പോറ്റിയെ കേറ്റിയേ പാരഡിയില്‍ പൂട്ടാന്‍ നോക്കി, അത് പൊളിഞ്ഞപ്പോള്‍ എഐ ഫോട്ടോ; നാറി നാമാവശേഷമായി പിണറായി പോലീസ്

തദ്ദേശ തിരഞ്ഞെടുപ്പു കാലത്ത് യുഡിഎഫ് പ്രവര്‍ത്തകര്‍ ഹിറ്റാക്കിയ പോറ്റിയെ കേറ്റിയേ എന്ന പാരഡി പാട്ടിന്റെ പേരില്‍ ഗാനരചയിതാവിനേയും പിന്നണിക്കാരേയും അകത്താക്കാന്‍ നോക്കിയ സര്‍ക്കാര്‍ ശ്രമം പൊളിഞ്ഞതിന് പിന്നാലെ എഐ ഫോട്ടോ വിവാദവും തിരിച്ചടിച്ചു. കെപിസിസി രാഷ്ട്രീയകാര്യസമിതി അംഗമായ എന്‍ സുബ്രമണ്യനെ മുഖ്യമന്ത്രിക്കെതിരെ ഫോട്ടോ പ്രചരിപ്പിക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ ഇന്ന് രാവിലെ പോലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ചതും വലിയ വിവാദത്തിനിടയാക്കി.
മുഖ്യമന്ത്രി പിണറായി വിജയനും ശബരിമല സ്വര്‍ണക്കൊള്ളക്കേസ് പ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റിയും ഒരുമിച്ചുള്ള ഫോട്ടോ വക്രീകരിച്ച് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതിന്റെ പേരില്‍ സമൂഹത്തില്‍ കലാപമുണ്ടാക്കാന്‍ ശ്രമിച്ചു എന്ന പേരിലാണ് പോലീസ് കേസെടുത്തത്.

പിണറായി വിജയനും ഉണ്ണിക്കൃഷ്ണന്‍ പോറ്റിയും തമ്മില്‍ ഇത്രമേല്‍ അഗാധമായ ബന്ധം ഉണ്ടാകാന്‍ എന്തായിരിക്കും കാരണമെന്ന കാപ്ഷനോടെയാണ് ഇരുവരും ഒരുമിച്ചു നില്‍ക്കുന്ന ഫോട്ടോകള്‍ കോഴിക്കോട് ജില്ലിയിലെ മുതിര്‍ന്ന നേതാവുമായ എന്‍ സുബ്രമണ്യന്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചത്. കലാപാഹ്വാനം നടത്തി എന്ന് പറഞ്ഞാണ് പോലീസ് ഇന്ന് രാവിലെ വീട്ടിലെത്തി ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. നോട്ടീസ് നല്‍കി പിന്നീട് വിട്ടയച്ചു. ജില്ലയിലെ കോണ്‍ഗ്രസ് നേതൃത്വം ഒന്നടങ്കം സംഘടിച്ചെത്തിയതോടെ ലഹളയ്ക്ക് ആഹ്വാനം നടത്തിയെന്ന പോലീസ് വാദം പൊളിഞ്ഞു. എന്തിനാണ് പോലീസ് ഈ നാടകം കളിച്ചതെന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. മുഖ്യന്ത്രിയുടെ ഓഫീസ് പുറത്തുവിട്ട വീഡിയോയില്‍ നിന്നുള്ള ദൃശ്യമാണ് ഫോട്ടോയാക്കിയതെന്നാണ് സുബ്രമണ്യന്റ വാദം. ഒരു ചിത്രത്തിന്റെ കാര്യത്തില്‍ പിഴവുണ്ടായിട്ടുണ്ട്. അത് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തിരുത്തുകയും ചെയ്തു എന്നാണ് സുബ്രഹ്‌മണ്യന്‍ പറയുന്നത്.

എഐ ഫോട്ടോ കേസിനുണ്ടായ സമാനഗതിയാണ് പോറ്റിയെ കേറ്റിയേ എന്ന പാരഡി ഗാനത്തിന്റെ പേരിലെടുത്ത കേസിനും സംഭവിച്ചത്. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ അപ്പോസ്ഥലന്‍മാരെന്ന് അഭിമാനിക്കുന്ന ഇടതുപക്ഷ സര്‍ക്കാരിന്റെ ഇരട്ടത്താപ്പിനെതിരെ ശക്തമായ പ്രതിഷേധമുയര്‍ന്നതോടെ പോലീസ് കേസന്വേഷണം പൂട്ടി കെട്ടി. തിരുവനന്തപുരം സിറ്റി സൈബര്‍ പൊലീസാണ് കേസെടുത്തത്. കേസില്‍ ഗാനരചയിതാവ് ഉള്‍പ്പെടെ നാല് പേരെ പ്രതി ചേര്‍ത്തു എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top