ഒടുവിൽ അൻവർ കാല് പിടിച്ച് യുഡിഎഫിൽ കയറി; വളയമില്ലാതെ ചാടാൻ അനുവദിക്കില്ലെന്ന് നിർദ്ദേശം

മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിച്ച് എംഎൽഎ സ്ഥാനം രാജിവെച്ച് രക്തസാക്ഷി പരിവേഷത്തിൽ യുഡിഎഫിൽ അംഗത്വം വേണമെന്ന് മസില് പിടിച്ച് നടന്ന പി വി അൻവറിൻ്റെ ചിറക് വെട്ടിയാണ് യുഡിഎഫിൽ പ്രവേശിപ്പിക്കുന്നത്. നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് കാലത്ത് താൻ നിർദ്ദേശിക്കുന്നവരെ യുഡിഎഫ് സ്ഥാനാർത്ഥിയാക്കണമെന്ന് നിർബന്ധം പിടിച്ചെങ്കിലും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വഴങ്ങാൻ തയ്യാറായില്ല.
അതിന് പിന്നാലെ അൻവർ നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിച്ച് തോറ്റു തുന്നം പാടി. അതോടെ ത്രിശങ്കുവിലായ അദ്ദേഹം യുഡിഎഫ് പ്രവേശനത്തിനായി കാത്തിരുന്നതിന് ഫലം കിട്ടി. കോൺഗ്രസിൽ തുടങ്ങിയ അൻവറിൻ്റെ രാഷ്ടീയ ജീവിതം ഇടത് ആഭിമുഖ്യത്തിലൂടെ രണ്ട് വട്ടം നിലമ്പൂരിൽ എം എൽ എ ആയി. ഒന്നര വർഷം മുമ്പ് പിണറായിയുമായി തെറ്റിപ്പിരിഞ്ഞ് എംഎൽ എ സ്ഥാനം രാജിവെച്ച് തൃണമൂൽ കോൺഗ്രസി ൽ ചേർന്നു. ഒടുവിൽ തൃണമൂൽ വഴി യുഡിഎഫിലേക്ക് പ്രവേശനവും തരമാക്കി.
Also Read : മുന്നണി യോഗത്തില്‍ കയറ്റില്ല; യുഡിഎഫ് എന്ന് പറയാം; അന്‍വറിന്റേയും ജാനുവിന്റേയും അസോസിയേറ്റ് ജീവിതം ഇങ്ങനെ
നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് കാലത്ത് അനാവശ്യ വിലപേശലും അവകാശവാദങ്ങളും അനുവദിക്കില്ലെന്ന് യുഡിഎഫ് തറപ്പിച്ച് പറഞ്ഞതോടെ അൻവർ രാഷ്ട്രീയമായി പെരുവഴിയിലാവുകയായിരുന്നു. മുസ്ലീം ലീഗ് വഴി സമ്മർദ്ദം ചെലുത്തി യുഡിഎഫിൽ കയറാൻ നടത്തിയ ശ്രമങ്ങളും പൊളിഞ്ഞതോടെ സതീശൻ സമർത്ഥനും മഹാനാണെന്നുമൊക്കെ പുകഴ്ത്തൽ നടത്തുന്നതും പതിവായിരുന്നു. തരാതരം പോലെ നിലപാട് മാറ്റുകയും രാഷ്ടീയ മര്യാദകൾക്കപ്പുറത്തായി വെല്ലുവിളികളും അവകാശവാദങ്ങൾ ഉന്നയിക്കുന്നതും പതിവാക്കിയ നേതാവാണ് അദ്ദേഹം.
ദേശീയ തലത്തിൽ കോൺഗ്രസ് നിലപാടുകളോട് അകലം പാലിച്ചു നിൽക്കുന്ന തൃണമൂൽ കോൺഗ്രസിന് പൂർണ അംഗത്വം നൽകാനാവില്ലെന്ന് ആദ്യ ഘട്ടത്തിൽ തന്നെ കോൺഗ്രസ് നേതൃത്വം വ്യക്തമാക്കിയിരുന്നു. ബേപ്പൂരിൽ യുഡിഎഫ് സ്വതന്ത്രനായി മത്സരിക്കാൻ താല്പര്യമുണ്ടെന്ന് അൻവർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പോടെ അൻവറിൻ്റെ മങ്ങിപ്പോയ രാഷ്ട്രീയം വീണ്ടും പച്ച പിടിക്കുമോ എന്ന് കാത്തിരുന്ന് കാണാം. മുന്നണി മര്യാദകൾ പാലിക്കണമെന്ന കർശന സന്ദേശവും യുഡിഎഫ് നേതൃത്വം നല്കിയതായാണ് സൂചന.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here