കളിക്കളത്തിലെ കൊലപാതകം! 48 മണിക്കൂറിനുള്ളിൽ പ്രതിയെ തീർത്ത് പോലീസ്

പഞ്ചാബിലെ മൊഹാലിയിൽ കബഡി ടൂർണമെന്റിനിടെ മുപ്പതുകാരനായ താരത്തെ വെടിവച്ചു കൊന്ന കേസിലെ മുഖ്യപ്രതി പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. നൗഷേര പന്നുവൻ സ്വദേശിയായ ഹർപീന്ദർ ആണ് കൊല്ലപ്പെട്ടത്.
പ്രതിയെ പിടികൂടാനുള്ള ശ്രമത്തിനിടെ ഉണ്ടായ വെടിവെപ്പിലാണ് ഹർപീന്ദറിന് പരിക്കേറ്റത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഏറ്റുമുട്ടലിൽ രണ്ട് പോലീസ് ഉദ്യോഗസ്ഥർക്കും പരിക്കേറ്റിട്ടുണ്ട്. ഇവർ ചികിത്സയിലാണ്. ഹർപീന്ദർ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പോലീസ് അറിയിച്ചു.
കഴിഞ്ഞ തിങ്കളാഴ്ച വൈകുന്നേരം മൊഹാലിയിലെ സോഹാനയിൽ നടന്ന കബഡി ടൂർണമെന്റിനിടെയാണ് കബഡി താരവും പ്രൊമോട്ടറുമായ കൻവർ ദിഗ്‌വിജയ് സിംഗ് വെടിയേറ്റു മരിച്ചത്. ബൈക്കിലെത്തിയ സംഘം കാണികൾക്ക് മുന്നിലിട്ട് റാണയ്ക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും അദ്ദേഹം മരിച്ചു.
കൊലപാതകത്തിന് പിന്നിൽ ഗുണ്ടാസംഘമാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതിൽ രണ്ട് ഷൂട്ടർമാരെ നേരത്തെ തിരിച്ചറിഞ്ഞിരുന്നു. അമൃത്സർ സ്വദേശികളായ ആദിത്യ കപൂർ, കരൺ പഥക് എന്നിവരാണ് ഇവർ. കബഡി ടൂർണമെന്റുകളിൽ ആധിപത്യം ഉറപ്പിക്കാനാണ് ഗുണ്ടാസംഘം ഈ കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് പോലീസ് സംശയിക്കുന്നത് . ജയിലിൽ കഴിയുന്ന കുപ്രസിദ്ധ ഗുണ്ടാതലവൻ ജഗ്ഗു ഭഗവാൻപുരിയയുമായി റാണയ്ക്ക് അടുത്ത ബന്ധമുണ്ടെന്ന സംശയവും കൊലപാതകത്തിലേക്ക് നയിച്ചതായി പറയപ്പെടുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here