അസമിൽ പ്രിയങ്ക നയിക്കും; കേരളത്തിലെ സ്ഥാനാർത്ഥി നിർണ്ണയത്തിന് മധുസൂദനൻ മിസ്ത്രി അധ്യക്ഷൻ

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി അഞ്ച് സംസ്ഥാനങ്ങളിലെ സ്ക്രീനിംഗ് കമ്മിറ്റികളെ പ്രഖ്യാപിച്ച് കോൺഗ്രസ്. അസമിലെ സ്ക്രീനിംഗ് കമ്മിറ്റി അധ്യക്ഷയായി പ്രിയങ്ക ഗാന്ധിയെ നിയമിച്ചു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ കരുത്തുറ്റ സാന്നിധ്യമാകാനുള്ള കോൺഗ്രസിന്റെ തന്ത്രപരമായ നീക്കമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.
എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലാണ് ഇത് സംബന്ധിച്ച ഔദ്യോഗിക പത്രക്കുറിപ്പ് ഇറക്കിയത്. അസമിന് പുറമെ കേരളം, തമിഴ്‌നാട്, പുതുച്ചേരി, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലെ കമ്മിറ്റികളെയും പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിലെ സ്ഥാനാർത്ഥി നിർണ്ണയത്തിനുള്ള സ്ക്രീനിംഗ് കമ്മിറ്റി അധ്യക്ഷനായി മുതിർന്ന നേതാവ് മധുസൂദനൻ മിസ്ത്രിയെ നിയമിച്ചു. സയ്യിദ് നസീർ ഹുസൈൻ, നീരജ് ഡാംഗി, അഭിഷേക് ദത്ത് എന്നിവരാണ് കമ്മിറ്റിയിലെ മറ്റ് അംഗങ്ങൾ.
പ്രിയങ്ക ഗാന്ധി അധ്യക്ഷയാകുന്ന സമിതിയിൽ സപ്തഗിരി ശങ്കർ ഉലക, ഇമ്രാൻ മസൂദ്, സിരിവെല്ല പ്രസാദ് എന്നിവർ അംഗങ്ങളാണ്. തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിൽ ടിഎസ് സിംഗ് ദേവ് ആണ് അധ്യക്ഷൻ. യശോമതി താക്കൂർ, ജിസി ചന്ദ്രശേഖർ, അനിൽ കുമാർ യാദവ് എന്നിവരാണ് അംഗങ്ങൾ. പശ്ചിമ ബംഗാളിൽ ബികെ ഹരിപ്രസാദ് അധ്യക്ഷനാകും. മുഹമ്മദ് ജാവേദ്, മംമ്ത ദേവി, ബിപി സിംഗ് എന്നിവരാണ് മറ്റ് അംഗങ്ങൾ.
സ്ഥാനാർത്ഥികളെ കണ്ടെത്തുക, സാധ്യതാ പട്ടിക തയ്യാറാക്കുക, പാർട്ടിക്കുള്ളിലെ ചർച്ചകൾ ഏകോപിപ്പിക്കുക എന്നിവയാണ് ഈ സ്ക്രീനിംഗ് കമ്മിറ്റികളുടെ പ്രധാന ജോലി. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ മികച്ച സ്ഥാനാർത്ഥികളെ കണ്ടെത്താനും വിജയതന്ത്രങ്ങൾ മെനയാനുമുള്ള കോൺഗ്രസിന്റെ പ്രധാന നീക്കത്തിന്റെ ഭാഗമായാണ് കോൺഗ്രസ് ഈ പുതിയ സമിതികളെ പ്രഖ്യാപിച്ചത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here