കപൂർ കുടുംബത്തിൽ സ്വത്ത് തർക്കം രൂക്ഷം; പ്രിയയ്ക്ക് സമൻസ്; കരിഷ്മ കപൂറിന്റെ മക്കളും പ്രതിപ്പട്ടികയിൽ!

അന്തരിച്ച പ്രമുഖ വ്യവസായി സഞ്ജയ് കപൂറിന്റെ മാതാവ് റാണി കപൂർ നൽകിയ സിവിൽ ഹർജിയിൽ പ്രിയ സച്ച്ദേവ് കപൂറിന് ഡൽഹി ഹൈക്കോടതി സമൻസ് അയച്ചു. കുടുംബ ട്രസ്റ്റ് രൂപീകരിച്ചതിൽ വൻ ക്രമക്കേട് നടന്നുവെന്നും തന്റെ സ്വത്തുക്കൾ തട്ടിയെടുക്കാൻ ശ്രമിച്ചുവെന്നുമാണ് റാണി കപൂറിന്റെ പരാതി.
തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് ‘റാണി കപൂർ ഫാമിലി ട്രസ്റ്റ്’ രൂപീകരിച്ചതെന്ന് റാണി കപൂർ ആരോപിക്കുന്നു. തന്റെ പരേതനായ ഭർത്താവ് ഡോ സുരീന്ദർ കപൂർ തനിക്ക് നൽകിയ സ്വത്തുക്കൾ നിയമവിരുദ്ധമായി ട്രസ്റ്റിലേക്ക് വകമാറ്റിയെന്നാണ് ആരോപണം. പ്രിയ സച്ച്ദേവ് കപൂർ ഉൾപ്പെടെ 23 പേരെയാണ് കേസിൽ പ്രതി ചേർത്തിരിക്കുന്നത്. ഇതിൽ സഞ്ജയ് കപൂറിന്റെ മുൻഭാര്യയും നടിയുമായ കരിഷ്മ കപൂറിന്റെ മക്കളായ സമൈറ, കിയാൻ എന്നിവരും ഉൾപ്പെടുന്നു.
മകൻ സഞ്ജയ് കപൂറിന്റെ മരണശേഷം മാത്രമാണ് താൻ ഈ തട്ടിപ്പിനെക്കുറിച്ച് അറിഞ്ഞതെന്ന് റാണി കപൂർ പറയുന്നു. താൻ അസുഖബാധിതയായിരുന്ന സമയത്ത് മകൻ സഞ്ജയിനെ സ്വാധീനിച്ച് പല രേഖകളിലും ഒപ്പിടുവിച്ചുവെന്നും പ്രിയ കമ്പനികളുടെ നിയന്ത്രണം പിടിച്ചെടുത്തുവെന്നും റാണി കപൂർ കോടതിയെ അറിയിച്ചു. ജസ്റ്റിസ് മിനി പുഷ്കർണ കേസിൽ എല്ലാ പ്രതികളോടും 30 ദിവസത്തിനുള്ളിൽ മറുപടി നൽകാൻ ആവശ്യപ്പെട്ടു.
കേസ് കൂടുതൽ വാദം കേൾക്കുന്നതിനായി മാർച്ച് 23ലേക്ക് മാറ്റി. തന്റെ ഇമെയിൽ ഐഡി ഹാക്ക് ചെയ്യപ്പെട്ടുവെന്ന് തെറ്റായ വിവരം നൽകി കമ്പനി രേഖകളിൽ മാറ്റം വരുത്തിയതായും റാണി കപൂർ ആരോപിക്കുന്നുണ്ട്. സോള ഗ്രൂപ്പ് കമ്പനികളുടെ ഉടമസ്ഥാവകാശത്തെ ചൊല്ലിയുള്ള ഈ തർക്കം വ്യവസായ ലോകത്ത് വലിയ ചർച്ചയായിരിക്കുകയാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here