‘അവിഹിതമെന്നത് മകന്റെ ഭാവന’; മരണ കാരണം ലഹരി ഓവർഡോസെന്ന് ഡിജിപി

മകൻ്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് കൊലപാതക കുറ്റം ചുമത്തി എഫ്‌ഐആർ രജിസ്റ്റർ ചെയ്തതിന് പിന്നാലെ ആരോപണങ്ങൾ പൂർണ്ണമായും നിഷേധിച്ച് മുൻ പഞ്ചാബ് ഡിജിപി മുഹമ്മദ് മുസ്തഫ. മകൻ്റെ മരണം മയക്കുമരുന്ന് അമിത ഉപയോഗം കാരണമാണെന്നും, കേസ് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്നും അദ്ദേഹം ആരോപിച്ചു. 2021-ലാണ് മുസ്തഫ സർവ്വീസിൽ നിന്ന് വിരമിച്ചത്. അഖിൽ അക്തറിൻ്റെ മരണവുമായി ബന്ധപ്പെട്ട് മുസ്തഫ, അദ്ദേഹത്തിൻ്റെ ഭാര്യയും മുൻ മന്ത്രിയുമായ റസിയ സുൽത്താന, മകൾ, മരുമകൾ എന്നിവർക്കെതിരെയാണ് ഹരിയാന പോലീസ് കേസെടുത്തിരിക്കുന്നത്.

മകൻ അഖിലിന് കഴിഞ്ഞ 18 വർഷമായി മയക്കുമരുന്ന് ആസക്തി ഉണ്ടായിരുന്നുവെന്ന് മുസ്തഫ തുറന്നു പറഞ്ഞു. മയക്കുമരുന്നിന് വേണ്ടി അഖിൽ പലപ്പോഴും ഭാര്യയെയും അമ്മയെയും ഉപദ്രവിച്ചിരുന്നതായും അദ്ദേഹം വെളിപ്പെടുത്തി. ഡെറാഡൂണിലെ വെൽഹാം ബോയ്‌സ് സ്‌കൂളിൽ പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് മകൻ മയക്കുമരുന്നിന് അടിമയാകുന്നത്. ഇക്കാരണത്താൽ പല സ്കൂളുകളിൽ നിന്നും പുറത്താക്കപ്പെട്ടു. മയക്കുമരുന്ന് ഉപയോഗം കാരണം കടുത്ത മാനസിക വിഭ്രാന്തിയിലായിരുന്നു.

“കഴിഞ്ഞ 18 വർഷമായി ഞങ്ങൾ അവന് ചണ്ഡീഗഢിലെ പിജിഐഎംഇആറിൽ ചികിത്സ നൽകിവരികയായിരുന്നു. പക്ഷേ, അവൻ വീണ്ടും അതിലേക്ക് തന്നെ മടങ്ങിയെത്തും. അവൻ ഒരിക്കൽ ഞങ്ങളുടെ വീടിന് തീയിട്ടിട്ടുണ്ട്” മുഹമ്മദ് മുസ്തഫ മാധ്യമങ്ങളോട് പറഞ്ഞു.

Also Read : ലഹരിക്കേസിൽ പിടിയിലായ ഇന്ത്യക്കാരൻ റഷ്യൻ സൈന്യത്തിൽ!! യുക്രെയ്ന് കീഴടങ്ങിയ ഗുജറാത്തിയുടെ വെളിപ്പെടുത്തൽ ഞെട്ടിക്കും

പലതവണ പോലീസിൽ പരാതി നൽകിയിരുന്നുവെങ്കിലും മകനായത് കൊണ്ട് പിന്നീട് പരാതികൾ പിൻവലിച്ചുവെന്നും മുസ്തഫ പറഞ്ഞു. ഒക്ടോബർ 16-നാണ് പഞ്ച്കുളയിലെ വീട്ടിൽ അഖിലിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിന് തൊട്ടുമുമ്പ് അഖിൽ റെക്കോർഡ് ചെയ്ത ഒരു വീഡിയോ പരാതിക്കാരൻ തെളിവായി ഹാജരാക്കി. തൻ്റെ ജീവന് ഭീഷണിയുണ്ടെന്നും കുടുംബാംഗങ്ങൾ തന്നെ കള്ളക്കേസിൽ കുടുക്കാനോ കൊല്ലാനോ ശ്രമിക്കുന്നുണ്ടെന്നും അഖിൽ ആരോപിച്ചിരുന്നു

“എൻ്റെ ഭാര്യയുമായി അച്ഛന് അവിഹിത ബന്ധമുണ്ട്” എന്നതടക്കമുള്ള ഗുരുതരമായ ആരോപണങ്ങൾ അഖിൽ വീഡിയോയിൽ ഉന്നയിച്ചിരുന്നു. എന്നാൽ, ഈ ആരോപണങ്ങളെല്ലാം മുസ്തഫ പൂർണ്ണമായി നിഷേധിച്ചു. “ഭാര്യയുമായി അവിഹിതമെന്നത് അവൻ്റെ ഭാവന മാത്രമാണ്” എന്ന് മുസ്തഫ പ്രതികരിച്ചു.

എന്നാൽ, ഇതിന് പിന്നാലെ അഖിൽ തന്നെ മറ്റൊരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. “ഞാൻ നേരത്തെ ഒരു വീഡിയോ ഇട്ടിരുന്നു. അതിൽ പലതും പറഞ്ഞു. അത് എൻ്റെ മാനസിക അസുഖം കാരണമാണ്. എനിക്ക് ഇത്രയും നല്ലൊരു കുടുംബത്തെ കിട്ടിയത് എൻ്റെ അനുഗ്രഹമാണ്,” എന്നാണ് രണ്ടാമത്തെ വീഡിയോയിൽ പറയുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top