ക്രിസ്തുവിനെക്കുറിച്ച് പുസ്തകമെഴുതിയ എംപി പോളിനെ തെമ്മാടിക്കുഴിയില്‍ അടക്കിയതിന് എതിരെ വൈദികന്‍; സത്യദീപത്തില്‍ വിവാദ ലേഖനം

മലയാള സാഹിത്യത്തിലെ തലയെടുപ്പുള്ള എഴുത്തുകാരനും വിമര്‍ശകനുമായിരുന്ന പ്രൊഫ എംപി പോളിനെ തെമ്മാടിക്കുഴിയില്‍ അടക്കിയതിനെതിരെ കത്തോലിക്ക വൈദികന്‍. എറണാകുളം- അങ്കമാലി അതിരൂപതയിലെ വൈദികനും വടവാതൂര്‍ സെമിനാരി അധ്യാപകനു മായ ഫാദര്‍ മാര്‍ട്ടിന്‍ ശങ്കൂരിക്കലാണ് സഭയുടെ നിലപാടിനെതിരെ കടുത്ത വിമര്‍ശനം ഉയര്‍ത്തിയത്. അതിരൂപത പ്രസിദ്ധീകരണമായ സത്യദീപത്തിലാണ് എംപി പോളിനോട് സഭ കാണിച്ച അനീതിയെക്കുറിച്ച് ഫാ മാര്‍ട്ടിന്‍ ‘ക്രിസ്താനുകരണ വിവര്‍ത്തകന്‍ എത്തിച്ചേര്‍ന്ന തെമ്മാടിക്കുഴി: സഭയിലെ സാഹിത്യത്തിന്റെ ഇടം’ എന്ന തലക്കെട്ടില്‍ ലേഖനമെഴുതിയത്.

ശാസ്ത്രവസ്തുതകളുടെ പിന്‍ബലത്തില്‍ ദൈവമുണ്ടെന്ന് തെളിയിക്കാന്‍ കഴിയുമെന്ന് സ്ഥാപിക്കുന്ന മലയാളത്തിലെ ആദ്യത്തെ ഗ്രന്ഥങ്ങളിലൊന്നാണ് പ്രൊഫ. പോള്‍ എഴുതിയ ആസ്തിക്യവാദം. തോമസ് അക്കെമ്പിസിന്റെ പ്രസിദ്ധമായ ‘ഇമിറ്റേഷന്‍ ഓഫ് ഓഫ് ക്രൈസ്റ്റ്’ എന്ന വിശ്വപ്രസിദ്ധമായ പുസ്തകത്തിന്റെ വിവര്‍ത്തനമാണ് ആസ്തിക്യവാദം. ക്രിസ്തുവിനെക്കുറിച്ചുള്ള സഭയുടെ പഠിപ്പിക്കലിന് ബലമേകുന്ന പുസ്തക രചയിതാവിനോട് അങ്ങേയറ്റം ദയാരഹിതമായി പെരുമാറി എന്നാണ് ഫാദര്‍ മാര്‍ട്ടിന്‍ എഴുതിയിരിക്കുന്നത്.

‘നിരന്തരം ചോദ്യങ്ങളുമായി ജീവിച്ച പ്രൊഫ എംപി പോളിനെ ജീവിതാവസാനം തെമ്മാടിക്കുഴിയില്‍ ആണ് അടക്കിയത് എന്നുള്ളത് ഭീതിദമായ ഒരു ഓര്‍മ്മയാണ്’ എന്നാണ് ഫാദര്‍ മാര്‍ട്ടിന്‍ എഴുതിയിരിക്കുന്നത്. ആദ്യമായാണ് എംപി പോളിനെ തെമ്മാടിക്കുഴിയില്‍ അടക്കിയതിനെതിരെ ഒരു വൈദികന്‍ പരസ്യമായി രംഗത്ത് വരുന്നത്. പോളിനോട് സ്വീകരിച്ച ഏതാണ്ട് അതേ സമീപനമായിരുന്നു മുന്‍ വിദ്യാഭ്യാസ മന്ത്രിയും എഴുത്തുകാരനുമായ പ്രൊഫ ജോസഫ് മുണ്ടശ്ശേരിയോടും സഭാനേതൃത്വം സ്വീകരിച്ചതെന്ന് മാര്‍ട്ടിന്‍ കുറ്റപ്പെടുത്തുന്നുണ്ട്. മരണശേഷം ഇവരുടെ ലെഗസിയെ സ്ഥാപനപരമായ മുതലെടുപ്പിന് ഉപയോഗിക്കാന്‍ പലര്‍ക്കും മടിയില്ല എന്നത് ചരിത്രത്തിലെ വലിയ ഐറണി ആയി മാറുന്നു എന്നും ലേഖനത്തില്‍ കുറ്റപ്പെടുത്തുന്നുണ്ട്.

ലോകസാഹിത്യത്തില്‍ തന്നെ എഴുത്തുകാര്‍ക്കു വേണ്ടിയുള്ള ആദ്യത്തെ കൂട്ടായ്മകളിലൊന്നായ സാഹിത്യപ്രവര്‍ത്തക സഹകരണസംഘത്തിന്റെ സ്ഥാപക പ്രസിഡന്റ് എന്ന നിലയില്‍ പ്രസിദ്ധനാണ് പ്രൊഫ പോള്‍. ഗാന്ധിജി തൃശ്ശൂര്‍ സന്ദര്‍ശിച്ചപ്പോള്‍ മഹാത്മാഗാന്ധിക്ക് സമര്‍പ്പിച്ച മംഗളപത്രം തയ്യാറാക്കിയത് ഇദ്ദേഹമായിരുന്നു. മംഗളപത്രം വായിച്ച ഗാന്ധിജി അതിന്റെ രചയിതാവിനെ കാണാന്‍ ആഗ്രഹം പ്രകടിപ്പിക്കുകയും ചെന്നുകണ്ട എംപി പോളിനെ അഭിനന്ദിക്കുകയും ചെയ്തത് ചരിത്രമാണ്. വൈക്കം മുഹമ്മദ് ബഷീറിനെയും സിജെ തോമസിനെയും പോലുള്ളവരെ സാഹിത്യത്തിലേക്ക് കൈപിടിച്ചുയര്‍ത്തുകയും ആദ്യകാലത്ത് അവര്‍ക്കു വേണ്ട സഹായസഹകരണങ്ങള്‍ ചെയ്തു കൊടുക്കുകയും ചെയ്ത എംപി പോളിനെ പോലുള്ള മഹാമനസ്‌കനായ ഒരാളാള്‍ അവസാന കാലത്ത് തെമ്മാടിക്കുഴിയില്‍ ഒതുങ്ങേണ്ടിവന്നു എന്നുള്ളത് സാഹിത്യകാരന്മാരോടും ചിന്തകരോടും ഒരുകാലത്ത് സഭയെടുത്ത സമീപനത്തിന്റെ ദൃഷ്ടാന്തമാണെന്നാണ് ഫാദര്‍ മാര്‍ട്ടിന്‍ തുറന്നെഴുതിയിരിക്കുന്നത്.

മലയാള സാഹിത്യത്തിലെ സിംഹഗര്‍ജ്ജനമായിരുന്ന എംപി പോളിനോട് കത്തോലിക്ക സഭ കാണിച്ച നെറികേടിനെതിരെ ഏഴു പതിറ്റാണ്ട് കഴിഞ്ഞപ്പോഴാണ് സഭയിലെ ഒരു പുരോഹിതന് പ്രതികരിക്കാന്‍ തോന്നിയത്. 1952 ജൂലൈ 12ന് 48മത്തെ വയസില്‍ തിരുവനന്തപുരത്ത് വെച്ച് അന്തരിച്ച അദ്ദേഹത്തിന് കത്തോലിക്ക സഭാ വിശ്വാസ പ്രകാരമുള്ള ശവസംസ്‌കാര ശുശ്രൂഷ നിഷേധിക്കുകയും മൃതദ്ദേഹം പാറ്റൂരിലെ പള്ളി സെമിത്തേരിയിലെ തെമ്മാടിക്കുഴിയിലാണ് അടക്കിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top