രാഹുൽ ഈശ്വറിന്റെ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ; സന്ദീപ് വാര്യർക്കും ഇന്ന് നിർണ്ണായക ദിനം

രാഹുൽ ഈശ്വറിൻ്റെ ജാമ്യാപേക്ഷ ഇന്ന് തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി പരിഗണിക്കും. പാലക്കാട് എംഎൽഎയായ രാഹുൽ മാങ്കൂട്ടത്തിനെതിരെ പരാതി നൽകിയ യുവതിക്ക് നേരെ സൈബർ അതിക്രമം നടത്തി എന്നതാണ് കേസ്. അറസ്റ്റ് നിയമവിരുദ്ധമാണെന്നും, ജാമ്യമില്ലാ വകുപ്പ് ചുമത്താനുള്ള കുറ്റം താൻ ചെയ്തിട്ടില്ലെന്നുമാണ് രാഹുൽ ഈശ്വർ ജാമ്യാപേക്ഷയിൽ പ്രധാനമായും ഉന്നയിക്കുന്ന വാദം. പരാതിക്കാരിയുടെ പേരോ, മറ്റ് വിവരങ്ങളോ താൻ പരസ്യപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം ജാമ്യാപേക്ഷയിൽ വ്യക്തമാക്കിയിട്ടുണ്ട്.
Also Read : ജയിലില്‍ വെള്ളം മാത്രം കുടിച്ച് രാഹുല്‍ ഈശ്വറിന്റെ പ്രതിഷേധം; ജാമ്യം നിഷേധിച്ചതില്‍ ഇന്ന് അപ്പീല്‍ നല്‍കും
രാഹുൽ ഈശ്വറിന് ജാമ്യം അനുവദിച്ചാൽ, അദ്ദേഹം കേസിൻ്റെ തെളിവുകൾ നശിപ്പിക്കാൻ ഇടപെടാൻ സാധ്യതയുണ്ടെന്ന വാദമാകും പ്രോസിക്യൂഷൻ കോടതിയിൽ ഉന്നയിക്കുക. കേസിൽ നാലാം പ്രതിയായ കെപിസിസി ജനറൽ സെക്രട്ടറി സന്ദീപ് വാര്യർ നൽകിയ മുൻകൂർ ജാമ്യാപേക്ഷയും ഇന്ന് കോടതിയുടെ പരിഗണനയ്ക്ക് വരും. അതിജീവിതയുടെ വിവാഹഫോട്ടോ ഫേസ്ബുക്കിൽ പങ്കുവെക്കുക മാത്രമാണ് താൻ ചെയ്തതെന്നും, അത് പ്രചരിപ്പിച്ചതിൽ തനിക്ക് പങ്കില്ലെന്നുമാകും സന്ദീപ് വാര്യരുടെ പ്രധാന വാദം.
കസ്റ്റഡി കാലാവധി പൂർത്തിയാക്കിയ രാഹുൽ ഈശ്വറിനെ ഇന്നലെ കോടതിയിൽ ഹാജരാക്കിയിരുന്നു. രാഹുലിൻ്റെ കസ്റ്റഡിയിലിരിക്കെ, പോലീസ് സംഘം അദ്ദേഹത്തിൻ്റെ വീട്ടിലും ടെക്നോപാർക്കിലെ ഓഫീസിലും തെളിവെടുപ്പ് നടത്തി. അറസ്റ്റിൽ പ്രതിഷേധിച്ച് രാഹുൽ ഈശ്വർ ജയിലിൽ നിരാഹാരം തുടരുകയാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here