‘ജി റാം ജി’ നിയമത്തിൽ പ്രതിഷേധം ശക്തം; പാർലമെന്റിൽ മുദ്രാവാക്യം വിളികളുമായി പ്രതിപക്ഷം

മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് (MGNREGA) പകരം സർക്കാർ കൊണ്ടുവന്ന പുതിയ ‘ജി റാം ജി’ (G RAM G) നിയമത്തിനെതിരെ പാർലമെന്റിൽ പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധം. ബജറ്റ് സമ്മേളനത്തിന്റെ തുടക്കത്തിൽ രാഷ്ട്രപതി ദ്രൗപദി മുർമു നടത്തിയ പ്രസംഗത്തിനിടെയാണ് സഭയിൽ ബഹളമുണ്ടായത്.
ഗ്രാമീണ മേഖലയിലെ തൊഴിലും വികസനവും ലക്ഷ്യമിട്ട് സർക്കാർ കൊണ്ടുവന്ന പുതിയ പരിഷ്കാരമാണിത്. നിലവിലുള്ള 100 ദിവസത്തെ തൊഴിൽ ഗ്യാരണ്ടി എന്നത് പുതിയ നിയമപ്രകാരം 125 ദിവസമായി വർദ്ധിപ്പിച്ചു. മുൻകൂട്ടി അംഗീകരിച്ച പ്ലാൻ പ്രകാരം മാത്രമേ തൊഴിൽ നൽകൂ എന്നതാണ് പുതിയ രീതി. ഇതാണ് പ്രധാനമായും വിമർശനത്തിന് കാരണമാകുന്നത്.
പദ്ധതിയുടെ പേരിൽ നിന്ന് മഹാത്മാഗാന്ധിയുടെ പേര് ഒഴിവാക്കി ‘ജി റാം ജി’ എന്നാക്കിയതിനെ കോൺഗ്രസ് ശക്തമായി എതിർത്തു. രാഷ്ട്രപിതാവിന്റെ പേര് ചരിത്രത്തിൽ നിന്ന് മായ്ച്ചുകളയാനുള്ള ശ്രമമാണിതെന്ന് പ്രതിപക്ഷം ആരോപിച്ചു. പുതിയ പരിഷ്കാരങ്ങൾ സാധാരണക്കാരായ തൊഴിലാളികളെ ദോഷകരമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി നിയമം പിൻവലിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.
രാഷ്ട്രപതി പ്രസംഗത്തിൽ ഈ നിയമത്തെക്കുറിച്ച് പരാമർശിച്ചപ്പോൾ ഭരണപക്ഷാംഗങ്ങൾ ഡെസ്‌കിലടിച്ച് സ്വാഗതം ചെയ്തെങ്കിലും പ്രതിപക്ഷം മുദ്രാവാക്യം വിളികളുമായി പ്രതിഷേധിക്കുകയായിരുന്നു. കഴിഞ്ഞ ഡിസംബറിലാണ് ഈ നിയമത്തിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചത്. പാർലമെന്റിന്റെ ബജറ്റ് സമ്മേളനം ഇന്നാണ് ആരംഭിച്ചത്. കേന്ദ്ര ബജറ്റ് ഫെബ്രുവരി 1ന് അവതരിപ്പിക്കും. സമ്മേളനത്തിന്റെ ആദ്യഘട്ടം ഫെബ്രുവരി 13 വരെ നീണ്ടുനിൽക്കും.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here