കോടികളുടെ സ്വത്ത്, മകന്റെ ദുരൂഹ മരണം; മരുമകൾക്കെതിരെ കോടതി കയറി റാണി കപൂർ!

പ്രമുഖ വ്യവസായ ഗ്രൂപ്പായ സോണ ഗ്രൂപ്പിന്റെ ഉടമസ്ഥാവകാശത്തെച്ചൊല്ലിയുള്ള കുടുംബ തർക്കം പുതിയ തലത്തിലേക്ക്. അന്തരിച്ച വ്യവസായി സഞ്ജയ് കപൂറിന്റെ മാതാവ് റാണി കപൂർ, തന്റെ മരുമകൾ പ്രിയ കപൂറിനെതിരെ ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. വ്യാജമായി നിർമ്മിച്ച ട്രസ്റ്റ് ഉപയോഗിച്ച് കുടുംബ സ്വത്തുകൾ പ്രിയ തട്ടിയെടുത്തു എന്നാണ് റാണി കപൂറിന്റെ പ്രധാന ആരോപണം.
2017ൽ ‘ആർകെ ഫാമിലി ട്രസ്റ്റ്’ എന്ന പേരിൽ ഉണ്ടാക്കിയ ആധാരം വ്യാജമാണെന്നും, ഇത് വഞ്ചനയിലൂടെയും ഭീഷണിയിലൂടെയും ഉണ്ടാക്കിയതാണെന്നും റാണി കപൂർ കോടതിയിൽ ബോധിപ്പിച്ചു. ഈ ട്രസ്റ്റ് റദ്ദാക്കണമെന്നും ഇതിലൂടെ മാറ്റിയ സ്വത്തുകൾ തിരികെ നൽകണമെന്നും അവർ ആവശ്യപ്പെടുന്നു. കഴിഞ്ഞ വർഷം ജൂണിൽ ലണ്ടനിൽ പോളോ കളിക്കുന്നതിനിടെയാണ് സഞ്ജയ് കപൂർ മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്ന് പറയപ്പെടുന്നുണ്ടെങ്കിലും, മകന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നും ഇതൊരു കൊലപാതകമാണെന്നും റാണി കപൂർ സംശയം പ്രകടിപ്പിക്കുന്നുണ്ട്.
റാണി കപൂറിന്റെ ഭർത്താവും സോണ ഗ്രൂപ്പ് സ്ഥാപകനുമായ സുരീന്ദർ കപൂർ തന്റെ മുഴുവൻ സ്വത്തുക്കളും ഭാര്യയുടെ പേരിലാണ് എഴുതിവെച്ചിരുന്നത്. എന്നാൽ തനിക്ക് പക്ഷാഘാതം വന്ന് അവശതയിലായ സമയത്ത്, മകൻ സഞ്ജയും മരുമകൾ പ്രിയയും ചേർന്ന് രഹസ്യമായി സ്വത്തുകൾ ഈ വ്യാജ ട്രസ്റ്റിലേക്ക് മാറ്റിയെന്നാണ് റാണി പറയുന്നത്. ഈ ട്രസ്റ്റിൽ റാണിക്ക് യാതൊരു നിയന്ത്രണമോ അവകാശമോ നൽകിയിട്ടില്ല.
അതേസമയം, തനിക്കെതിരെ മോശമായ പ്രചരണം നടത്തുന്നു എന്ന് കാണിച്ച് പ്രിയ കപൂർ കോടതിയെ സമീപിച്ചിട്ടുണ്ട്. സഞ്ജയ് കപൂറിന്റെ സഹോദരി മന്ദിര കപൂർ സ്മിത്തിനെതിരെ പ്രിയ ക്രിമിനൽ അപകീർത്തി കേസ് ഫയൽ ചെയ്തു. സോഷ്യൽ മീഡിയയിലൂടെയും പോഡ്‌കാസ്റ്റുകളിലൂടെയും തന്നെ വ്യക്തിഹത്യ ചെയ്യുകയാണെന്നും അന്തസ്സില്ലാത്ത ആരോപണങ്ങൾ ഉന്നയിക്കുകയാണെന്നും പ്രിയ കോടതിയിൽ മൊഴി നൽകി. കുടുംബത്തിലെ ആഭ്യന്തര കലഹം ഇപ്പോൾ കോടതിയുടെ പരിഗണനയിലായതോടെ വരും ദിവസങ്ങളിൽ കൂടുതൽ വെളിപ്പെടുത്തലുകൾ ഉണ്ടാകാനാണ് സാധ്യത.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here