ബേപ്പൂരിലേക്ക് അൻവറിന് പരവതാനി വിരിച്ച് ലീഗ്; സി പി എമ്മിന്റെ ഉരുക്കുകോട്ട തകരുമോ?

പി വി അൻവറിനെ ബേപ്പൂരിലേക്ക് സ്വാഗതം ചെയ്ത് മുസ്ലീം ലീഗ് രംഗത്ത്. ബേപ്പൂർ മണ്ഡലത്തിൽ അൻവർ മത്സരിക്കുകയാണെങ്കിൽ യു.ഡി.എഫിന്റെയും ലീഗിന്റെയും പൂർണ്ണ പിന്തുണ ഉണ്ടാകുമെന്ന സൂചനകളാണ് വന്നു കൊണ്ടിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എമ്മിനുമെതിരെ കടുത്ത നിലപാട് സ്വീകരിച്ച അൻവറിനെ തങ്ങളുടെ പാളയത്തിലേക്ക് എത്തിക്കുന്നത് മലബാറിൽ വലിയ രാഷ്ട്രീയ നേട്ടമുണ്ടാക്കുമെന്ന് ലീഗ് കണക്കുകൂട്ടുന്നു. അൻവർ ഉയർത്തുന്ന രാഷ്ട്രീയ വിഷയങ്ങൾ പ്രസക്തമാണെന്നും ന്യൂനപക്ഷ താല്പര്യങ്ങൾ സംരക്ഷിക്കാൻ അദ്ദേഹം നടത്തുന്ന നീക്കങ്ങൾക്ക് പിന്തുണ നൽകുമെന്നും ലീഗ് നേതാക്കൾ വ്യക്തമാക്കി. സി.പി.എമ്മിന്റെ ഉരുക്കുകോട്ടയായ ബേപ്പൂർ മണ്ഡലത്തിൽ അൻവറിനെ ഇറക്കി അട്ടിമറി വിജയം നേടാനാണ് മുസ്ലീം ലീഗ് ലക്ഷ്യമിടുന്നത്.

ബേപ്പൂർ മണ്ഡലത്തിൽ കഴിഞ്ഞ തവണ മന്ത്രി പി.എ. മുഹമ്മദ് റിയാസ് നേടിയ ഭൂരിപക്ഷം സി.പി.എമ്മിന്റെ ആത്മവിശ്വാസം വർദ്ധിപ്പിച്ചിരുന്നു. റിയാസിനെതിരെ രംഗത്തിറക്കാൻ അൻവറിനേക്കാൾ മികച്ചൊരു ആയുധമില്ലെന്ന് ലീഗ് കണക്കുകൂട്ടുന്നു. സി.പി.എമ്മിനുള്ളിലെ അതൃപ്തിയുള്ള വോട്ടുകൾ അൻവർ ഫാക്ടറിലൂടെ യു.ഡി.എഫ് പെട്ടിയിലെത്തിക്കാൻ സാധിക്കുമെന്ന് ലീഗ് കരുതുന്നു. നിലവിൽ ബേപ്പൂർ മണ്ഡലത്തിൽ സന്ദർശനം ആരംഭിച്ച അൻവർ സമുദായ നേതാക്കളെയും പ്രാദേശിക യു.ഡി.എഫ് പ്രവർത്തകരെയും നേരിൽ കണ്ട് അനൗദ്യോഗിക പ്രചാരണം തുടങ്ങി. പക്ഷെ അൻവറിനായി ബേപ്പൂർ പോലുള്ള സിറ്റിംഗ് സീറ്റുകൾ വിട്ടുനൽകുന്നതിനോട് കോൺഗ്രസിലെ പ്രാദേശിക നേതാക്കൾക്ക് വിയോജിപ്പുണ്ട്. സി.പി.എമ്മിൽ നിന്ന് വന്ന ഒരാളെ എത്രത്തോളം വിശ്വസിക്കാം എന്ന ചോദ്യം യു.ഡി.എഫിലെ ഒരു വിഭാഗം ഇപ്പോഴും ഉയർത്തുന്നുണ്ട്.

Also Read : ‘ഒടുവിൽ എത്താൻ പോകുന്നത്…’ രാജിവച്ച അൻവറിൻ്റെ ഭാവി പ്രവചിച്ച് എംവി ഗോവിന്ദൻ

ആദ്യഘട്ടത്തിൽ പി.വി. അൻവറിന്റെ നീക്കങ്ങളോട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അത്ര അനുകൂലമായ നിലപാടായിരുന്നില്ല സ്വീകരിച്ചിരുന്നത്. അൻവർ ഉയർത്തുന്ന വ്യക്തിപരമായ ആരോപണങ്ങൾ കോൺഗ്രസിന്റെ രാഷ്ട്രീയ മൂല്യങ്ങൾക്ക് ചേരുന്നതല്ലെന്ന വികാരമായിരുന്നു എ.ഐ.സി.സി തലത്തിലുണ്ടായിരുന്നത്. ഒടുവിൽ, മുന്നണിയുടെ ഭാഗമാക്കാതെ അസോസിയേറ്റ് മെമ്പർ എന്ന സുരക്ഷിതമായ പദവി നൽകി അൻവറിനെ ചേർത്തുപിടിക്കാൻ സതീശനും സംഘവും തയ്യാറാവുകയായിരുന്നു.

അദ്ദേഹത്തിന്റെ ആക്രമണോത്സുക രാഷ്ട്രീയം മുന്നണിയുടെ സ്വഭാവത്തിന് ചേരുന്നതല്ലെന്ന് കരുതുന്നവരുണ്ട്. അൻവറിന്റെ ഭൂമി ഇടപാടുകളും പഴയ കേസുകളും ഉയർത്തി സി.പി.എം ശക്തമായ പ്രത്യാക്രമണം നടത്താൻ സാധ്യതയുണ്ട്. ഇത് യു.ഡി.എഫിന്റെ പ്രതിച്ഛായയെ കൂടി ബാധിച്ചേക്കാമെന്ന ആശങ്കയും അക്കൂട്ടർ പങ്കവയ്ക്കുന്നുണ്ട്. ബേപ്പൂരിൽ പി.വി. അൻവർ സജീവമായിക്കഴിഞ്ഞു. ലീഗ് നേതാക്കളുമായും സമുദായ നേതാക്കളുമായും അദ്ദേഹം നടത്തുന്ന കൂടിക്കാഴ്ചകൾ വലിയ ആൾക്കൂട്ടത്തെ സൃഷ്ടിക്കുന്നുണ്ട്. സി.പി.എം കോട്ടകളിൽ വിള്ളലുണ്ടാക്കാൻ അൻവറിന് കഴിഞ്ഞാൽ അത് സിപിഎം രാഷ്ട്രീയത്തിൽ നിർണ്ണായകമാകും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top