വിമാനത്തിനുള്ളിൽ ഇനി ചാർജിംഗ് വേണ്ട; പവർ ബാങ്കുകൾ വില്ലനാകുന്നു! പുതിയ വ്യോമയാന നിയമങ്ങൾ അറിയാം

വിമാനയാത്രയ്ക്കിടെ പവർ ബാങ്കുകൾ ഉപയോഗിക്കുന്നതിന് കർശന നിയന്ത്രണമേർപ്പെടുത്തി ഇന്ത്യൻ വ്യോമയാന നിയന്ത്രണ ഏജൻസിയായ ഡിജിസിഎ (DGCA). പവർ ബാങ്കുകളും ലിഥിയം ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഉപകരണങ്ങളും വിമാനത്തിനുള്ളിൽ തീപിടുത്തമുണ്ടാക്കാൻ സാധ്യതയുണ്ടെന്ന കണ്ടെത്തലിനെ തുടർന്നാണ് ഈ സുരക്ഷാ നടപടി.

വിമാനത്തിനകത്ത് മൊബൈലോ മറ്റ് ഉപകരണങ്ങളോ ചാർജ് ചെയ്യാൻ പവർ ബാങ്കുകൾ ഉപയോഗിക്കാൻ പാടില്ല എന്നാണ് നിർദേശം. വിമാനത്തിലെ സീറ്റുകളിലുള്ള ചാർജിംഗ് പോയിന്റുകൾ വഴി പവർ ബാങ്ക് ചാർജ് ചെയ്യുന്നതിനും വിലക്കുണ്ട്. പവർ ബാങ്കുകളും സ്പെയർ ബാറ്ററികളും ഹാൻഡ് ലഗേജിൽ മാത്രമേ കരുതാൻ പാടുള്ളൂ. എന്നാൽ ഇവ സീറ്റിന് മുകളിലെ സ്റ്റോറേജ് ബിന്നുകളിൽ വെക്കാൻ പാടില്ല. ഇവിടെ വെച്ചാൽ തീപിടുത്തമുണ്ടായാൽ പെട്ടെന്ന് തിരിച്ചറിയാൻ പ്രയാസമാണ്. അതിനാൽ ഇവ യാത്രക്കാരുടെ കൈവശം തന്നെ വേണം.

ലിഥിയം ബാറ്ററികൾ അമിതമായി ചൂടാകാനോ തനിയെ തീപിടിക്കാനോ സാധ്യതയുണ്ട്. ലിഥിയം ബാറ്ററികളിലുണ്ടാകുന്ന തീ അങ്ങേയറ്റം അപകടകരവും പെട്ടെന്ന് കെടുത്താൻ കഴിയാത്തതുമാണ്. നിർമ്മാണത്തിലെ പിഴവോ, ബാറ്ററിയുടെ പഴക്കമോ അല്ലെങ്കിൽ അശ്രദ്ധമായി കൈകാര്യം ചെയ്യുന്നതോ മൂലം ഷോർട്ട് സർക്യൂട്ട് ഉണ്ടാകാനും ബാറ്ററി പൊട്ടിത്തെറിക്കാനും സാധ്യതയുണ്ടെന്ന് ഡിജിസിഎ മുന്നറിയിപ്പ് നൽകുന്നു.

പവർ ബാങ്കുകളിൽ നിന്നോ ഇലക്ട്രോണിക് ഉപകരണങ്ങളിൽ നിന്നോ പുകയോ ഗന്ധമോ ഉണ്ടായാൽ അത് പെട്ടെന്ന് തിരിച്ചറിയാൻ ക്യാബിൻ ക്രൂവിന് പ്രത്യേക പരിശീലനം നൽകണം. സുരക്ഷാ നിയമങ്ങളെക്കുറിച്ച് വിമാനത്തിനുള്ളിൽ കൃത്യമായ അനൗൺസ്‌മെന്റുകൾ നടത്തണം. ഉപകരണം ചൂടാകുകയോ പുകയുകയോ ചെയ്താൽ യാത്രക്കാർ ഉടൻ വിവരം അറിയിക്കണം. വിമാനത്താവള കൗണ്ടറുകളിലും ബോർഡിംഗ് ഗേറ്റുകളിലും പവർ ബാങ്ക് ഉപയോഗത്തിന്റെ അപകടസാധ്യതകളെക്കുറിച്ച് ബോർഡുകളും വീഡിയോകളും പ്രദർശിപ്പിക്കണം എന്നിങ്ങനെയുള്ള നിർദ്ദേശങ്ങളാണ് ഡിജിസിഎ വിമാനക്കമ്പനികൾക്ക് നൽകിയിരിന്നത്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വിമാനത്തിനുള്ളിൽ പവർ ബാങ്കിന് തീപിടിച്ച സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ വർഷം ഡൽഹി വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിനുള്ളിൽ പവർ ബാങ്കിന് തീപിടിച്ചത് വലിയ വാർത്തയായിരുന്നു. സിംഗപ്പൂർ എയർലൈൻസ് അടക്കമുള്ള പ്രമുഖ കമ്പനികൾ നേരത്തെ തന്നെ ഇത്തരം നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top