സതീശന്റെ നേതൃത്വം അംഗീകരിച്ച് പിവി അന്‍വര്‍; ജാനുവിനൊപ്പം യുഡിഎഫില്‍ സഹകരിപ്പിക്കും; വാഗ്ദാനങ്ങളൊന്നുമില്ല

ഏറെ നാളായി യുഡിഎഫ് പ്രവേശനം കാത്ത് നില്‍ക്കുന്ന പിവി അന്‍വറിനെ ഒടുവില്‍ സഹകരിപ്പിക്കാന്‍ യുഡിഎഫില്‍ ധാരണ. അന്‍വറിന്റെ പാര്‍ട്ടിയായ തൃണമൂല്‍ കോണ്‍ഗ്രസിനെ ഘടകക്ഷിയാക്കില്ല. പകരം അസോസിയേറ്റ് കക്ഷിയാക്കി ഉള്‍പ്പെടുത്താനാണ് മുന്നണിയില്‍ ധാരണ ആയിരിക്കുന്നത്. എന്നാല്‍ പ്രാദേശികമായ എതിര്‍പ്പുകള്‍ കൂടി പരിഹരിച്ച ശേഷമേ ഇതുസംബന്ധിച്ച് ഒരു പ്രഖ്യാപനം ഉണ്ടാവുകയുള്ളൂ. നിലമ്പൂര്‍ എംഎല്‍എ ആര്യാടന്‍ ഷൗക്കത്ത് അടക്കം മലപ്പുറം ജില്ലയിലെ ചില യുഡിഎഫ് നേതാക്കള്‍ക്കാണ് അന്‍വറിന്റെ കാര്യത്തില്‍ എതിര്‍പ്പുളളത്. ഇത് പരിഹരിക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്.
പ്രതിപക്ഷ നേതാവി വിഡി സതീശന്‍ അന്‍വറിന്റെ കാര്യത്തില്‍ കടുത്ത് നിലപാടിലായിരുന്നു. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ആയിരുന്ന ആര്യാടന്‍ ഷൗക്കത്തിനെ അധിക്ഷേപിച്ചതിനെ തുടര്‍ന്നാണ് അന്‍വറുമായി ഒരു ചര്‍ച്ചയ്ക്കുമില്ലെന്ന് പ്രതിപക്ഷ നേതാവ് പ്രഖ്യാപിച്ചത്. ഇതോടെ അന്‍വര്‍ തൃണമൂല്‍ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു എങ്കിലും കോണ്‍ഗ്രസിനേയും സതീശനേയും പ്രകോപിപ്പിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഒപ്പം മുസ്ലിംലീഗ് വഴി സമവായ ശ്രമങ്ങളും നടത്തിയിരുന്നു.
അന്‍വറിന്റെ സഹായമില്ലാതെ നിലമ്പൂരില്‍ ജയിച്ചതോടെ വിട്ടുവീഴ്ചയില്ലാത്ത സമീപനം സതീശന്‍ ശക്തമാക്കി. ഇതോടെയാണ് അന്‍വര്‍ സതീശനെ തന്നെ അനുനയിപ്പിക്കാനും നേതൃത്വം അംഗീകരിക്കാനും ശ്രമം തുടങ്ങിയത്. തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാ ചീഫ് കോ ഓര്‍ഡിനേറ്റര്‍ അഡ്വ. വിഎസ് മനോജ് കുമാര്‍ നേരിട്ട് കണ്ട് സതീശനെ ഇക്കാര്യം അറിയിക്കുകയും ചെയ്തു. ഇതോടെയാണ് അന്‍വറിന്റെ കാര്യത്തില്‍ വീണ്ടും ചര്‍ച്ച തുടങ്ങിയത്. നിരമ്പൂരിലും സമീപ പ്രദേശങ്ങളിലെ പഞ്ചായത്തുകളും അന്‍വറിനുള്ള സ്വാധീനവും ഈ തീരുമാനത്തിനു പിന്നിലുണ്ട്.
സികെ ജാനുവിന്റെ പാര്‍ട്ടിയെ നേരത്തെ തന്നെ യുഡിഎഫുമായി സഹകരിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. ഒരു ആദിവാസി പാര്‍ട്ടിയെ സഹകരിപ്പിക്കുന്നത് ഗുണം ചെയ്യുമെന്ന പ്രിയങ്കഗാന്ധിയുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരമാണ് ജാനുവിനെ സഹകരിപ്പിക്കാന്‍ തീരുമാനിച്ചത്. സമാനമായ രീതിയില്‍ തൃണമൂല്‍ കോണ്‍ഗ്രസിനേയും സഹകരിപ്പിക്കും. ഇന്നലെ ഓണ്‍ലൈനായി ചേര്‍ന്ന യുഡിഎഫ് യോഗത്തില്‍ ഇതില്‍ ധാരണയായിട്ടുണ്‍. ആര്യാടന്‍ ഷൗക്കത്തിനെ അടക്കം അനുനയിപ്പിച്ച ശേഷമേ ഇതുസംബന്ധിച്ച് പ്രഖ്യാപനം ഉണ്ടാവുകയുള്ളൂ. ഇത് അടുത്ത യുഡിഎഫ് യോഗത്തില്‍ ഉണ്ടാകും എന്നാണ് കരുതുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here