ഭര്‍ത്താവിനു വേണ്ടി ഭാര്യയുടെ ഫോണ്‍രേഖ ചോര്‍ത്തിയ ഉദ്യോഗസ്ഥന് എസ്പിയായി സ്ഥാനക്കയറ്റം!! ഇതോ സർക്കാർ നയം

സ്ത്രീകളുടെ അഭിമാന സംരക്ഷണം ഉറപ്പാക്കുമെന്ന് ആവർത്തിച്ച് പ്രഖ്യാപിക്കുന്ന സർക്കാരിന് കീഴിൽ, അതിനെ ചവിട്ടിമെതിക്കും വിധം പെരുമാറി ഗുരുതര അധികാര ദുർവിനിയോഗം നടത്തിയ പൊലീസ് ഉദ്യോഗസ്ഥന് സംരക്ഷണവും സ്ഥാനക്കയറ്റവും. ഒരു കേസിലും വാദിയോ പ്രതിയോ അല്ലാത്ത സ്ത്രീയുടെ ഫോൺ രേഖകൾ ചോർത്തി പുറത്തുവിട്ട കോഴിക്കോട് അസി. കമ്മിഷണറായിരുന്ന കെ.സുദർശനാണ്, ആ കുറ്റം തെളിഞ്ഞിട്ടും എസ്പിയായി പ്രമോഷൻ നൽകിയിരിക്കുന്നത്. ഈ പ്രമോഷൻ ഉറപ്പാക്കാൻ വേണ്ടി ഇക്കഴിഞ്ഞ മെയ് മാസത്തിൽ വ്യാജവാദങ്ങൾ നിരത്തി ഇയാളെ ആഭ്യന്തര വകുപ്പ് കുറ്റവിമുക്തനാക്കിയത് മാധ്യമ സിൻഡിക്കറ്റ് രേഖകൾ സഹിതം റിപ്പോർട്ട് ചെയ്തിരുന്നു.
തൻ്റെ സുഹൃത്തായ ഭര്‍ത്താവിന്റെ ആവശ്യപ്രകാരമാണ് അയാളുടെ ഭാര്യയുടെ ഫോണ്‍ വിവരങ്ങള്‍ കെ.സുദർശൻ സൈബര്‍ സെൽ വഴി ചോര്‍ത്തി നല്‍കിയത്. 2021 ഒക്ടോബർ മാസത്തിൽ മലപ്പുറം പൊന്നാനിയിലെ സ്കൂൾ അധ്യാപികയുടെ മൊബൈൽ ഫോൺ കോൾ രേഖകൾ അവരുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വാട്സാപ്പുകളിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു. ഇത് ശ്രദ്ധയിൽപെട്ട അധ്യാപിക പലരോടും ചോദിച്ചപ്പോൾ ഇതിന് പിന്നിൽ സ്വന്തം ഭർത്താവ് ആണെന്നും, ഫോൺ രേഖകൾ അയാൾക്ക് എടുത്തു കൊടുത്തത് കോഴിക്കോട്ടെ അസി. കമ്മിഷണർ കെ സുദർശൻ ആണെന്നും മനസിലാക്കി.
ഇക്കാര്യങ്ങൾ കാണിച്ച് അദ്ധ്യാപിക മലപ്പുറം എസ്പിക്ക് പരാതി നൽകിയതിൻ്റെ അടിസ്ഥാനത്തിൽ അഡീഷണൽ എസ്പിയെ അന്വേഷണത്തിന് നിയോഗിച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ പരാതിക്കാരി ആരോപിച്ചത് പോലെ അസി. കമ്മിഷണർ കെ സുദർശൻ ആണ് രേഖ ചോർത്തിയതെന്ന് കണ്ടെത്തി. 2021 സെപ്തംബറിൽ കോഴിക്കോട് ചേവായൂർ സ്റ്റേഷനിൽ അന്വേഷണത്തിലിരുന്ന കൂട്ടബലാത്സംഗ കേസിലെ പ്രതികളുടെ ഫോൺ നമ്പറുകൾക്കൊപ്പം അയച്ചാണ്, കേസുമായി ഒരു ബന്ധവുമില്ലാത്ത പരാതിക്കാരിയുടെ ഫോണിൻ്റെ രേഖകൾ സുദർശൻ ശേഖരിച്ചതെന്നും വ്യക്തമായി.

മലപ്പുറം എസ്പി ഇക്കാര്യങ്ങൾ റിപ്പോർട്ട് ചെയ്തതിൻ്റെ അടിസ്ഥാനത്തിൽ തുടരന്വേഷണത്തിന് കണ്ണൂർ ക്രൈംബ്രാഞ്ച് എസ്പി ആയിരുന്ന രാഹുൽ ആർ നായരെ നിയോഗിച്ചു. ഇതിലും കുറ്റം തെളിഞ്ഞതോടെ ഒരുവർഷത്തെ ഇൻക്രിമെൻ്റ് തടഞ്ഞ് നടപടിയെടുക്കാൻ ഡിജിപി ശുപാർശ ചെയ്തു. ഇതിനെതിരെ സുദർശൻ രണ്ടുവട്ടം നൽകിയ അപ്പീൽ തള്ളിയ ആഭ്യന്തര വകുപ്പ് മൂന്നാമത് അപ്പീലിലാണ് എല്ലാ നടപടികളും അവസാനിപ്പിച്ച് വെറുതെവിടാൻ ഇക്കഴിഞ്ഞ മെയ് മാസത്തിൽ ഉത്തരവായത്.
അനുമതിയില്ലാതെ ഒരു വ്യക്തിയുടെ ഫോൺ ചോർത്തിയതിനെ ന്യായീകരിക്കാൻ അത്യന്തം വിചിത്ര വാദമാണ് ആഭ്യന്തരവകുപ്പ് ഉന്നയിച്ചത്. ഈ നടപടിയിലൂടെ ഉദ്യോഗസ്ഥൻ ഒരു കുടുംബം രക്ഷിച്ചു എന്നാണ് ഉത്തരവിൽ പറഞ്ഞിരുന്നത്. അനുവാദമില്ലാതെ സ്ത്രീയുടെ ഫോൺ ചോർത്തിയത് ‘സദുദ്ദേശ്യപരമായിരുന്നു’ എന്ന വാദവും അച്ചടക്ക നടപടി അവസാനിപ്പിച്ചുകൊണ്ട് പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നുണ്ട്. ‘ഒരു കുടുംബം അനാഥമായിപ്പോകാതിരിക്കാൻ വേണ്ടിയാണ് കോൾ ഡീറ്റെയിൽസ് ശേഖരിച്ചത് എന്നുകൂടി ഇതിലുണ്ട്.
“ദയാഹർജിക്കാരൻ ഡിവൈഎസ്പി തൻ്റെ സുഹൃത്തായ ഫൈസൽ അക്കരയുടെ ആവശ്യപ്രകാരം ടിയാന്റെ ഭാര്യയുടെ ഫോൺ വിവരങ്ങൾ നൽകിയത് ആ കുടുംബത്തിന്റെ ജീവൻ അപകടത്തിലാണ് എന്ന് മനസിലാക്കിയിട്ടാണ് എന്ന് കാണുന്നു. ആയതിൽ മറ്റൊരു ദുരുദ്ദേശവും ഇല്ല. പരാതിക്ക് ആധാരമായവരുടെ ഭാഗത്ത് നിന്നും യാതൊരു പരാതിയും നിലവിൽ ഇല്ല. ടിയാനോട് വിദ്വേഷമോ പരസ്പരം സംശയമോ ഇല്ലാത്ത രീതിയിൽ കുടുംബ ജീവിതം നയിച്ച് വരികയും ചെയ്യുന്നുണ്ട്.”
പ്രതിസ്ഥാനത്തുള്ള ഉദ്യോഗസ്ഥൻ കെ സുദർശൻ, മൂന്നു കാര്യങ്ങളിൽ തൻ്റെ വകുപ്പുമേധാവികളെ തെറ്റിദ്ധരിപ്പിച്ചതായി ഉത്തരവിൽ നിന്ന് വ്യക്തമായിരുന്നു. 1)ഭർത്താവിൻ്റെ ആവശ്യപ്രകാരം ഭാര്യയുടെ ഫോൺ 2021ൽ ചോർത്തുമ്പോഴോ ശേഷമോ, ആരുടെയും ജീവൻ അപകടത്തിലാകുന്ന ഒന്നും ഉണ്ടായിരുന്നില്ല. 2)ഡിവൈഎസ്പിക്കെതിരെ 2021ൽ മലപ്പുറം എസ്പിക്ക് പരാതി നൽകിയ അധ്യാപിക ആ സമയം വരെയും അത് പിൻവലിച്ചിരുന്നില്ല. 3)സുദർശൻ ഈ ‘സേവനം’ ചെയ്തതിനു പിന്നാലെ രണ്ടുവഴിക്ക് പിരിഞ്ഞ ദമ്പതികൾ, ഇപ്പോൾ ഡിവോഴ്സ് കേസ് നടത്തുകയാണ്.
ഇതൊന്നും പരിഗണിക്കാതെയും പരാതിക്കാരിയോട് തിരക്കാതെയും തിടുക്കത്തിൽ അച്ചടക്ക നടപടി ഒഴിവാക്കി കൊടുത്തതിന് പിന്നിലെ ഉദ്ദേശ്യമാണ് ഇപ്പോൾ വ്യക്തമാകുന്നത്. അച്ചടക്ക നടപടി നേരിട്ടുവെന്ന പേരിൽ പ്രമോഷൻ നഷ്ടമാകാതിരിക്കാൻ ആയിരുന്നു ഈ ഒത്തുകളി. ഉന്നതതല ഇടപെടൽ ഇക്കാര്യത്തിൽ ഉണ്ടായിയെന്നും വ്യക്തമാകുകയാണ്. അല്ലാതെ ഉദ്യോഗസ്ഥരാരും ഈവിധം കൈവിട്ട കളിക്ക് തയ്യാറാകില്ലെന്ന് ഉറപ്പ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here