ഇടത് സഹയാത്രികന്‍ പിടി കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗിക അതിക്രമക്കേസ്; ‘അവള്‍ക്കൊപ്പം’ ക്യാമ്പെയ്നുകളില്ല; സൈബറിടങ്ങള്‍ ശോകമൂകം

മുന്‍ എംഎല്‍എയും സാംസ്‌കാരിക നായകനുമായ പിടി കുഞ്ഞുമുഹമ്മദ് ലൈംഗികാതിക്രമ കേസില്‍ പ്രതി ആയ സംഭവത്തില്‍ ഇടത് സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ ശോകമൂകമാണ്. വനിതാ മന്ത്രിമാരോ, ഫെമിനിസ്റ്റുകളോ ‘അവള്‍ക്കൊപ്പം’ എന്ന ടാഗ്‌ലൈനുമായി രംഗത്ത് വരാതെ മാളത്തില്‍ ഒളിച്ചിരിക്കുകയാണ്. അയാളെ ലൈംഗിക വേട്ടക്കാരനായോ, പീഡകനായോ ആരും ചിത്രീകരിച്ചു കണ്ടിട്ടില്ല. ഇടതുപക്ഷക്കാര്‍ക്ക് വേണ്ടപ്പെട്ടവനായതിന്റെ പ്രിവിലേജുമുണ്ട്. തീവ്രത കുറഞ്ഞ പീഡനമായി ചിത്രീകരിക്കാനുള്ള സകല സാധ്യതയും കാണുന്നുണ്ട്. എന്നാല്‍ പീഡകനെ വെള്ളപൂശുന്ന ന്യായീകരണ ക്യാപ്‌സ്യൂളുകള്‍ ഇതുവരെ വന്നു തുടങ്ങിയില്ല.

ഐഎഫ്എഫ്കെ ചലച്ചിത്രോത്സവ സെലക്ഷന്‍ സ്‌ക്രീനിങ്ങിനിടെ ജൂറിയംഗമായ വനിതക്കെതിരെ അതിക്രമം നടത്തിയെന്ന പരാതിയിലാണ് കുഞ്ഞുമുഹമ്മദിനെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം കന്റോണ്‍മെന്റ് പോലീസ് കേസെടുത്തത്. ഹോട്ടല്‍ മുറിയില്‍ കുഞ്ഞുമുഹമ്മദ് അതിക്രമം നടത്തിയെന്നാണ് ചലച്ചിത്ര പ്രവര്‍ത്തക മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. മേളയിലേക്ക് സിനിമകള്‍ തിരഞ്ഞെടുക്കാനുള്ള സമിതിയുടെ അധ്യക്ഷനാണ് പിടി കുഞ്ഞുമുഹമ്മദ്. സമിതി അംഗമായ പരാതിക്കാരിയെ മുറിയിലേക്ക് വിളിച്ചു വരുത്തി അതിക്രമത്തിന് ശ്രമിച്ചുവെന്നാണ് കേസ്. കഴിഞ്ഞ മാസമാണ് സംഭവം നടന്നത്.

മുഖ്യമന്ത്രിയുടെ ഓഫീസ് പരാതി കന്റോണ്‍മെന്റ് പോലീസിന് കൈമാറുകയായിരുന്നു. പിണറായി വിജയന് നല്‍കിയ പരാതിയിലെ അതേ കാര്യങ്ങള്‍ പോലീസിനോടും പരാതിക്കാരി ആവര്‍ത്തിച്ചതിനെ തുടര്‍ന്നാണ് കേസെടുത്തത്. ഭാരതീയ ന്യായ സംഹിതയിലെ (BNS) 74, 75 (1) വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

1994ലും 1996ലും ഗുരുവായൂരില്‍ നിന്ന് സിപിഎം എംഎല്‍എയായി വിജയിച്ച ആളാണ് കുഞ്ഞുമുഹമ്മദ്. മഗ്‌രിബ്, ഗര്‍ഷോം, പരദേശി എന്നീ ചിത്രങ്ങളുടെ സംവിധായകനാണ്. സിപിഎം ചാനലായ കൈരളി ടിവിയില്‍ ദീര്‍ഘകാലം പ്രവാസലോകം എന്ന പരിപാടി അവതരിപ്പിച്ചിരുന്നു. കോണ്‍ഗ്രസ് എംഎല്‍എ ആയിരുന്ന രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പീഡന പരാതികളും, ഓഡിയോ ക്ലിപ്പുകളും പുറത്തുവന്നപ്പോള്‍ ഇടത് സൈബര്‍ സംഘങ്ങള്‍ കാണിച്ച ആവേശമൊന്നും കുഞ്ഞുമുഹമ്മദിന്റെ കാര്യത്തില്‍ ഉണ്ടാകാനിടയില്ല. എല്‍ഡിഎഫിനെ പിന്തുണയ്ക്കുന്ന ടെലിവിഷന്‍ ചാനലുകളും നിശബ്ദരാണ്. വഴിപാട് വാര്‍ത്തകള്‍ ചെയ്ത് ഒഴിഞ്ഞു മാറുകയാണ് എല്ലാവരും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top