SV Motors SV Motors

‘ഈ ആര്‍എസ്എസിനെ ഞങ്ങള്‍ക്ക് ഇഷ്ടമാണ്’; ഞങ്ങള്‍ പറഞ്ഞ ആര്‍എസ്എസ് ഇങ്ങനെയല്ല’; കമ്യൂണിസ്റ്റ് നേതാവ് സി.ദിവാകരന്റെ ആര്‍എസ്എസ് പുകഴ്ത്തല്‍; ഞെട്ടലോടെ സിപിഐ നേതൃത്വം

തിരുവനന്തപുരം: ‘ഞങ്ങള്‍ പറഞ്ഞ് പരത്തിയ ആര്‍എസ്എസ് ഇങ്ങനെയായിരുന്നില്ല, ഇതാണ് ആര്‍എസ്എസ് എങ്കില്‍ ഞങ്ങള്‍ക്ക് ഇഷ്ടമാണ്…’ സിപിഐയുടെ മുതിര്‍ന്ന നേതാവും മുന്‍മന്ത്രിയുമായ സി.ദിവാകരന്റെ ആര്‍എസ്എസ് പ്രശംസ കമ്യൂണിസ്റ്റ് കേന്ദ്രങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്. ബിജെപി ജില്ലാ കമ്മറ്റി സംഘടിപ്പിച്ച പി.പി. മുകുന്ദന്‍ അനുസ്മരണത്തിലാണ് ദിവാകരന്‍ ആര്‍എസ്എസിനെ പുകഴ്ത്തി സംസാരിച്ചത്. ഹര്‍ഷാരവത്തോടെയാണ് വേദിയിലുണ്ടായിരുന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ അടക്കമുള്ള നേതാക്കള്‍ കേട്ടിരുന്നത്.

പി.പി.മുകുന്ദനെ ആദ്യം കണ്ട ഓര്‍മ്മകള്‍ പങ്കുവയ്‌ക്കുകയായിരുന്നു സി. ദിവാകരന്‍. ‘മണക്കാട് സിപിഐക്കാരെന്റ സ്ഥലത്ത് ആര്‍എസ്എസ് ശാഖ നടക്കുന്നതറിഞ്ഞ് പ്രവര്‍ത്തകനെ വിളിച്ചുപറഞ്ഞ് ശാഖ നിര്‍ത്തിച്ചു.പിറ്റേന്നു രാവിലെ വെളുത്ത് തുടുത്ത് സുന്ദരനായ പി.പി. മുകുന്ദന്‍ എന്റെ വീട്ടിലെത്തി. വളരെ സൗമ്യമായി പറഞ്ഞു. ശാഖ നടത്താന്‍ തടസ്സം നില്‍ക്കരുത് . ആ സൗമ്യത എന്റെ കുടുംബത്തെപ്പോലും ആകര്‍ഷിച്ചു.

മുകുന്ദന്‍ വന്നപ്പോള്‍ ശരിക്കും ഞാന്‍ ഞെട്ടി. നിസ്സാരമായ പ്രാദേശിക പ്രശ്‌നത്തില്‍ ഇടപെട്ട് ആര്‍എസ്എസിന്റെ വലിയൊരു നേതാവ് വീട്ടിലെത്തുമെന്ന് പ്രതീക്ഷിച്ചില്ല. അദ്ദേഹം പോയപ്പോള്‍ ഭാര്യ ചോദിച്ചത് നിങ്ങള്‍ എന്തിനാണ് ആര്‍എസ്എസ് ശാഖ നിര്‍ത്താന്‍ ശ്രമിക്കുന്നത്. വേറെ പണിയില്ലേ എന്നായിരുന്നു.
ആര്‍എസ്എസിനെ കുറിച്ച് ഞങ്ങള്‍ പറഞ്ഞ് പരത്തിയത് ഇങ്ങനെയായിരുന്നില്ല, ഇതാണ് ആര്‍എസ്എസ് എങ്കില്‍ എനിക്ക് ആര്‍എസ്എസിനെ ഇഷ്ടമാണ്…” സി. ദിവാകരന്‍ പറഞ്ഞു.

രാഷ്‌ട്രീയമായി ഒരിക്കലും ചേരാത്ത വിരുദ്ധചേരിയിലായിരുന്നതിനാല്‍ ഒരിക്കലും അടുത്തു പ്രവര്‍ത്തിച്ചിട്ടില്ല. എങ്കിലും കാണുമ്പോഴൊക്കെ സൗഹൃദം പ്രകടിപ്പിക്കുമായിരുന്നു. ദിവാകരന്‍ പറഞ്ഞു. പൊതുവേദികളില്‍ കാണാതെ പോകാന്‍ ശ്രമിച്ചാല്‍ പേരെടുത്ത് വിളിച്ച് വിശേഷങ്ങള്‍ അന്വേഷിക്കുമായിരുന്നു. ശരിക്കും കമ്മ്യൂണിസ്റ്റുകാരുടെ സംഘടനാ രീതി സ്വീകരിച്ച ആളായിരുന്നു അദ്ദേഹം. പക്ഷേ ഇന്ന് കമ്മ്യൂണിസ്റ്റുകാര്‍ ആ രീതി ഉപേക്ഷിച്ചു-ദിവാകരന്‍ പറഞ്ഞു

Logo
X
Top