പകവീട്ടി പുളിക്കക്കണ്ടം ബ്രോസ്!! സിപിഎമ്മിനും ജോസ് കെ.മാണിക്കും ഇരുട്ടടി; പാലാ ഭരണം ഇനി ബിനു തീരുമാനിക്കും

പാലാ മുനിസിപ്പാലിറ്റി ഇനിയാര് ഭരിക്കണമെന്ന് പുളിക്കക്കണ്ടം കുടുംബക്കാര് തീരുമാനിക്കും. തന്നെ ചവിട്ടി പുറത്താക്കിയ സിപിഎമ്മിനോടും അതിിന് വഴിയൊരുക്കിയ ജോസ് കെ മാണിയോടും പ്രതികാരം തീർക്കാനുള്ള ഗോൾഡൻ ചാൻസ് ബിനു പുളിക്കക്കണ്ടം വിനിയോഗിക്കും എന്നുറപ്പാണ്. 20 വർഷമായി കൗൺസിലറായി തുടരുന്ന ബിനുവിൻ്റെ സ്വതന്ത്രതന്ത്രം വിജയിച്ചതിൻ്റെ ഞെട്ടലിലാണ് സിപിഎമ്മും കേരള കോൺഗ്രസും.
പാലാ നഗരസഭയിൽ ഇപ്പോൾ ആർക്കും നിർണായക ഭൂരിപക്ഷമില്ലാത്ത അവസ്ഥയാണ്. കൂട്ടലും കിഴിക്കലും കഴിഞ്ഞപ്പോൾ പത്ത് സീറ്റാണ് യുഡിഎഫിനുള്ളത്. എൽഡിഎഫ് 11 സീറ്റും. നഗരസഭയിൽ 5 സ്വതന്ത്രന്മാരാണ് ജയിച്ചിട്ടുള്ളത്. ഇതിൽ മൂന്ന് പേരും പുളിക്കക്കണ്ടം കുടുംബാംഗങ്ങളാണ്. ഇവർ മൂവരും യു.ഡി.എഫിന് പിന്തുണ നൽകുമെന്ന സൂചനയാണ് പുറത്തുവരുന്നത്. ഡിസിസി നേതൃത്വം ബിനുവുമായി ഇന്നലെത്തന്നെ ചർച്ച തുടങ്ങി.
40 വർഷം കേരള കോൺഗ്രസ് (എം) പാലാ നിയോജക മണ്ഡലം വൈസ് പ്രസിഡന്റായിരുന്ന പി.വി.സുകുമാരൻ നായർ പുളിക്കക്കണ്ടത്തിന്റെ മക്കളാണ് ബിനുവും ബിജുവും. നിലവിലെ നഗരസഭയിലേക്ക് സിപിഎം ചിഹ്നത്തിൽ മത്സരിച്ച് ജയിച്ച ഏക പ്രതിനിധിയായിരുന്നു ബിനു. എന്നാൽ ജോസ് കെ മാണിയുടെ അതൃപ്തി നിമിത്തം അധ്യക്ഷസ്ഥാനം സിപിഎം നിരസിച്ചു. ഒടുവിൽ പാർട്ടിയിൽ നിന്ന് പുറത്താക്കുകയും ചെയ്തു.
ബിനുവിന്റെ മകൾ ദിയയുടെ ആദ്യ മത്സരമായിരുന്നു ഇത്. നഗരസഭയിലെ 13,14, 15 വാർഡുകളിലാണ് ഇവർ മത്സരിച്ചത്. മുരിക്കുംപുഴ 13–ാം വാർഡിൽ 94 വോട്ടിനു ബിനുവിൻ്റെ മൂത്ത സഹോദരൻ ബിജുവും പരിപ്പിൽകുന്ന് 14–ാം വാർഡിൽ 140 വോട്ടിന് ബിനുവും പാലംപുരയിടം 15– ാം വാർഡിൽ ദിയ 91 വോട്ടിനുമാണ് വിജയിച്ചത്. സിപിഎമ്മും ജോസ് കെ മാണിയും നടത്തിയ കൂട്ടുകച്ചവടത്തിന് മകളിലൂടെ മറുപടി നൽകാനൊരുങ്ങുകയാണ് ബിനു.
ബിജെപിയുടെയും സിപിഎമ്മിൻ്റെ ഒപ്പംനിന്ന് ബിനു മുൻപ് ജയിച്ചിട്ടുണ്ട്. കെ എസ് യു കോട്ടയം ജില്ലാ പ്രസിഡൻ്റായിരുന്നു. കരുണാകരൻ രൂപീകരിച്ച ഡി ഐസിയിലും ബിനു സജീവമായിരുന്നു. അതേസമയം പാലായിൽ മാണി കേരള കോൺഗ്രസിൻ്റെ അപ്രമാദിത്വം ഏത് വിധേനയും തകർക്കണമെന്ന നിശ്ചയത്തിലാണ് പ്രാദേശിക കോൺഗ്രസ് നേതൃത്വം. ഇത്തവണ ജോസ് കെ മാണിയുടെ വീടിരിക്കുന്ന വാർഡ് പോലും കോൺഗ്രസ് പിടിച്ചെടുത്ത് ഞെട്ടിച്ചിരിക്കയാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here