പവർഗ്രൂപ്പ് കോൺഗ്രസിലെന്ന് തെളിഞ്ഞു; ഇപി ജയരാജന് വീഴ്ചപറ്റിയെന്നും എംവി ഗോവിന്ദന്‍
സിപിഎമ്മിൽ പവർഗ്രൂപ്പുണ്ടെന്ന പ്രതിപക്ഷ നേതാവ് വിഡി സതീശൻ്റെ ആരോപണത്തിന് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ്റെ മറുപടി. കോൺഗ്രസിൽ പവർഗ്രൂപ്പ് ഉണ്ടെന്ന് എന്നതിൻ്റെ തെളിവാണ് കോൺഗ്രസ് നേതാവ് സിമി റോസ്ബെൽ ജോൺ ചൂണ്ടിക്കാണിച്ചതെന്ന് അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവടക്കമുള്ള ചിലർ കോൺഗ്രസിലെ പവർഗ്രൂപ്പാണ് എന്നായിരുന്നു മുൻ പി.എസ്.സി.അംഗമായ വനിതാ നേതാവ് പറഞ്ഞത്. പ്രതിപക്ഷ നേതാവിനെ പ്രീതിപ്പെടുത്താൻ പറ്റാത്തതിനാൽ അദ്ദേഹത്തിൻ്റെ ഗുഡ് ബുക്ക്സിൽ ഇല്ലെന്നും അതിനാൽ പദവികൾ നിഷേധിച്ചെന്നും അവർ പറഞ്ഞിരുന്നു.
എൽഡിഎഫ് കൺവീനർ സ്ഥാനത്തുണ്ടായിരുന്ന ഇപി ജയരാജന് വീഴ്ചകൾ സംഭവിച്ചതുകൊണ്ടാണ് അദ്ദേഹത്തെ മാറ്റിയത്. പകരം ചുമതല ടി.പി.രാമകൃഷ്ണന് നല്‍കും. ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറുമായുള്ള കൂടിക്കാഴ്ചയും നടപടിക്ക് കാരണമായി. മാധ്യമങ്ങളോടുള്ള പ്രതികരണത്തിലും അദ്ദേഹത്തിന് വീഴ്ച് പറ്റിയെന്നാണ് സംസ്ഥാന സെക്രട്ടറിയുടെ വിശദീകരണം. ഇപി ജയരാജന്‍ കേന്ദ്ര കമ്മറ്റി അംഗമായി തുടരും. മുന്നണി കൺവീനർ സ്ഥാനത്ത് തുടരുന്നതിൽ പരിമിതികൾ ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ലൈംഗിക പീഡന കേസിൽ പ്രതിയായ കൊല്ലം എംഎൽഎ മുകേഷ് രാജിവയ്ക്കില്ല. സിനിമ നയ രൂപീകരണ സമിതിയിൽ നിന്നും നടനെ ഒഴിവാക്കും. നടി നൽകിയ പരാതിയിൽ നടക്കുന്ന അന്വേഷണത്തിൽ പാർട്ടി എംഎൽഎ എന്ന ആനുകൂല്യം നൽകില്ല. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ 24 ശുപാർശകൾ നടപ്പിലാക്കാനുള്ള നടപടികൾ സർക്കാർ ആരംഭിച്ചിട്ടുണ്ട്. ഇന്ത്യയിൽ ആദ്യമായാണ് സിനിമ മേഖലയിലെ പ്രശ്നങ്ങൾ പഠിക്കാൻ ഒരു കമ്മറ്റിയെ നിയോഗിച്ചതെന്നും അദ്ദേഹം പറഞ്ഞു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here