പഞ്ചാബ് ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാനായി പെന്തക്കോസ്ത് പാസ്റ്റര്‍; മുഖ്യധാര സഭകളെ ഒഴിവാക്കി ആം ആദ്മി സര്‍ക്കാര്‍

പഞ്ചാബിലെ ആം ആദ്മി സര്‍ക്കാര്‍ പെന്തക്കോസ്ത് സഭാ വിശ്വാസിയായ പാസ്റ്ററിനെ ആദ്യമായി സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാനായി നിയമിച്ചു. മുഖ്യധാര സഭകളായ കത്തോലിക്ക, പ്രൊട്ടസ്റ്റന്റ്, ആംഗ്ലിക്കന്‍ സഭകളെ ഒഴിവാക്കിയാണ് പെന്തക്കോസ്ത് സഭാംഗമായ ജതീന്ദ്രര്‍ മാസിഹ് ഗൗരവിനെ (Jatinder Masih ‘Gaurav’) ചെയര്‍മാനാക്കിയത്. സമീപകാലത്തായി പഞ്ചാബില്‍ ന്യൂ ജെന്‍ പെന്തക്കോസ്ത് സഭകളുടെ വളര്‍ച്ചയില്‍ ഒരു കുതിച്ചു ചാട്ടം തന്നെ ഉണ്ടായിട്ടുണ്ട്. ഇതുതന്നെയാണ് ഈ നിയമനത്തിനും കാരണം.
മുഖ്യധാരസഭകളെ കടത്തിവെട്ടും വിധത്തിലാണ് പഞ്ചാബിലെ പുതു തലമുറ പെന്തക്കോസ്ത് സഭകളുടെ വളര്‍ച്ച. ഒട്ടുമിക്ക ഇത്തരം സഭകളും വ്യക്തി അധിഷ്ഠിത കൂട്ടായ്മകളാണ്. ആയിരക്കണക്കിന് പേരാണ് ഇവരുടെ പ്രാര്‍ത്ഥനാ യോഗങ്ങളില്‍ പങ്കെടുക്കുന്നത്. പഞ്ചാബില്‍ കഴിഞ്ഞ കുറെ നാളുകളായി ഒരു കള്‍ട്ട് ഫിഗറായി മാറിയ പാസ്റ്റര്‍ അങ്കുര്‍ യോസേഫ് നരുലക്ക് (Ankur Yoseph Narula ) സംസ്ഥാനത്ത് ലക്ഷക്കണക്കിന് അനുയായികളുണ്ട്. അവരിലെ പ്രമുഖനാണ് ജതീന്ദ്രര്‍ മാസിഹ് ഗൗരവ്.

ഗുരുദാസ്പൂര്‍ ജില്ലയിലെ കലനൗറിലെ പ്രൊട്ടസ്റ്റന്റ് കുടുംബത്തില്‍ നിന്നുള്ള ജതീന്ദര്‍ രന്ധാവ, ഏകദേശം ഒരു പതിറ്റാണ്ട് മുമ്പ് പാസ്റ്റര്‍ നരുളയുടെ അനുയായിയായി മാറുകയും ജതീന്ദര്‍ മാസിഹ് ഗൗരവ് എന്ന പേര് സ്വീകരിക്കുകയും ചെയ്തു. വിശ്വസ്ത സഹായിയായി മാറിയതോടെ, അങ്കുര്‍ നരുള മിനിസ്ട്രീസ് മാനേജ്‌മെന്റ് കമ്മിറ്റിയുടെ പ്രസിഡന്റായി നിയമനം നല്‍കി. ഇപ്പോള്‍ ഗ്ലോബല്‍ ക്രിസ്ത്യന്‍ ആക്ഷന്‍ കമ്മിറ്റിയുടെ പ്രസിഡന്റുമായി പ്രവര്‍ത്തിക്കുകയാണ്.
ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് മാത്രമാണ അങ്കുര്‍ ബാബ എന്നറിയപ്പെടുന്ന പാസ്റ്റര്‍ അങ്കുര്‍ യോസഫ് നരുല പൊതുമണ്ഡലത്തില്‍ ശ്രദ്ധ നേടിയത്. പ്രാര്‍ത്ഥനകളിലൂടെയും ശാരീരിക സ്പര്‍ശനത്തിലൂടെയും പാസ്റ്റര്‍ നരുല ആളുകള്‍ക്ക് ആത്മീയ രോഗശാന്തി നല്‍കുന്നു. ജലന്ധര്‍ നകോദര്‍ റോഡിലെ ഖംബ്ര ഗ്രാമത്തിലുള്ള പാസ്റ്റര്‍ അങ്കുര്‍ നരുല നടത്തുന്ന പെന്തക്കോസ്ത് പള്ളിയിലെ ആരാധനയില്‍ നാല് ലക്ഷം പേരാണ് സാധാരണ ദിവസങ്ങളില്‍ പങ്കെടുക്കുന്നത്. ദലിത്, പിന്നോക്ക വിഭാഗങ്ങളില്‍ ഉള്‍പ്പെട്ടവരാണ് ഇയാളുടെ സഭയിലെ അംഗങ്ങളില്‍ ബഹുഭൂരിപക്ഷവും.

പാസ്റ്റര്‍ നരുലയുടെ അനുയായികള്‍ ആം ആദ്മി പാര്‍ട്ടിയോട് ആഭിമുഖ്യം പുലര്‍ത്തുന്നവരാണ്. 160ലധികം പള്ളികള്‍ ഇയാളുടെ കീഴിലുണ്ട്. ചര്‍ച്ച് ഓഫ് സൈന്‍സ് ആന്‍ഡ് വണ്ടേഴ്സ് എന്നാണ് ഇയാളുടെ സഭയുടെ പേര്. ഏഷ്യയിലെ ഏറ്റവും വലിയപള്ളിയാണ് ജലന്ധറില്‍ സ്ഥാപിച്ചതെന്നാണ് ഇവര്‍ പറയുന്നത്. 50000 പേര്‍ക്ക് ഓരേസമയം ആരാധനയില്‍ പങ്കെടുക്കാനാവുമെന്നാണ് സഭാ അധികൃതരുടെ അവകാശവാദം

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here