പി ടി കുഞ്ഞുമുഹമ്മദിന് തിരിച്ചടി; ലൈംഗികാതിക്രമ പരാതിയിൽ കഴമ്പുണ്ടെന്ന് പൊലീസ്

ചലച്ചിത്ര സംവിധായകനും മുൻ എംഎൽഎയുമായ പി ടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ പരാതിയിൽ കഴമ്പുണ്ടെന്ന് പൊലീസ് അന്വേഷണ റിപ്പോർട്ട്. പരാതിക്കാരി മൊഴിയിൽ പറയുന്ന സമയത്ത് കുഞ്ഞുമുഹമ്മദ് ഹോട്ടലിൽ ഉണ്ടായിരുന്നുവെന്നും, സിസിടിവി ദൃശ്യങ്ങൾ തെളിവായി ലഭിച്ചിട്ടുണ്ടെന്നും പോലീസ് തിരുവനന്തപുരം സെഷൻസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
കേസിൽ പി ടി കുഞ്ഞുമുഹമ്മദിൻ്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് കോടതി പോലീസിനോട് റിപ്പോർട്ട് തേടിയത്. കേരള രാജ്യാന്തര ചലച്ചിത്രമേളയിലേക്കുള്ള സിനിമകളുടെ സെലക്ഷൻ കമ്മിറ്റി ജൂറി ചെയർമാൻ ആയിരുന്നു കുഞ്ഞുമുഹമ്മദ്. ഈ കമ്മിറ്റിയിലെ അംഗമായ വനിതാ ചലച്ചിത്ര പ്രവർത്തകയാണ് പരാതി നൽകിയത്.
കഴിഞ്ഞ മാസം ആറിനാണ് പരാതിക്ക് ആസ്പദമായ സംഭവം നടന്നത്. തലസ്ഥാനത്തെ ഒരു ഹോട്ടലിലാണ് ജൂറി അംഗങ്ങൾ താമസിച്ചിരുന്നത്. സിനിമകളുടെ സ്ക്രീനിംഗിന് ശേഷം ഹോട്ടലിൽ തിരിച്ചെത്തിയ സമയത്ത്, കുഞ്ഞുമുഹമ്മദ് തൻ്റെ മുറിയിലെത്തി അപമര്യാദയായി പെരുമാറിയെന്നാണ് ചലച്ചിത്ര പ്രവർത്തകയുടെ പരാതി. സ്ത്രീത്വത്തെ അപമാനിച്ചതിന് ചലച്ചിത്ര പ്രവർത്തക മുഖ്യമന്ത്രിക്ക് പരാതി നൽകുകയും, ഈ പരാതി കൻ്റോൺമെൻ്റ് പോലീസിന് കൈമാറുകയും ചെയ്യുകയായിരുന്നു.
പി ടി കുഞ്ഞുമുഹമ്മദ് പരാതി നിഷേധിച്ചു. ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ലെന്നും, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാമെന്നതുമായിരുന്നു പ്രതികരണം. ആവശ്യമെങ്കിൽ പരാതികരിയോട് മാപ്പ് പറയാൻ തയ്യാറാണെന്നും കുഞ്ഞുമുഹമ്മദ് വ്യക്തമാക്കിയിരുന്നു. മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here