അന്ന് അടിയന്തരാവസ്ഥയെ വാഴ്ത്തി, ഇന്നിപ്പോൾ ബിജെപിയെ സുഖിപ്പിക്കാൻ തിരിച്ചും… ഓന്തിനെ നാണിപ്പിക്കും തരൂരിൻ്റെ നിലപാടുകൾ

തരാതരം പോലെ നിലപാടും നയങ്ങളും മാറ്റുന്നവരെക്കുറിച്ച് നമ്മുടെ ഭാഷയിലെ ഏറ്റവും അനുയോജ്യമായ പ്രയോഗമാണ് ‘അഴകിയവനെ കാണുമ്പോള്‍ അപ്പാ’ എന്നു വിളിക്കുന്നവന്‍ എന്നത്. കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അംഗം ഡോ ശശി തരൂരിന്റെ സമീപകാല മോദി – ബിജെപി സ്തുതികള്‍ക്ക് പറ്റിയ വിശേഷണമായിട്ടാണ് കോണ്‍ഗ്രസുകാര്‍ ഈ പ്രയോഗത്തെ കാണുന്നത്. ഏറ്റവും ഒടുവില്‍ നെഹ്‌റു കുടുംബത്തേയും 50 വര്‍ഷം മുമ്പ് ഇന്ദിരാഗാന്ധി പ്രഖ്യാപിച്ച അടിയന്തരാവസ്ഥയേയും അതിരൂക്ഷമായി വിമര്‍ശിച്ച് ഡോ തരൂര്‍ രംഗത്ത് വന്നത് ഏറെ വിവാദമായിരിക്കുകയാണ്.

ALSO READ : കോൺഗ്രസ്സിന് തലവേദനയായി വീണ്ടും തരൂർ; ആരോപണങ്ങൾ ഇന്ദിര ഗാന്ധിക്കും, സഞ്ജയ് ഗാന്ധിക്കുമെതിരെ!!

‘പ്രോജക്റ്റ് സിന്‍ഡിക്കറ്റ്’ എന്ന വാര്‍ത്താ ഏജന്‍സി വഴി പുറത്തുവിട്ട ലേഖനത്തിലാണ് അടിയന്തരാവസ്ഥക്കാലത്ത് പറഞ്ഞറിയിക്കാന്‍ വയ്യാത്ത ക്രൂരതകള്‍ ഇന്ദിരാഗാന്ധിയും മകന്‍ സഞ്ജയ് ഗാന്ധിയും നടത്തിയെന്ന ഗുരുതരമായ ആരോപണം കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അംഗവും എംപിയുമായ ശശി തരൂര്‍ ഉന്നയിച്ചിരിക്കുന്നത്. സഞ്ജയ് ഗാന്ധി നഗര- ഗ്രാമ പ്രദേശങ്ങളില്‍ ബലം പ്രയോഗിച്ച് വന്ധ്യംകരണ പരിപാടികള്‍ നടത്തിയെന്നും തരൂര്‍ ലേഖനത്തില്‍ എഴുതിയിട്ടുണ്ട്. അടിയന്തരാവസ്ഥയുടെ 50 ആം വാര്‍ഷികം കേന്ദ്ര സര്‍ക്കാരും ബിജെപിയും വിപുലമായി ആഘോഷിക്കുന്ന ഘട്ടത്തിലാണ് സ്വന്തം പാർട്ടിക്കെതിരെ തരൂരിന്റെ ഈ ചതിപ്രയോഗം.

ALSO READ : നിലപാടിലുറച്ച് ശശി തരൂർ; ‘കേന്ദ്രം നന്നായി ചെയ്താൽ പിന്തുണക്കും, ലേഖനം എഴുതിയത് വസ്തുതകളുടെ അടിസ്ഥാനത്തിൽ’

കഴിഞ്ഞ വര്‍ഷം ജൂണ്‍ 27ന് എന്‍ഡിടിവി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അടിയന്തരാവസ്ഥ ജനാധിപത്യ വിരുദ്ധമാണെങ്കിലും ഒരു ഘട്ടത്തില്‍ പോലും ഭരണഘടനാ വിരുദ്ധമായിരുന്നില്ല എന്ന് തരൂര്‍ ന്യായീകരിച്ചിരുന്നു. കേന്ദ്ര സര്‍ക്കാര്‍ അടിയന്തരാവസ്ഥവയെ ഉപയോഗിച്ച് ജനങ്ങള്‍ക്കിടയില്‍ വിഭജന തന്ത്രം പ്രയോഗിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു. “ബിജെപി തരാതരം പോലെ ഗോള്‍ പോസ്റ്റുകള്‍ മാറ്റുകയാണ്. വര്‍ത്തമാനകാല രാഷ്ട്രീയം പറയാതെ 1947ലെയും 1975ലെയും കാര്യങ്ങള്‍ പറഞ്ഞ് തടി തപ്പാന്‍ ശ്രമിക്കുകയാണ്. അടിയന്തരാവസ്ഥ ജനാധിപത്യ വിരുദ്ധമാണെന്ന് സമ്മതിക്കുമ്പോള്‍ തന്നെ അതൊരിക്കലും ഭരണഘടനാ വിരുദ്ധമായിരുന്നില്ല. അടിയന്തരാവസ്ഥ പ്രഖ്യാപനത്തെ ഞാന്‍ പിന്തുണക്കുന്നില്ല, പത്രങ്ങള്‍ക്ക് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തിയതും മറ്റും ജനാധിപത്യ വിരുദ്ധമാണ്. എന്നാല്‍ ആ നീക്കങ്ങള്‍ ഭരണഘടനാ വിരുദ്ധമായിരുന്നില്ലെന്ന് സങ്കട പൂര്‍വം സമ്മതിക്കേണ്ടി വരും” – എന്നിങ്ങനെയെല്ലാം വിശദീകരിച്ച തരൂരാണ് ഇപ്പോള്‍ ഓന്തിനെപ്പോലെ നിറം മാറ്റിയത്.

ALSO READ : മുഖ്യമന്ത്രിയാകാൻ ശശി തരൂർ ഏറ്റവും യോഗ്യനെന്ന് സർവേ; എൽഡിഎഫിൽ പിണറായിയേക്കാൾ മുന്നിൽ ശൈലജ

നാലു തവണ പാര്‍ലമെന്റിലേക്ക് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിച്ച് വിജയിച്ചപ്പോള്‍ അടിയന്തരാവസ്ഥയും ഇന്ദിരാഗാന്ധിയും സഞ്ജയ് ഗാന്ധിയുമൊന്നും ജനാധിപത്യവിരുദ്ധരോ ക്രൂരന്‍മാരോ ആണെന്ന് ശശി തരൂരിന് തോന്നിയിരുന്നില്ല. ഇന്നിപ്പോൾ ബിജെപിയേയും പുതിയ യജമാനന്മാരേയും സുഖിപ്പിക്കാന്‍ അടിയന്തരാവസ്ഥ വിരുദ്ധ പ്രസ്താവനകള്‍ ഇറക്കുകയാണെന്ന് പറഞ്ഞ് രോഷം കൊള്ളുന്ന കോൺഗ്രസുകാരെ കുറ്റപ്പെടുത്താൻ കഴിയാത്ത സാഹചര്യമാണ് ഈ മുതിർന്ന നേതാവ് വരുത്തിവയ്ക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top