ഗാഡ്ഗിൽ വിടവാങ്ങുമ്പോൾ പി ടി തോമസ് വീണ്ടും ഓർമ്മിക്കപ്പെടുന്നു; അന്ന് ഒറ്റപ്പെട്ടവർ ഇന്ന് ചരിത്രമാകുന്നു

പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിലിന്റെ വിയോഗ വാർത്തകൾക്കിടയിൽ കേരളം ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്നത് അന്തരിച്ച കോൺഗ്രസ് നേതാവ് പി.ടി. തോമസിനെക്കുറിച്ചാണ്. ഗാഡ്ഗിൽ റിപ്പോർട്ടിന്റെ പേരിൽ സ്വന്തം രാഷ്ട്രീയ തട്ടകമായ ഇടുക്കിയിൽ നിന്ന് പടിയടച്ച് പിണ്ഡം വെക്കപ്പെട്ട, സഭയുടെയും സ്വന്തം പാർട്ടിയുടെയും ശത്രുത സമ്പാദിച്ച പി.ടി. തോമസ് അന്ന് ഉയർത്തിയ നിലപാടുകൾ ഇന്ന് പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ ഓരോ മലയാളിയെയും പൊള്ളിക്കുകയാണ്.
2011-ൽ ഗാഡ്ഗിൽ റിപ്പോർട്ട് പുറത്തുവന്നപ്പോൾ ഇടുക്കി എം.പിയായിരുന്നു പി.ടി. തോമസ്. ഹൈറേഞ്ച് സംരക്ഷണ സമിതിയും സഭയും റിപ്പോർട്ടിനെതിരെ തെരുവിൽ യുദ്ധം പ്രഖ്യാപിച്ചപ്പോൾ, ശാസ്ത്രീയമായ ആ റിപ്പോർട്ട് നടപ്പിലാക്കണമെന്ന ഉറച്ച നിലപാടാണ് പി.ടി സ്വീകരിച്ചത്. ഇതോടെ അദ്ദേഹം ഇടുക്കിയിലെ സഭാ നേതൃത്വത്തിന്റെ കണ്ണിലെ കരടായി മാറി. പള്ളികളിൽ പി.ടി. തോമസിനെതിരെ ഇടയലേഖനങ്ങൾ വായിക്കപ്പെട്ടു. പ്രതീകാത്മകമായി അദ്ദേഹത്തിന്റെ ശവഘോഷയാത്രകൾ നടത്തപ്പെട്ടു.
2014-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇടുക്കിയിൽ പി.ടി. തോമസ് മത്സരിക്കുന്നതിനെതിരെ സഭ കടുത്ത നിലപാട് സ്വീകരിച്ചു. “ഗാഡ്ഗിലിനെ അനുകൂലിച്ച പി.ടി. വേണ്ട” എന്ന സഭാ നേതൃത്വത്തിന്റെ കടുത്ത സമ്മർദ്ദത്തിന് ഒടുവിൽ കോൺഗ്രസ് ഹൈക്കമാൻഡിന് വഴങ്ങേണ്ടി വന്നു. സിറ്റിംഗ് എം.പിയായിരുന്നിട്ടും പി.ടി. തോമസിന് ഇടുക്കിയിൽ സീറ്റ് നിഷേധിക്കപ്പെട്ടു. അദ്ദേഹത്തിന് പകരം കസ്തൂരിരംഗൻ റിപ്പോർട്ടിനെ അനുകൂലിച്ച ഡീൻ കുര്യാക്കോസിനെ മത്സരിപ്പിച്ചെങ്കിലും അന്ന് ഇടത് സ്വതന്ത്രനായി മത്സരിച്ച ജോയ്‌സ് ജോർജിനോട് യു.ഡി.എഫ് പരാജയപ്പെട്ടു. പി.ടി. തോമസ് എന്ന രാഷ്ട്രീയക്കാരന്റെ പതനം അവിടെ ആഘോഷിച്ചവർക്ക് മുന്നിൽ അദ്ദേഹം ഉയർപ്പിന്റെ മറ്റൊരു വഴി തൃക്കാക്കരയിലൂടെ കണ്ടെത്തി.
പി.ടി. തോമസ് രാഷ്ട്രീയമായി തൃക്കാക്കരയിലേക്ക് മാറിയെങ്കിലും പരിസ്ഥിതി നിലപാടുകളിൽ അദ്ദേഹം വെള്ളം ചേർത്തില്ല. തന്റെ മരണശേഷം ശവമഞ്ചത്തിൽ പൂച്ചെണ്ടുകൾ വെക്കരുതെന്നും, തന്റെ കണ്ണുകൾ ദാനം ചെയ്യണമെന്നുമുള്ള അവസാന ആഗ്രഹങ്ങൾ ഒരു പരിസ്ഥിതി സ്നേഹിയുടേതായിരുന്നു. പശ്ചിമഘട്ടം സംരക്ഷിക്കപ്പെടാതെ കേരളത്തിന് നിലനിൽപ്പില്ലെന്നും ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പിലാക്കണമെന്നും നിയമസഭയിൽ അവസാന ശ്വാസം വരെ അദ്ദേഹം വാദിച്ചു. 2018-ലെ പ്രളയവും അതിനുശേഷമുണ്ടായ ഉരുൾപൊട്ടലുകളും കണ്ടപ്പോൾ കേരളം പി.ടി. തോമസിനെ ഓർത്തു. “പി.ടി പറഞ്ഞതായിരുന്നു ശരി” എന്ന് പലരും സമൂഹമാധ്യമങ്ങളിൽ കുറിച്ചു. ഗാഡ്ഗിൽ തന്നെ പലതവണ പി.ടി. തോമസിനെ പ്രശംസിച്ചിട്ടുണ്ട്. തന്റെ റിപ്പോർട്ട് ശരിയായി വായിച്ചു മനസ്സിലാക്കിയ ചുരുക്കം രാഷ്ട്രീയക്കാരിൽ ഒരാളാണ് പി.ടി എന്നാണ് അന്ന് ഗാഡ്ഗിൽ പറഞ്ഞത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here