Uncategorized

വിവാദങ്ങളിൽ മുങ്ങി വിലക്കയറ്റം; കാണം വിറ്റ് ഓണം ഉണ്ണേണ്ടി വരുമോ?

വിവാദ വാർത്തകൾ പതിവായതോടെ വിലക്കയറ്റ വാർത്തകൾ പതിവ് പോലെ ചർച്ച ചെയ്യപ്പെടാതെ പോവുകയാണ്. ഉപ്പു തൊട്ട് കർപ്പൂരത്തിന് വരെ വില കുതിച്ചു കയറിയിട്ടും സർക്കാർ ഇടപെടലുകൾ ഉണ്ടാകാത്തത് ജനത്തെ വലയ്ക്കുകയാണ്. വിവാദങ്ങൾ തിളയ്ക്കുന്ന നാട്ടിൽ സാധനവില കുത്തനെ ഉയർന്നത് ആരും ഗൗരവമായി എടുക്കാത്തതിൽ പ്രതിഷേധം ഉയരുന്നുണ്ട്. മലയാളികളുടെ അടുക്കളയിലെ പ്രധാനിയായ വെളിച്ചെണ്ണക്കാണ് ഏറ്റവും കൂടുതൽ വില വർദ്ധിച്ചിരിക്കുന്നത്.

Also Read : വെളിച്ചെണ്ണ 600 രൂപ കടക്കുമോ? ഓണത്തിനുള്ള ‘വറ-പൊരി’ ആശങ്കയിൽ

ജനുവരി ആദ്യം ലിറ്ററിന് 200 രൂപയ്ക്ക് താഴെയായിരുന്ന വെളിച്ചെണ്ണ വില ഇന്ന് 450-ഉം കടന്നു. തേങ്ങ വില കിലോയ്ക്ക് നൂറ് രൂപയിലെത്തി. ആറ് മാസത്തിനുള്ളിൽ വെളിച്ചണ്ണയുടെ വില ഇരുന്നൂറ് രൂപയിലേറെയാണ് വർദ്ധിച്ചത്. തേങ്ങയ്ക്ക് നാൽപ്പത് രൂപയോളം കൂടി. തേങ്ങയുടെയും വെളിച്ചെണ്ണയുടെയും ഉപയോഗം കുറച്ച്, രുചിയിൽ വിട്ടുവീഴ്‌ച ചെയ്യാൻ വീടുകളും ഭക്ഷണവിതരണ സ്ഥാപനങ്ങളും ഹോട്ടലുകളും നിർബന്ധിതരാകുകയാണ്. വെളിച്ചെണ്ണയ്ക്കും തേങ്ങയ്ക്കുമുണ്ടായ വില വർദ്ധന മറ്റ് സാധനങ്ങളുടെയും വില കൂടാനും കാരണമായി.

Also Read : പെറോട്ട പൊള്ളുമോ? എണ്ണയ്ക്കും മൈദയ്ക്കും തീവില; തേങ്ങ 70ലേക്ക്; ഓണത്തിന് പിന്നാലെ വിപണിക്ക് തീപിടിക്കുന്നു; നെട്ടോട്ടമോടി പൊതുജനം

വെളിച്ചെണ്ണയ്ക്ക് പകരമായി സൺ ഫ്ളവർ ഓയിലിന്റെയും പാമോയിലിന്റെയും ഉപയോഗം വർദ്ധിച്ചതോടെ അവയ്ക്കും വിലയേറി. വെളിച്ചെണ്ണ ഉപയോഗിച്ചുണ്ടാക്കുന്ന ബേക്കറി ഉത്പ്പന്നങ്ങളുടെ വിലയും മുകളിലേക്ക് തന്നെയാണ്. മുറുക്കിനും പക്കാവടയ്ക്കും കപ്പ വറുത്തതിനുമൊക്കെ ഇരുപത് രൂപയിലധികമാണ് വിലയേറിയത്. വില വർദ്ധനയിൽ ജനം നട്ടംതിരിയുമ്പോൾ വിലക്കുറവിൽ വ്യാജസാധനങ്ങളും വിപണിയിലിറങ്ങിയിട്ടുണ്ട്. ഓണം അടുത്തുവരുന്ന സാഹചര്യത്തിൽ പച്ചക്കറികളുടെയും മറ്റ് പലവ്യഞ്ജന വസ്തുക്കളുടെയും വില കൂടാനാണ് സാധ്യത. ഇക്കണക്കിന് പോയാൽ ഓണസദ്യയ്ക്കും വിലയേറും.

ഇന്ത്യയുടെ റീട്ടെയിൽ പണപ്പെരുപ്പ നിരക്ക് വെറും രണ്ട് ശതമാനത്തിലേക്ക് കുറഞ്ഞപ്പോൾ രാജ്യത്തെ ഏറ്റവും ഉയർന്ന വിലക്കയറ്റനിരക്ക് (6.7%) കേരളത്തിലാണ്. കുറച്ചു മാസങ്ങളായി ഇതാണ് സ്ഥിതി. ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളും വിലക്കയറ്റത്തെ ഫലപ്രദമായി നേരിട്ടപ്പോൾ ജൂണിൽ കേരളത്തിലെ ഉപഭോക്തൃവില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്ക് 6.7 ശതമാനത്തിലെത്തിയത് ആശങ്കാജനകമാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top