‘എന്നെ കുടുക്കിയതാണ്, ആരെങ്കിലും ഒന്ന് സഹായിക്കുമോ?’; മരുഭൂമിയിലെ ദുരിത ജീവിതം പുറത്തുവിട്ട് യുവാവ്

വലിയ സ്വപ്നങ്ങളുമായി സൗദി അറേബ്യയിൽ ജോലിയ്ക്കായി പോയി വഞ്ചിക്കപ്പെട്ട്, മരുഭൂമിയിലെ ആടുവളർത്തൽ കേന്ദ്രത്തിൽ അടിമപ്പണി ചെയ്യേണ്ടി വന്ന ‘ആടുജീവിതത്തിലെ നജീബ്’ എന്ന കഥാപാത്രത്തെ നമ്മളാരും മറന്നുകാണില്ല. അതേ ദുരിത ജീവിതം തന്നെയാണ് സൗദി മരുഭൂമിയിൽ പ്രയാഗ്‌രാജ് സ്വദേശി അനുഭവിക്കുന്നതും. എന്നാൽ, ഒരു ചെറിയ വ്യത്യാസം ഉണ്ട്. ആടുകൾക്ക് പകരം ഒട്ടകങ്ങളാണെന്ന് മാത്രം.

സൗദി അറേബ്യൻ മരുഭൂമിയിൽ ഒറ്റപ്പെട്ട്, നാട്ടിലേക്ക് തിരികെ എത്താൻ സഹായം അഭ്യർത്ഥിച്ചുകൊണ്ട് വീഡിയോ പങ്കുവെച്ച ഉത്തർപ്രദേശിലെ പ്രയാഗ്‌രാജ് സ്വദേശിയായ യുവാവിന്റെ ദുരവസ്ഥയാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. ഇതിലെ ഞെട്ടിക്കുന്ന വസ്തുത എന്തെന്നാൽ, ഇത് വിശ്വസിക്കാൻ അദ്ദേഹത്തിൻ്റെ കുടുംബം പോലും തയ്യാറാവുന്നില്ല എന്നതാണ്.

ഒഴിഞ്ഞുകിടക്കുന്ന മരുഭൂമിയിൽ നിന്ന് കരഞ്ഞുകൊണ്ട് അങ്കിത് ഭാരതീയ എന്ന ഇന്ദ്രജിത്ത് പങ്കുവെച്ച വീഡിയോയാണ് എല്ലാവരുടെയും കണ്ണ് നനയിക്കുന്നത്. ഏകദേശം 1200 സൗദി റിയാൽ (28,000 രൂപ) മാസശമ്പളം വാഗ്ദാനം ചെയ്താണ് ഈ വർഷം ഒക്ടോബർ ഒന്നിന് ഇദ്ദേഹം സൗദിയിലേക്ക് പോയത്. തനിക്ക് വാഗ്ദാനം ചെയ്ത ജോലി നൽകിയില്ലെന്നും, സ്പോൺസർ പാസ്‌പോർട്ട് പിടിച്ചെടുത്ത് ഒട്ടകങ്ങളെ മേയ്ക്കുന്ന ജോലി ചെയ്യാൻ നിർബന്ധിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. താൻ ഭയന്നിരിക്കുകയാണെന്നും എത്രയും പെട്ടെന്ന് അമ്മയുടെ അടുത്തേക്ക് എത്തണമെന്നുമാണ് ഇദ്ദേഹം വീഡിയോയിലൂടെ അപേക്ഷിക്കുന്നത്.

ഭാര്യയായ പിങ്കി, അമ്മാവൻ രാജേഷ് സരോജ് എന്നിവരുടെ നിർബന്ധപ്രകാരമാണ് താൻ വിദേശത്തേക്ക് പോയതെന്നാണ് അദ്ദേഹം ആരോപിച്ചത്. എന്നാൽ ഇന്ദ്രജിത്തിന്റെ ദൂരവസ്ഥ സത്യമാണെന്ന് വിശ്വസിക്കാൻ കുടുംബാംഗങ്ങൾ തയാവാത്തതാണ് ഇതിൽ ഏറെ സങ്കീർണമാകുന്നത്. മകൻ ആദ്യമായി വിദേശത്ത് പോയതിൻ്റെ പരിഭ്രമം കാരണമാണ് ഇങ്ങനെ പെരുമാറുന്നതെന്നും, രണ്ടു വർഷത്തെ വിസാ കാലാവധി പൂർത്തിയാക്കി അവൻ സുരക്ഷിതമായി മടങ്ങിയെത്തുമെന്നുമാണ് അമ്മ രംജു ദേവി പ്രതികരിച്ചത്.

ഭർത്താവ് സ്ഥിരമായി വിളിക്കാറുണ്ടെന്നും, ദേഷ്യത്തിൽ ചിലപ്പോൾ അനാവശ്യമായ കാര്യങ്ങൾ പറയുമെന്നാണ് പിങ്കി പറഞ്ഞത്. എന്നാൽ പാസ്‌പോർട്ട് പിടിച്ചെടുത്തതിനെക്കുറിച്ചോ ജോലിയിലെ മാറ്റത്തെക്കുറിച്ചോ അവർ പ്രതികരിച്ചില്ല. ഇവർക്ക് രണ്ടു മക്കൾ ഉണ്ട്. സംഭവം വിവാദമായതോടെ ഗൾഫ് രാജ്യങ്ങളിലെ തൊഴിലാളികൾ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് ചോദ്യം ഉയരുകയാണ്. നിലവിൽ യുവാവിന്റെ കാര്യത്തിൽ ഇന്ത്യൻ സർക്കാർ പ്രതികരിച്ചിട്ടില്ല.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top