ഫ്ലാറ്റ് നടത്തിപ്പിൽ ബിൽഡർക്ക് ഗുരുതര വീഴ്ച; കർശനമായി ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ

പത്തനംതിട്ട കാതോലിക്കേറ്റ് കോളജിന് സമീപത്തെ പി.ടി.സി. വെസ്റ്റേൺ ഗാട്സ് അപ്പാർട്ട്മെന്റ് എന്ന ഫ്ലാറ്റ് സമുച്ചയത്തിലെ ക്രമക്കേടുകൾക്കെതിരെ ആണ് മനുഷ്യാവകാശ കമ്മിഷൻ്റെ ഇടപെടൽ. വിവിധ സർക്കാർ ഏജൻസികൾ പ്രശ്നങ്ങൾ കണ്ടെത്തിയ സാഹചര്യത്തിൽ അപാകതകൾ അടിയന്തരമായി പരിഹരിക്കണമെന്ന് കമ്മീഷൻ അംഗം വി. ഗീത ഉത്തരവിട്ടു.

Also read : സാംസണ്‍ ബില്‍ഡേഴ്‌സ് ഉടമകള്‍ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് സുപ്രീം കോടതി; ഫ്ലാറ്റ് തട്ടിപ്പ് കേസില്‍ പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

ഫ്ലാറ്റിലെ ദ്രവമാലിന്യ സംസ്കരണ സംവിധാനം പ്രവർത്തനക്ഷമമല്ലെന്ന് മുൻസിപ്പൽ സെക്രട്ടറി കമ്മീഷനെ അറിയിച്ചു. മലിനീകരണ നിയന്ത്രണ ബോർഡ് ഫ്ലാറ്റിന് നൽകിയ അനുമതി 2021 മേയിൽ കാലഹരണപ്പെട്ടു. സാനിറ്ററി മാലിന്യം സംസ്കരിക്കാൻ സംവിധാനമില്ല. മുൻസിപ്പൽ സെക്രട്ടറിയുടെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയ പ്രശ്നങ്ങൾ 10 ദിവസത്തിനകം പരിഹരിക്കാൻ കമ്മീഷൻ പി.ടി.സി. ബിൽഡേഴ്സിന് നിർദ്ദേശം നൽകി.

നടപടി സ്വീകരിച്ചില്ലെങ്കിൽ ബിൽഡർക്കെതിരെ 15 ദിവസത്തിനകം മുൻസിപ്പൽ സെക്രട്ടറി നടപടി സ്വീകരിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. തീപിടുത്തം പോലുള്ള അത്യാഹിതം സംഭവിച്ചാൽ താമസക്കാർക്ക് രക്ഷപ്പെടേണ്ടതുണ്ട്. അതിനാൽ ഫ്ലാറ്റിലെ എല്ലാ ലിഫ്റ്റുകളും പ്രവർത്തന സജ്ജമാക്കണം. ഇത് ചെയ്തില്ലെങ്കിൽ ബിൽഡർക്കെതിരെ ജില്ലാ ഫയർ ഓഫീസർ നടപടിയെടുക്കണം.

Also read : അപകടത്തിലായ ഫ്ലാറ്റ് ഒഴിപ്പിക്കുന്നു; കളക്ടർ നോട്ടീസ് നൽകി, 27 കുടുംബങ്ങൾ വഴിയാധാരം

മലിനീകരണ നിയന്ത്രണ ബോർഡ്, ഫയർ ഫോഴ്സ്, ഹെൽത്ത് ഇൻസ്പെക്ടർ എന്നിവരുടെ അനുമതിയോടെയാണോ ഒക്കുപെൻസി സർട്ടിഫിക്കറ്റ് നൽകിയതെന്ന് മുൻസിപ്പൽ സെക്രട്ടറി വിശദീകരിക്കണം. പ്രവർത്തനാനുമതി 2021ൽ കാലഹരണപ്പെട്ടെന്ന് നഗരസഭാ സെക്രട്ടറിയും മലിനീകരണ നിയന്ത്രണ ബോർഡും അറിയിച്ച സാഹചര്യത്തിൽ ഇതിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികൾ ഇരുവരും 15 ദിവസത്തിനകം അറിയിക്കണം. നാപ്കിൻ സംസ്കരണ സംവിധാനം നടപ്പിലാക്കാത്തതും ജൈവമാലിന്യ സംസ്കരണ ബിൻ ഉപയോഗിക്കാൻ അനുവദിക്കാത്തതും എൻവയോൺമെന്റൽ എഞ്ചിനീയർ പരിശോധിക്കണം.

Also read : ഫ്ലാറ്റ് വാടകയ്ക്ക് എടുത്ത് കഞ്ചാവ് കച്ചവടം; ഏഴംഗ സംഘം കുടുങ്ങി

ഫ്ലാറ്റ് ഉടമകളുടെ അസോസിയേഷൻ 30 ദിവസത്തിനകം രൂപീകരിക്കാൻ ബിൽഡർ നടപടിയെടുക്കണം. അതുവരെ ലിഫ്റ്റ്, മലിനീകരണം, ഫയർ ലിഫ്റ്റ് മുതലായ പൊതു സൗകര്യങ്ങൾ ബിൽഡർ തന്നെ ചെയ്യണം. എഗ്രിമെന്റിൽ വാഗ്ദാനം ചെയ്ത സൗകര്യങ്ങൾ ലഭിച്ചില്ലെങ്കിൽ പരാതിക്കാർക്ക് റിയൽ എസ്റ്റേറ്റ് റഗുലേറ്ററി അതോറിറ്റിയെ സമീപിച്ച് നഷ്ടപരിഹാരം തേടാമെന്നും ഉത്തരവിൽ പറയുന്നു.

കമ്മീഷൻ ഉത്തരവ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ കർശനമായി നടപ്പിലാക്കണം. സ്വീകരിച്ച നടപടികൾ ഒരു മാസത്തിനകം മുൻസിപ്പൽ സെക്രട്ടറി, എൻവയോൺമെന്റൽ എഞ്ചിനീയർ, ജില്ലാ ഫയർ ഓഫീസർ എന്നിവർ അറിയിക്കണം. ബിന്ദു വർഗീസ്, സിന്ധു വി. നായർ, അന്നമ്മ ജോർജ് എന്നിവർ സമർപ്പിച്ച പരാതിയിലാണ് നടപടി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top