അന്ന് രാഷ്ട്രപതി ഡോളിയിൽ!! ഇന്നിതാ മുർമ്മുവിനായി വാഹനവ്യൂഹം ശബരിമല കയറുന്നു; ആചാരം വഴിമാറുമ്പോള്‍

1970ൽ ശബരിമല സന്ദർശിച്ച മുൻ രാഷ്ട്രപതി വിവി ഗിരിയെ ഡോളിയിൽ ചുമന്നാണ് സന്നിധാനത്ത് എത്തിച്ചത്. ഇപ്പോഴിതാ രാജ്യത്തിൻ്റെ പ്രഥമ വനിതക്കായി, നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ ആചാരം മാറ്റിവച്ച് ഒരു വാഹനവ്യൂഹം തന്നെ മല കയറുന്നു. ഈ മാസം 22ന് ശബരിമലയിലെത്തുന്ന ദ്രൗപദി മുർമ്മുവിനായി പുതിയ ഫോർ വീൽ ഡ്രൈവ് ഗൂർഖ എമർജൻസി വാഹനമാണ് ഒരുക്കിയിട്ടുള്ളത്.
സന്നിധാനത്തേക്ക് നടന്നു പോകാൻ കഴിയാത്ത വരെ ഡോളിയിൽ ചുമന്നുകൊണ്ടു പോവുകയാണ് പതിവ്. ഇതാദ്യമായാണ് പ്രത്യേക വാഹനങ്ങളൊരുക്കി ഒരു വിവിഐപി മല കയറുന്നത്. രാഷ്ട്രപതി കയറുന്ന ഗൂർഖ വാഹനത്തിന് പുറമെ മറ്റ് ആറെണ്ണം കൂടി അനുഗമിക്കും. നാലര കിലോമീറ്ററുള്ള ഇടുങ്ങിയ സ്വാമി അയ്യപ്പൻ റോഡിലൂടെ ട്രാക്ടറിനും ദേവസ്വം, വനം വകുപ്പുകളുടെ ആംബുലൻസുകൾക്കും മാത്രമാണ് പോകാൻ അനുവാദമുള്ളത്.
രാഷ്ട്രപതിയുടെ വാഹനങ്ങൾ സന്നിധാനത്തേക്ക് പോകുന്നതിന് ദേവസ്വം ബോർഡ് പ്രത്യേക യോഗം ചേർന്ന് അനുമതി നൽകിയ വിവരം ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. വാഹനവ്യൂഹത്തിന്റെ ട്രയൽ റൺ ആരംഭിച്ചു. രാഷ്ട്രപതിയും അവരെ അനുഗമിക്കുന്നവരും ഇരുമുടി കെട്ടുമേന്തിയാണ് സന്നിധാനത്ത് എത്തുന്നത്. പതിനെട്ടാം പടിയിൽ മുർമ്മു തേങ്ങ ഉടയ്ക്കും.
ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങൾ മനസിലാക്കാൻ ദേവസ്വം എക്സിക്യുട്ടീവ് ഓഫീസറും തന്ത്രിയുമായി രാഷ്ട്രപതി ഭവൻ നിരന്തരം സമ്പർക്കം പുലർത്തുന്നുണ്ട്. കഴിഞ്ഞ കുറെ നാളുകളായി ആചാര ലംഘനങ്ങൾക്കെതിരെ പ്രതിഷേധങ്ങൾ നടക്കുന്നുണ്ട്. രാഷ്ട്രപതിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് പ്രതിഷേധങ്ങൾ ഉണ്ടാവില്ലെന്ന പ്രതീക്ഷയിലാണ് ദേവസ്വം ബോർഡും സർക്കാരും.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here