊക്കെ ആ പാട്ട് ഉപയോഗിച്ചിട്ടുണ്ടെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. കാരണം അത് എല്ലാവര്‍ക്കും ഉള്‍ക്കൊള്ളാവുന്ന ഒരു പാട്ടാണെന്നാണ്’ ആര്‍വി ബാബു അഭിപ്രായപ്പെട്ടു.
തിരുവനന്തപുരത്തെ സൈബര്‍ പോലീസ് എടുത്ത കേസില്‍ പാട്ടെഴുതിയ കുഞ്ഞബ്ദുള്ളയാണ് ഒന്നാം പ്രതി. ഡാനിഷ് മലപ്പുറം, സിഎംഎസ് മീഡിയ, സുബൈര്‍ പന്തല്ലൂര്‍ എന്നിവരാണ് മറ്റ് പ്രതികള്‍. തിരുവാഭരണ പാത സംരക്ഷണ സമിതി ജനറല്‍ സെക്രട്ടറി പ്രസാദ് കുഴിക്കാലയാണ് പരാതിക്കാരന്‍. തലസ്ഥാനത്ത് നടക്കുന്ന ഐഎഫ്എഫ്‌കെ ഫിലിംഫെസ്റ്റിവലില്‍ 19 വിദേശ ചിത്രങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നിഷേധിച്ചത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ച അതേ ദിവസമാണ് പാരഡി പാട്ടിനെതിരെ കേരള പോലിസ് കേസെടുത്തത്.
‘ആശയങ്ങളെയും അഭിപ്രായങ്ങളെയും ഹിംസിച്ച് ഇല്ലാതാക്കാന്‍ ശ്രമിക്കുന്നിടത്തോളം ഭീരുത്വം മറ്റൊന്നില്ല. തുറന്ന സംവാദത്തിലാണ് ധീരത. അടിച്ചമര്‍ത്തലിന്റെ സ്വരുപമായ സാമ്രാജ്യത്വത്തിന്റെ ചെരുപ്പ് നക്കിയവരുടെ പിന്‍മുറക്കാരില്‍ നിന്ന് അത് പ്രതീക്ഷിക്കു ന്നിടത്തോളം മൗഢ്യമില്ലല്ലോ’. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ അന്തസത്തക്ക് നിരക്കാത്ത തരത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സിനിമ വിലക്ക് ഏര്‍പ്പെടുത്തിയതിന് എതിരെ പാര്‍ട്ടി പത്രം ദേശാഭിമാനി മുഖപ്രസംഗം എഴുതുമ്പോഴാണ് സിപിഎം സര്‍ക്കാര്‍ പാരഡി പാട്ടിനെതിരെ കേസെടുത്തത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here