മന്ത്രിമാരുടെ ശല്യം സഹിക്കാൻ വയ്യ; സ്പീക്കർക്ക് പരാതി നൽകി വനിതാ എംഎൽഎ

മന്ത്രിമാരിൽ നിന്ന് നിരന്തരം ബുദ്ധിമുട്ട് നേരിട്ടതിനെ തുടർന്ന് സ്പീക്കർക്ക് പരാതി നൽകി വനിത എംഎൽഎ. പുതുച്ചേരി എംഎൽഎയും മുൻ ഗതാഗത മന്ത്രിയുമായ ചന്ദിര പ്രിയങ്കയാണ് പരാതിയുമായി സ്പീക്കർക്ക് മുന്നിൽ എത്തിയത്. രണ്ടു മന്ത്രിമാരിൽ നിന്നാണ് നിരന്തരം ശല്യം നേരിടുന്നത്. തന്നെ ജോലി ചെയ്യാൻ പോലും അനുവദിക്കില്ലെന്ന് പറഞ്ഞാണ് പരാതി നൽകിയത്. കാരെെക്കാലിൽ നിന്ന് കോൺഗ്രസ് ടിക്കറ്റിൽ വിജയിച്ചാണ് ചന്ദിര നിയമസഭയിൽ എത്തിയത്. സ്വന്തം മുന്നണിയിൽ നിന്നും ബിജെപിയിൽ നിന്നുമുള്ള മന്ത്രിമാർക്കെതിരെയാണ് പരാതി നൽകിയത്.
സോഷ്യൽ മീഡിയ വഴിയാണ് എംഎൽഎ ഈ വിവരം ആദ്യം തുറന്നു പറഞ്ഞത്. മുഖ്യമന്ത്രിക്കും പരാതി നൽകിയിരുന്നു. സംഭവത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് സ്പീക്കർ. ഗതാഗത മന്ത്രിയായിരുന്ന ചന്ദിര 2023ലാണ് രാജിവെയ്ക്കുന്നത്. സ്ത്രീയെന്ന നിലയിൽ വളരെയധികം ദുരനുഭവങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. ജാതീയമായും അവഹേളനങ്ങൾ നേരിട്ടതിന് ശേഷമാണ് രാജിവെയ്ക്കുന്നത്. സംഭവം നടന്ന രണ്ട് വർഷത്തിനുശേഷമാണ് ഇപ്പോൾ ആരോപണവുമായി എംഎൽഎ രംഗത്തെത്തിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. മുൻ കോൺഗ്രസ് നേതാവ് എസ് ചന്ദ്രഹാസുവിന്റെ മകളാണ് ചന്ദിര പ്രിയങ്ക.
ഉയർന്ന സ്ഥാനത്ത് ഒരു സ്ത്രീയെത്തുന്നത് ആർക്കും ഇഷ്ടമല്ല. എല്ലാ പ്രതിസന്ധികളും തരണം ചെയ്ത് അവർ ഉയർന്നു വന്നാൽ അവളെ എങ്ങനെയും താഴെയിറക്കണം എന്ന ചിന്തയാണ്. അതിനുവേണ്ടി അവളെ അപമാനിക്കുകയും ചെയ്യുന്നു. അവസാനം രാഷ്ട്രീയ ഭാവിയും തകർക്കുന്നു. ഇങ്ങനെയുള്ള രാഷ്ട്രീയമല്ല തന്റെ അച്ഛൻ തന്നെ പഠിപ്പിച്ചത്. തെറ്റ് ചെയ്തിട്ട് അത് ചോദ്യം ചെയ്യാൻ ആരും വരില്ല എന്ന് കരുതുന്നത് മണ്ടത്തരമാണെന്നും ചന്ദിര പറഞ്ഞു.
തനിക്ക് പുറത്തിറങ്ങാൻ പോലും പറ്റാത്ത അവസ്ഥയാണ്. താൻ എവിടെപ്പോയാലും നിരീക്ഷിക്കാൻ ആളുകൾ ചുറ്റുമുണ്ട്. ഫോൺ വിവരങ്ങൾ പോലും ചോർത്തുന്നു. അതുകൊണ്ടുതന്നെ തനിക്ക് ഒരു സുരക്ഷിതത്വവും ഇല്ല. എംഎൽഎയും മുൻ മന്ത്രിയുമായ തന്റെ അവസ്ഥ ഇതാണെങ്കിൽ വെറുമൊരു സാധാരണക്കാരന്റെ അവസ്ഥ എന്തായിരിക്കും. എങ്ങനെയൊക്കെ തന്നെ തകർക്കാൻ ശ്രമിച്ചാലും തനിക്ക് ഒന്നും സംഭവിക്കില്ല എന്നാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ ചന്ദിര പറഞ്ഞത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here