കാമുകനുമായി ഗൂഡാലോചന നടത്തി ഭര്‍ത്താവിനെ കൊന്നു; ബിജെപി നേതാവ് മിനി നമ്പ്യാര്‍ക്ക് ജാമ്യം

കൈതപ്രത്ത് ഓട്ടോറിക്ഷാ ഡ്രൈവര്‍ കെകെ രാധാകൃഷ്ണന്‍ വെടിയേറ്റു മരിച്ച കേസില്‍ ഭാര്യ മിനി നമ്പ്യാര്‍ക്ക് ജാമ്യം. ഗൂഢാലോചന കുറ്റമായിരുന്നു ബിജെപി നേതാവായ മിനിക്കെതിരെ ചുമത്തിയത്. തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കേസിലെ മൂന്നാം പ്രതിയായിരുന്നു മിനി. സഹപാഠിയായ ഒന്നാം പ്രതി സന്തോഷുമായുള്ള പ്രണയത്തിന് തടസമായതോടെയാണ് രാധാകൃഷ്ണനെ കൊന്നതെന്നാണ് പോലീസ് കണ്ടെത്തല്‍

സന്തോഷുമായി ചേര്‍ന്ന് മിനി ഗൂഢാലോചന നടത്തിയാണ് കൊലപാതകം ആസൂത്രണം ചെയ്തത്. കൊലയ്ക്ക് ശേഷം സന്തോഷ് മിനിയുമായി ഫോണില്‍ സംസാരിച്ചതായും പോലീസ് കണ്ടെത്തിയിരുന്നു. സഹപാഠികളായ സന്തോഷും മിനിയും പൂര്‍വവിദ്യാര്‍ഥിസംഗമത്തിലാണ് വീണ്ടും കണ്ടുമുട്ടിയത്. പിന്നാലെ ഫോണിലൂടെ നിരന്തരം ബന്ധപ്പെട്ടു. അവിവാഹിതനായ സന്തോഷുമായി മിനി അടുത്തതോടെ ഭര്‍ത്താവ് രാധാകൃഷ്ണന്‍ എതിര്‍ത്തു. പിന്നാലെ രാധാകൃഷ്ണനെ സന്തോഷ് ഭീഷണിപ്പെടുത്തി. ഇത് കേസാവുകയും പരിയാരം പൊലീസ് സ്റ്റേഷനില്‍ ഇവരെ വിളിപ്പിച്ച് സംസാരിക്കുകയും ചെയ്തിരുന്നു.

ഇതോടെയാണ് രാധാകൃഷ്ണനെ കൊല്ലാന്‍ മിനിയും സന്തോഷും നീക്കം നടത്തിയതെന്നാണ് പോലീസ് കണ്ടെത്തല്‍. നിനക്ക് മാപ്പില്ല, എന്ന് ഫെയ്സ്ബുക്കില്‍ കുറിച്ച ശേഷമാണ് മാര്‍ച്ച് 20ന് സന്തോഷ് രാധാകൃഷ്ണനെ വധിച്ചത്. ഏപ്രില്‍ 29നാണ് മിനി നമ്പ്യാരെ പോലീസ് അറസ്റ്റ് ചെയ്തത്. സന്തോഷിന് തോക്ക് നല്‍കിയ സിജോ ജോസഫാണ് രണ്ടാംപ്രതി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top