ബേപ്പൂർ ‘സുൽത്താൻ’ ആകാൻ അൻവർ; വെല്ലുവിളി ഏറ്റെടുത്ത് റിയാസ്; പോരാട്ടം മുറുകും

ബേപ്പൂർ മണ്ഡലത്തിൽ പി.വി.അൻവറിന്റെ സ്ഥാനാർത്ഥിത്വ ചർച്ചകൾ സജീവമായതോടെ കേരളം ഉറ്റുനോക്കുന്ന ഒരു വിഐപി പോരാട്ടത്തിനാണ് കളമൊരുങ്ങുന്നത്. ഇടതുപക്ഷത്തിന്റെ ഉറച്ച കോട്ടയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ബേപ്പൂരിൽ ഇക്കുറി അട്ടിമറി ലക്ഷ്യമിട്ടാണ് അൻവറിന്റെ നീക്കം.
മന്ത്രി മുഹമ്മദ് റിയാസിനെതിരെ മത്സരിക്കാൻ ലക്ഷ്യമിട്ട് പി.വി.അൻവർ മണ്ഡലത്തിൽ സജീവമായിക്കഴിഞ്ഞു. യുഡിഎഫ് അസോസിയേറ്റ് അംഗമായതിന് പിന്നാലെ ബേപ്പൂരിൽ എത്തിയ അൻവർ, യുഡിഎഫ് നേതാക്കളുമായും സമുദായ നേതാക്കളുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പിലെ കണക്കുകൾ പ്രതീക്ഷ നൽകുന്നതാണെന്നും വിജയം ഉറപ്പാണെന്നുമാണ് അൻവർ ക്യാമ്പിന്റെ അവകാശവാദം.
അതേസമയം, ജനാധിപത്യപരമായ ഏത് മത്സരത്തെയും സ്വാഗതം ചെയ്യുന്നുവെന്നും ആര് വന്നാലും തന്നെ ബാധിക്കില്ല എന്നുമാണ് സിറ്റിങ് എംഎൽഎ കൂടിയായ മന്ത്രി റിയാസിന്റെ പ്രതികരണം. മണ്ഡലത്തിൽ നടത്തിയ വികസനത്തിലും ജനങ്ങളിലുമാണ് തന്റെ വിശ്വാസമെന്ന് റിയാസ് പറയുന്നു. എന്നാൽ വികസന ചർച്ചകളേക്കാൾ ഉപരിയായി വ്യക്തിപരമായ പോരാട്ടത്തിലേക്കും ‘മരുമോനിസ’ വിരുദ്ധ പ്രചാരണത്തിലേക്കും പോരാട്ടം നീങ്ങുമോ എന്നാണ് രാഷ്ട്രീയ കേരളം ഇപ്പോൾ ഉറ്റുനോക്കുന്നത്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പി.എ.മുഹമ്മദ് റിയാസ് റെക്കോർഡ് ഭൂരിപക്ഷത്തോടെയാണ് ബേപ്പൂരിൽ നിന്ന് വിജയിച്ചാണ് മന്ത്രിസ്ഥാനത്ത് എത്തിയത്. 28,747 വോട്ടുകളുടെ ഭൂരിപക്ഷമാണ് അദ്ദേഹം നേടിയത്. റിയാസ് 82,165 വോട്ടുകൾ നേടിയപ്പോൾ യുഡിഎഫ് സ്ഥാനാർത്ഥി പി.എം.നിയാസ് 53,418 വോട്ടുകളും ബിജെപിയിലെ പ്രകാശ് ബാബു 26,267 വോട്ടുകളും നേടി.
ബേപ്പൂർ മണ്ഡലം രൂപീകൃതമായ കാലം മുതൽ മിക്കപ്പോഴും ഇടതുപക്ഷത്തിനൊപ്പം നിന്ന ചരിത്രമാണുള്ളത്. 1967 മുതൽ നടന്ന തിരഞ്ഞെടുപ്പുകളിൽ ഭൂരിഭാഗവും സിപിഐ(എം) ആണ് ഇവിടെ വിജയിച്ചിട്ടുള്ളത്. കെ. ചാത്തുണ്ണി മാസ്റ്റർ, ടി.കെ. ഹംസ, എളമരം കരീം, വി.കെ.സി.മമ്മദ്കോയ തുടങ്ങിയ പ്രമുഖർ ബേപ്പൂരിനെ പ്രതിനിധീകരിച്ചിട്ടുണ്ട്. 1977-ലും 1980-ലും കോൺഗ്രസിലെ എൻ.പി.മൊയ്തീൻ വിജയിച്ചതൊഴിച്ചാൽ യുഡിഎഫിന് ഇവിടെ വലിയ നേട്ടമുണ്ടാക്കാൻ കഴിഞ്ഞിട്ടില്ല.
Also Read: ഒടുവിൽ അൻവർ കാല് പിടിച്ച് യുഡിഎഫിൽ കയറി; വളയമില്ലാതെ ചാടാൻ അനുവദിക്കില്ലെന്ന് നിർദ്ദേശം
തദ്ദേശ തിരഞ്ഞെടുപ്പിൽ ഇവിടെ എൽഡിഎഫ് വോട്ടുകളിൽ വലിയ വിള്ളലുണ്ടായതായാണ് യുഡിഎഫ് വിലയിരുത്തൽ. ഇത് മുതലെടുക്കാനും മന്ത്രി റിയാസിനെതിരെ ശക്തമായ വ്യക്തിപരമായ പ്രചാരണത്തിനുമാണ് അൻവർ ലക്ഷ്യമിടുന്നത്. എന്നാൽ വികസനം മുൻനിർത്തി അൻവറിനെ പ്രതിരോധിക്കാനാണ് എൽഡിഎഫ് ശ്രമം. ചുരുക്കത്തിൽ രാഷ്ട്രീയ പാരമ്പര്യവും വികസനവും ഒരുവശത്തും, അൻവറിന്റെ രാഷ്ട്രീയനീക്കങ്ങൾ മറുവശത്തുമായി ബേപ്പൂർ ഇക്കുറി വലിയൊരു പോരാട്ടഭൂമിയാകുമെന്ന് ഉറപ്പാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here