കഴുതപ്പുലിയെപ്പോലെ അണികളെ കൊന്നൊടുക്കുന്ന കോൺഗ്രസുകാർ; പ്രിയങ്ക ഗാന്ധിയുടെ മണ്ഡലത്തിൽ ഗ്രൂപ്പുപോര് രൂക്ഷം

പരസ്പരം കാലുവാരിയും ചതിച്ചും അപവാദം പരത്തിയും കൊന്നൊടുക്കുന്ന വയനാട്ടിലെ കോൺഗ്രസുകാരെ നിലയ്ക്കുനിർത്താൻ കഴിയാതെ കെപിസിസി. പ്രിയങ്കഗാന്ധി പ്രതിനിധീകരിക്കുന്ന മണ്ഡലമായിട്ടു പോലും ഗ്രൂപ്പുവൈരം എല്ലാ സീമകളും ലംഘിച്ച് മുന്നേറുമ്പോഴും പാർട്ടി നേതൃത്വം നിസംഗരായി നിൽക്കുകയാണ്. ഏറ്റവും ഒടുവിൽ മുള്ളൻകൊല്ലി പഞ്ചായത്ത് അംഗവും കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡൻ്റുമായ ജോസ് നെല്ലേടത്തിൻ്റെ ആത്മഹത്യക്കുറിപ്പിൽ നേതാക്കൾക്കെതിരെ രൂക്ഷമായ പരാമർശങ്ങളാണ് ഉള്ളത്. വ്യാഴാഴ്ച വീടിനടുത്തുള്ള കുളത്തിലാണ് ജോസിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

കഴിഞ്ഞ വർഷം ക്രിസ്മസിൻ്റെ തലേന്ന് ഡിസിസി ട്രഷററായിരുന്ന എൻ എം വിജയനും മകനും നേതാക്കളുടെ പേരെഴുതി വെച്ച് ആത്മഹത്യ ചെയ്തതിൻ്റെ ആരോപണ പ്രത്യാരോപണങ്ങൾ ഇനിയും അവസാനിച്ചിട്ടില്ല. ഡിസിസി പ്രസിഡൻ്റ് എൻ ഡി അപ്പച്ചൻ അടക്കമുള്ള നേതാക്കൾ തന്നെ ഇടനിലക്കാരനാക്കി ലക്ഷങ്ങൾ വാങ്ങിയെന്നും താൻ നാട്ടുകാരുടെ മുന്നിൽ കള്ളനായെന്നും വിജയൻ ആരോപിച്ചിരുന്നു. ഐ സി ബാലകൃഷ്ണനെ ഒന്നും, അപ്പച്ചനെ രണ്ടും പ്രതികളാക്കി കേസെടുത്തിരുന്നു. വിജയൻ്റ രണ്ടരക്കോടി രൂപയുടെ ബാധ്യത പാർട്ടി ഏറ്റെടുക്കുമെന്ന് വാഗ്ദാനം നല്കിയെങ്കിലും 20 ലക്ഷം നല്കി പറ്റിച്ചുവെന്നാണ് വിജയൻ്റെ മരുമകൾ ആരോപിക്കുന്നത്.
പുൽപ്പള്ളിയിലെ പ്രാദേശിക കോൺഗ്രസ് നേതാവും വാർഡു പ്രസിഡൻ്റുമായ കാനാട്ടുമലയിൽ തങ്കച്ചനെ കള്ളക്കേസിൽ പെടുത്തി 17 ദിവസം ജയിലിൽ ആക്കിയതിന് പിന്നിലും കോൺഗ്രസിലെ ഗ്രൂപ്പ് വഴക്കാണെന്ന് തെളിഞ്ഞു. തന്നെ ജയിലിലാക്കിയതിന് പിന്നിൽ ജോസ് നെല്ലേടവും എൻഡി അപ്പച്ചനുമാണെന്ന് തങ്കച്ചൻ ആരോപിച്ചിരുന്നു. തങ്കച്ചൻ്റെ വീടിൻ്റെ കാർ പോർച്ചിൽ പാർക്ക് ചെയ്തിരുന്ന കാറിനടിയിൽ നിന്ന് സ്ഫോടകവസ്തുക്കളും മദ്യക്കുപ്പികളും കണ്ടെത്തിയതോടെയാണ് തങ്കച്ചൻ അറസ്റ്റിലായി റിമാൻഡിലായത്. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമുള്ള കേസു ചുമത്തിയാണ് തങ്കച്ചനെ അകത്താക്കിയത്.

കഴിഞ്ഞ മാസം 22നായിരുന്നു തങ്കച്ചന്റെ വീട്ടിലെ കാർ പോർച്ചിൽ നിന്ന് 20 പാക്കറ്റ് കർണാടക മദ്യവും 15 തോട്ടയും കണ്ടെടുത്തത്. ഇതിന് പിന്നാലെയാണ് ഇദ്ദേഹത്തെ പോലീസ് അറസ്റ്റ് ചെയ്ത. തുടർന്ന് തങ്കച്ചൻ നിരപരാധിയാണെന്ന് കാണിച്ച് കുടുംബം പരാതി നൽകിയതോടെ പോലീസ് അന്വേഷണം ഊർജിതമാക്കി. സിസിടിവി ദൃശ്യങ്ങളും ഫോൺ രേഖകളും പരിശോധിച്ചതിന് പിന്നാലെ യഥാർത്ഥ പ്രതിയെ കണ്ടെത്തുകയും, മരക്കടവ് പുത്തൻവീട്ടിൽ പി എസ് പ്രസാദ് പിടിയിലാകുകയും ചെയ്തു. ഇയാൾ കർണാടകയിൽ പോയി ഗൂഗിൾപേയിലൂടെ പണമൊടുക്കി മദ്യം വാങ്ങിയതിന് തെളിവും കിട്ടിയതോടെയാണ് തങ്കച്ചൻ ജയിൽ മോചിതനായത്.
തന്നെ കുടുക്കിയതിന് പിന്നിൽ നെല്ലേടത്ത് ജോസിനും എഡി അപ്പച്ചനും പങ്കുണ്ടെന്ന് തങ്കച്ചൻ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജോസിൻ്റെ ആത്മഹത്യ. സോഷ്യൽ മീഡിയയിൽ ജോസിനെതിരെ കോൺഗ്രസുകാർ ശക്തമായ ആക്രമണം നടത്തിയതും ആത്മഹത്യക്ക് കാരണമായി എന്നാണ് കുടുംബാംഗങ്ങൾ പറയുന്നത്. അധികാരത്തിനും പണത്തിനു വേണ്ടി പരസ്പരം പോരുകോഴികളെപ്പോലെ കൊന്നും കൊല്ലിച്ചും നേതാക്കൾ മുന്നേറുമ്പോൾ പ്രിയങ്ക ഗാന്ധിയടക്കമുള്ള നേതാക്കൾ നിഷ്ക്രിയരായി നിൽക്കയാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here