‘സ്വച്ഛ് ഭാരത്’ പേരിൽ മാത്രം: ഇന്നും പേടിസ്വപ്നമായി പൊതുശൗചാലയങ്ങൾ, ഭൂരിഭാഗവും ഉപയോഗശൂന്യം

ന്യൂഡൽഹി: വെളിയിട വിസർജ്ജന മുക്ത ഇന്ത്യ എന്ന പേരിൽ മോദി സർക്കാർ കൊട്ടിഘോഷിച്ച് തുടങ്ങിയ സ്വച്ഛ് ഭാരത് അഭിയാൻ ലക്ഷ്യം കാണാത്ത അവസ്ഥയിൽ. നിർമ്മിച്ച പൊതു ശൗചാലയങ്ങളിൽ പകുതിയിലേറെയും ഉപയോഗശൂന്യമാണ് . ലോക്കൽ സർക്കിൾ എന്ന സമൂഹ മാധ്യമ സർവേയിലാണ് പൊതുശൗചാലയങ്ങളുടെ അവസ്ഥ സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നത് .
രാജ്യമൊട്ടാകെയുള്ള നഗരങ്ങളിൽ നടത്തിയ സർവേയിൽ 52 ശതമാനം ശൗചാലയങ്ങളും വളരെ മോശം അവസ്ഥയിലാണ്. 30 ശതമാനം നേരിയ പുരോഗതിയും 12 ശതമാനം നല്ല രീതിയിൽ മെച്ചപ്പെട്ടതായും പറയുന്നു. സ്വച്ഛ് ഭാരത് അഭിയാൻ- അർബനു കീഴിൽ 6,36,826 പൊതുകക്കൂസുകളാണ് നിർമിച്ചത്. ഇതിനുശേഷം നഗരപരിധിയിലെ 4355 തദ്ദേശസ്ഥാപനങ്ങൾ വെളിയിട വിസർജ്ജന മുക്തം അഥവാ ODF ആയും, 3547 എണ്ണം ODF+ ആയും 1191 ODF++ ആയും പ്രഖ്യാപിച്ചു. മാലിന്യ നിർമ്മാർജ്ജനത്തിനടക്കം കൃത്യമായ സംവിധാനമുള്ള ടോയിലെറ്റുകൾക്കാണ് +,++ പദവി നൽകുന്നത്. എന്നാൽ നിർമിച്ച പലതും ഉപയോഗശൂന്യമെന്ന തരത്തിലാണ് ഇപ്പോൾ റിപ്പോർട്ട് വരുന്നത്.
പൊതു ശൗചാലയങ്ങൾ ഉപയോഗിക്കുന്നവർ വെറും 18 ശതമാനം മാത്രമാണ്. 43 ശതമാനം ആളുകളും ആശ്രയിക്കുന്നത് മുന്തിയ ഹോട്ടലുകളിലെയോ മാളുകളിലെയോ ടോയ്‌ലെറ്റുകളാണ്. പൊതു ശൗചാലയങ്ങളിൽ കയറുന്നത് പേടിസ്വപ്നമാണെന്ന അഭിപ്രായമാണ് അധികംപേർക്കുമുള്ളത്. പെട്രോൾ പമ്പുകളെ ആശ്രയിക്കുന്നവർ പോലും വെറും 15 ശതമാനം മാത്രം.
പൊതു ശൗചാലയം നിർമിക്കുന്നതിന് വേണ്ടിയാണ് പെട്രോൾ സെസ് ഉൾപ്പെടെ വർധിപ്പിച്ചതെന്നാണ് പ്രധാനമന്ത്രി മുൻപ് പറഞ്ഞത്. എന്നാൽ അതുകൊണ്ട് ജനങ്ങളുടെ സാമ്പത്തിക പ്രതിസന്ധി കൂടിയതല്ലാതെ മെച്ചപ്പെട്ട മാറ്റങ്ങൾ ഒന്നും ഉണ്ടായില്ലെന്നാണ് വിലയിരുത്തൽ.
അതേസമയം കേരളത്തിലെ സ്ഥിതിയിൽ നേരിയ വ്യത്യാസമുണ്ട്. പൊതു ഇടങ്ങളിലെ ടോയ്‌ലെറ്റുകൾ മിക്കവയും ഉപയോഗിക്കാൻ കഴിയുന്ന അവസ്ഥയിലാണെന്ന് ശുചിത്വ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ കെ.ടി.ബാലഭാസ്കരൻ മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു. എന്നാൽ ഇ-ടോയ്‌ലെറ്റുകൾ പലതും അടഞ്ഞു കിടക്കുകയാണ്. പലതും സാങ്കേതിക പ്രശ്നങ്ങൾ കൊണ്ടാണ് പൂട്ടി ഇട്ടിരിക്കുന്നത്. അതിനുപകരം സാധാരണ ശൗചാലയങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്. പേ ആൻഡ് യൂസ് ടോയ്‌ലറ്റുകൾ മിക്കതും വൃത്തിയുള്ളവയാണെന്നാണ് പൊതുഅഭിപ്രായം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here