ഗുണ്ടാസംഘങ്ങളെ വേരോടെ പിഴുതെറിയാൻ പഞ്ചാബ്; ‘ഓപ്പറേഷൻ പ്രഹാർ’ തുടങ്ങി, 12,000 പോലീസുകാർ രംഗത്ത്

മയക്കുമരുന്നിനെതിരെയുള്ള പോരാട്ടത്തിന് പിന്നാലെ, സംസ്ഥാനത്തെ ഗുണ്ടാസംഘങ്ങളെ പൂർണ്ണമായും ഇല്ലാതാക്കാൻ ലക്ഷ്യമിട്ടുള്ള വിപുലമായ നടപടികളുമായി പഞ്ചാബ് സർക്കാർ. ഇതിനായി ‘ഓപ്പറേഷൻ പ്രഹാർ’ എന്ന പേരിൽ സംസ്ഥാനവ്യാപകമായി റെയ്ഡുകൾ ആരംഭിച്ചതായി പഞ്ചാബ് പോലീസ് മേധാവി ഗൗരവ് യാദവ് അറിയിച്ചു.

ഗുണ്ടാസംഘങ്ങൾക്ക് ആയുധം എത്തിക്കുന്നവർ, അവർക്ക് ഒളിത്താവളങ്ങൾ ഒരുക്കുന്നവർ, സാമ്പത്തിക സഹായം നൽകുന്നവർ എന്നിവരെയെല്ലാം കണ്ടെത്തി ഗുണ്ടാസംഘങ്ങളുടെ മുഴുവൻ പ്രവർത്തന മേഖലയും തകർക്കുകയാണ് ലക്ഷ്യം. ഓപ്പറേഷന്റെ ഭാഗമായി 12,000ത്തോളം പോലീസ് ഉദ്യോഗസ്ഥരാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പരിശോധന നടത്തുന്നത്. ഗുണ്ടകളെ സഹായിക്കുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്ന് ഡിജിപി മുന്നറിയിപ്പ് നൽകി.

വിദേശത്തേക്ക് കടന്ന ഗുറ്റവാളികളെ കണ്ടെത്തി തിരികെ കൊണ്ടുവരുന്നതിനായി ‘ഓവർസീസ് ഫ്യൂജിറ്റീവ് ട്രാക്കിംഗ് ആൻഡ് എക്‌സ്‌ട്രാഡിഷൻ സെൽ’ (Overseas Fugitive Tracking and Extradition Cell) രൂപീകരിച്ചു. കൂടാതെ ഗുണ്ടകളെക്കുറിച്ചുള്ള വിവരങ്ങൾ പൊതുജനങ്ങൾക്ക് പോലീസിനെ അറിയിക്കാൻ പ്രത്യേക ഹെൽപ്പ്‌ലൈൻ നമ്പറും ആരംഭിച്ചു. വിവരങ്ങൾ നൽകുന്നവരുടെ പേര് വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും.
ലഹരി വിമുക്ത പഞ്ചാബ് എന്ന ലക്ഷ്യത്തിലേക്ക് നീങ്ങുന്നതുപോലെ, ഗുണ്ടാമുക്ത പഞ്ചാബ് ഉറപ്പാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും ഡിജിപി വ്യക്തമാക്കി. 2025ൽ മാത്രം 925 ഗുണ്ടകളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top