100 ദിവസത്തെ ജയിൽവാസം, 9 മാസം ഗർഭിണി; സൊനാലി ഖാത്തൂണും മകനും സ്വന്തം മണ്ണിലേക്ക് മടങ്ങുന്നു..

ബംഗ്ലാദേശിൽ തടവിലായിരുന്ന ഗർഭിണിയായ ഇന്ത്യൻ വനിത സൊനാലി ഖാത്തൂണിനും അവരുടെ എട്ട് വയസ്സുള്ള മകനും ഇന്ത്യയിലേക്ക് മടങ്ങിവരാൻ അനുമതിയായി. മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിൽ ഇവരെ ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കാൻ നടപടിയെടുക്കാൻ സുപ്രീം കോടതി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഈ തീരുമാനം.

സൊനാലി ഖാത്തൂൺ, മകൻ, ഭർത്താവ് എന്നിവരെ ഡൽഹിയിൽ നിന്ന് പിടികൂടി ബംഗാളി സംസാരിക്കുന്നതിന്റെ പേരിൽ ബംഗ്ലാദേശിലേക്ക് പുറത്താക്കുകയായിരുന്നു. എന്നാൽ ബംഗ്ലാദേശ് അധികൃതർ അനധികൃതമായി രാജ്യത്ത് പ്രവേശിച്ചു എന്നാരോപിച്ച് ഇവരെ ജയിലിലാക്കി. ഏതാണ്ട് 100 ദിവസത്തോളം ഇവർ തടവിൽ കഴിഞ്ഞത്. സൊനാലിയുടെ പൗരത്വം ചോദ്യം ചെയ്തുകൊണ്ട് കേന്ദ്ര സർക്കാർ നൽകിയ ഹർജി സുപ്രീം കോടതിയുടെ പരിഗണനയിലാണ്.

എന്നാൽ, ഒൻപത് മാസം ഗർഭിണിയായ സൊനാലിയുടെ അവസ്ഥ കണക്കിലെടുത്ത്, കേസ് നിലനിൽക്കെ തന്നെ അവരെയും മകനെയും തിരികെ പ്രവേശിപ്പിക്കാൻ സുപ്രീം കോടതി നിർദ്ദേശിച്ചു. ഇവരുടെ പുറത്താക്കൽ നിയമവിരുദ്ധമാണെന്ന് നേരത്തെ കൽക്കട്ട ഹൈക്കോടതി വിധിക്കുകയും ഇന്ത്യൻ പൗരത്വം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.

തൃണമൂൽ കോൺഗ്രസ് എംപി ഉൾപ്പെടെയുള്ളവർ സൊനാലിക്ക് വേണ്ടി നിയമപോരാട്ടം നടത്തുന്നുണ്ട്. ഇവരെ പുറത്താക്കിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണം എന്നും ആവശ്യമുയർന്നിട്ടുണ്ട്. ഡിസംബർ 1ന് ബംഗ്ലാദേശിലെ പ്രാദേശിക കോടതി സൊനാലിക്ക് ജാമ്യം അനുവദിച്ചു. സുപ്രീം കോടതിയുടെ ശക്തമായ ഇടപെടലിനെത്തുടർന്ന് കേന്ദ്ര സർക്കാർ ഇവരെ തിരിച്ചെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു. സൊനാലിയുടെ ഭർത്താവിൻ്റെ പൗരത്വത്തിന്റെ കാര്യത്തിൽ നിയമപരമായ തർക്കം തുടരുന്നതിനാൽ അദ്ദേഹം ബംഗ്ലാദേശിൽ തന്നെ തുടർന്നേക്കും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top