12 പ്രിന്‍സിപ്പല്‍മാര്‍ അയോഗ്യര്‍ തന്നെ; കെഎടി ഉത്തരവ് ഹൈക്കോടതി ശരിവെച്ചു

തിരുവനന്തപുരം: യുജിസി ചട്ടങ്ങള്‍ പാലിച്ചല്ല നിയമനമെന്ന് ചൂണ്ടിക്കാട്ടി 12 പ്രിന്‍സിപ്പല്‍മാരെ അയോഗ്യരാക്കിയ കേരള അഡ്മിനിസ്ട്രെറ്റീവ് ട്രിബ്യൂണല്‍ ഉത്തരവ് ഹൈക്കോടതി ശരിവെച്ചു. കെഎടി ഉത്തരവിനെതിരെ പ്രിന്‍സിപ്പല്‍മാര്‍ നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി തള്ളിക്കളഞ്ഞത്. ഒന്‍പത് പേര്‍ സര്‍വീസില്‍ നിന്നും വിരമിച്ചതിനാല്‍ മൂന്നു പേര്‍ മാത്രമാണ് തുടരുന്നത്. കെഎടി ഉത്തരവ് ഹൈക്കോടതി ശരിവെച്ചതോടെ പ്രിന്‍സിപ്പല്‍മാരുടെ താഴെയുള്ള അസോസിയേറ്റ് പ്രൊഫസറുടെ പോസ്റ്റിലേക്ക് ഇവര്‍ക്ക് മാറേണ്ടി വരും.
യുജിസി റെഗുലേഷന്‍ പ്രകാരം സെലക്ഷന്‍ കമ്മറ്റി രൂപീകരിച്ച് യോഗ്യത പരിശോധിക്കാതെയാണ് 2018 വരെ സര്‍ക്കാര്‍ കോളേജുകളില്‍ പ്രിന്‍സിപ്പല്‍മാരെ നിയമിച്ചിരുന്നത്. കേസ് വന്നപ്പോള്‍ കെഎടി ഈ നിയമനങ്ങള്‍ റദ്ദാക്കി. ഇതോടെ പ്രിന്‍സിപ്പല്‍മാര്‍ പുന:പരിശോധന ഹര്‍ജി നല്‍കി.
യുജിസി ചട്ടം അനുസരിച്ചുള്ള നിയമനമാണെങ്കില്‍ ഇവര്‍ക്ക് തുടരാമെന്ന് കെഎടി വിധിച്ചു. ഈ വിധിക്കെതിരെ എകെജിസിടിഎയുടെ മുന്‍ ജനറല്‍ സെക്രട്ടറി കെ.കെ.ദാമോദരന്‍ ഉള്‍പ്പെടെയുള്ളവര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഈ ഹര്‍ജിയാണ് ഹൈക്കോടതി തള്ളിക്കളഞ്ഞത്. സര്‍ക്കാര്‍ കോളേജുകളില്‍ ഗവേണിംഗ് ബോഡി നിലവിലില്ലാത്തതിനാല്‍ സെലക്ഷന്‍ കമ്മറ്റി രൂപീകരിക്കാന്‍ കഴിയില്ലെന്ന വാദമാണ് ഹര്‍ജിയില്‍ ഉന്നയിച്ചത്. എന്നാല്‍ ഈ വാദമാണ് ഹൈക്കോടതി തള്ളിക്കളഞ്ഞത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here